27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 23, 2025
April 19, 2025
April 9, 2025
April 9, 2025
April 7, 2025
April 2, 2025
February 23, 2025
February 21, 2025
February 13, 2025
December 30, 2024

കേരളത്തിൽ ഒരു മിനിറ്റ് കൊണ്ട് വ്യവസായ സംരംഭങ്ങൾ തുടങ്ങാനാകും: മന്ത്രി പി രാജീവ്

ബംഗളൂരുവിൽ മുൻനിര നിക്ഷേപകരുമായി മന്ത്രി ആശയവിനിമയം നടത്തി
Janayugom Webdesk
തിരുവനന്തപുരം
September 20, 2024 6:03 pm

ഒരു മിനിറ്റ് കൊണ്ട് എംഎസ്എംഇകൾക്ക് സംരംഭം തുടങ്ങാൻ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യവസായ, കയർ, നിയമ മന്ത്രി പി രാജീവ്. മറിച്ചുള്ള ധാരണകൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും മന്ത്രി വ്യക്തമാക്കി. കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) സഹകരണത്തോടെ കേരള സ്റ്റേറ്റ് ഇൻസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) ബംഗളൂരുവിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ മുൻനിര നിക്ഷേപകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായങ്ങൾ ആരംഭിക്കുന്നതിൽ ഏറ്റവും അനുയോജ്യ സംസ്ഥാനമായി കേരളത്തിന് മാറാൻ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തിയെന്നത് ശ്രദ്ധേയമാണ്. ഈ സർക്കാർ അധികാരമേൽക്കുമ്പോൾ വ്യവസായങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിൽ കേരളം 28-ാം സ്ഥാനത്തായിരുന്നു. എന്നാൽ പുതിയ വ്യവസായ നയവും പരിഷ്കാരങ്ങളും നടപ്പാക്കിയതിലൂടെ സംസ്ഥാനത്തിന് ഒന്നാം സ്ഥാനത്ത് എത്താനായെന്നും മന്ത്രി പറഞ്ഞു. 

സാധ്യതകളെയും വെല്ലുവിളികളെയും കോർത്തിണക്കിയുള്ള പുതിയ വ്യവസായ നയം സംസ്ഥാനം ആവിഷ്കരിച്ചു. മനുഷ്യർക്കും പ്രകൃതിക്കും പ്രഥമ പരിഗണന നൽകുന്ന പ്രകൃതി, മനുഷ്യർ, വ്യവസായം എന്നതാണ് അതിന്റെ കാതൽ. എഐ, ബ്ലോക്ക് ചെയിൻ ടെക്നോളജി, ബിഗ് ഡാറ്റ അനാലിസിസ്, മെഷീൻ ലേണിങ്, ബഹിരാകാശം, പ്രതിരോധം, ഐടി തുടങ്ങി 22 മുൻഗണനാ മേഖലകളിലെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിലാണ് സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടര വർഷം കൊണ്ട് കേരളത്തിൽ 2,90, 000 എംഎസ്എംഇകൾ സ്ഥാപിക്കാനായി. 18,000 കോടിയിലധികം പുതിയ നിക്ഷേപവും വന്നു. ഈ സംരംഭകരിൽ 92,000 പേർ വനിതകളും 30 പേർ ട്രാൻസ്ജെൻഡർമാരുമാണ്. എല്ലാ ജില്ലകളിലും എംഎസ്എംഇ ക്ലിനിക് രൂപീകരിച്ചിട്ടുണ്ട്. സംരംഭകർ നേരിടുന്ന ബിസിനസ് പ്രയാസങ്ങൾക്ക് ക്ലിനിക്കിലെ വിദഗ്ധരിൽ നിന്ന് ഉപദേശം നേടാനാകും. എംഎസ്എംഇകൾക്കുള്ള ഇൻഷുറൻസ് പ്രീമിയത്തിന്റെ 50 ശതമാനം സർക്കാർ അടയ്ക്കുന്ന ഇൻഷുറൻസ് സ്കീം നൽകുന്നത് ഉൾപ്പെടെ പുതിയ നിക്ഷേപകർക്ക് പിന്തുണ നൽകുന്ന നിരവധി സ്കീമുകൾ സർക്കാർ ലഭ്യമാക്കുന്നതായും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 25 വർഷമായി കേരളത്തിൽ ഒരു ഫാക്ടറിയുടെ പ്രവർത്തനം പോലും സമരമോ തൊഴിലാളി പ്രക്ഷോഭമോ കാരണം തടസപ്പെട്ടിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

അടുത്തവർഷം ആദ്യത്തോടെ കൊച്ചിയിൽ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന് മുന്നോടിയായി സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന റോഡ് ഷോകളുടെ ഭാഗമായാണ് ബംഗളൂരുവിൽ ചടങ്ങ് സംഘടിപ്പിച്ചത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കെഎൽഐപി ചീഫ് എക്സിക്യുട്ടീവ് ഓഫിസർ പ്രവീൺ കെ എസ്, സിഐഐ കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ വിനോദ് മഞ്ഞില, സിഐഐ കർണാടക സ്റ്റേറ്റ് കൗൺസിൽ വൈസ് ചെയർമാൻ രബീന്ദ്ര ശ്രീകണ്ഠൻ എന്നിവർ പങ്കെടുത്തു. 

എയ്റോസ്പേസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രതിരോധം, റോബോട്ടിക്സ്, ബയോടെക്നോളജി, ഇലക്ട്രിക് വാഹനങ്ങൾ, ഭക്ഷ്യ സംസ്കരണം, വിവര സാങ്കേതികവിദ്യ, ലോജിസ്റ്റിക്സ്, മാരിടൈം ബിസിനസ്, ഗവേഷണവും വികസനവും, കപ്പൽ നിർമ്മാണം, മാലിന്യ സംസ്കരണം, മെഡിക്കൽ ഉപകരണങ്ങൾ, പാക്കേജിങ്, പുനരുപയോഗ ഊർജ്ജ സ്രോതസുകൾ തുടങ്ങിയ മേഖലകളിൽ നിക്ഷേപം ആകർഷിക്കുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരള വ്യവസായ റോഡ് ഷോയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.