ഫ്രാൻസിന്റെ ദേശീയ അസംബ്ലിയിലേക്ക് ജൂലൈ ഏഴിന് നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടും സർക്കാർ രൂപീകരിക്കുന്നതിൽ ദുരൂഹമായ കാലവിളംബം വരുത്തിയ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ രണ്ടുമാസം പിന്നിട്ടതിനുശേഷം അപ്രതീക്ഷിത പ്രധാനമന്ത്രിയെ നിർദേശിച്ച് ജനഹിതത്തെ അട്ടിമറിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ്, ഇടതുപക്ഷ, പരിസ്ഥിതി പാർട്ടികൾ ചേർന്ന നവ ദേശീയ മുന്നണി (ന്യൂ പോപ്പുലർ ഫ്രണ്ട് ‑എൻഎഫ്‌പി) ക്കാണ് കൂടുതൽ സീറ്റുകൾ ലഭിച്ചത്. തീവ്ര വലതുവിജയത്തെ തടയുന്നതിന് രണ്ടാംഘട്ടത്തിൽ രൂപംകൊണ്ട എൻഎഫ്‌പി 182 സീറ്റുകൾ നേടിയപ്പോൾ പ്രസിഡന്റ് മക്രോണിന്റെ മധ്യവലതുപക്ഷ സഖ്യമായ എൻസെംബിൾ 163, നാഷണൽ റാലി 143 സീറ്റുകൾ വീതം കരസ്ഥമാക്കി. 577 അംഗ ദേശീയ അസംബ്ലിയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 289 സീറ്റുകൾ നേടാൻ ആർക്കും സാധിച്ചില്ലെന്നതിനാൽ സഖ്യസർക്കാരിനാണ് സാധ്യത പ്രവചിക്കപ്പെട്ടിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ സഖ്യത്തിനുള്ള നീക്കങ്ങളും പ്രധാനമന്ത്രിയായി നിശ്ചയിക്കേണ്ടത് ആരെയായിരിക്കണമെന്ന നിർദേശവും ഉണ്ടായെങ്കിലും ദുർബലമായ കാരണങ്ങൾ നിരത്തി പ്രധാനമന്ത്രിയെ നിയോഗിക്കുന്നത് നീട്ടിക്കൊണ്ടുപോയ മക്രോൺ തന്റെ ഇംഗിതങ്ങൾ നടപ്പിലാക്കുന്ന മന്ത്രിസഭയുടെ രൂപീകരണത്തിന് വഴിയൊരുക്കുന്നതിനായി പുതിയ പ്രധാനമന്ത്രിയെ നിർദേശിക്കുകയാണ് ചെയ്തിരിക്കുന്നത്. യാഥാസ്ഥിതിക നിലപാടുകാരനും യൂറോപ്യൻ യൂണിയൻ മുൻ ഉദ്യോഗസ്ഥനുമായ മൈക്കൽ ബാർണിയറെയാണ് നിർദേശിച്ചത്. ബ്രെക്സിറ്റ് ചർച്ചകളിലെ ഇടനിലക്കാരനായിരുന്ന മൈക്കൽ ബാർണിയർ റിപ്പബ്ലിക്കൻ പാർട്ടിയെയാണ് പ്രതിനിധീകരിക്കുന്നത്. വിധി പുറത്തുവന്നപ്പോൾ നാലാം സ്ഥാനത്തായിരുന്ന ബാർണിയറുടെ പാർട്ടിക്ക് കേവലം 5.41 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നതിൽ കാലതാമസം വരുത്തുന്നതിനെതിരെ, വിധി പുറത്തുവന്ന് രണ്ടുമാസം പൂർത്തിയാകുന്ന സെപ്റ്റംബർ ഏഴിന് വിദ്യാർത്ഥി സംഘടനകൾ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബാർണിയറെ നിയോഗിച്ചുള്ള മക്രോണിന്റെ പ്രഖ്യാപനമുണ്ടായത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഫ്രാൻസിലെ എല്ലാ ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. വിധി പുറത്തുവന്നതു മുതൽ ജനാധിപത്യ വിരുദ്ധമായ നിലപാടുകളാണ് മക്രോണിന്റെ ഭാഗത്തുനിന്നുണ്ടായത്. നവ ദേശീയ മുന്നണി വിജയിച്ചുവെന്ന് സമ്മതിക്കാൻ ആദ്യം വിസമ്മതിച്ച മക്രോൺ, മുന്നണി ലൂസി കാസ്റ്റെറ്റ്സിനെ നിർദേശിക്കാന്‍ തീരുമാനിച്ചപ്പോൾ അത് തള്ളിക്കളയുകയും ചെയ്തു. മറ്റ് പേരുകളും അംഗീകരിക്കുവാൻ അദ്ദേഹം തയ്യാറായില്ല. ഇതിനെല്ലാമൊടുവിലാണ് മക്രോൺ തന്നിഷ്ടപ്രകാരമുള്ള തീരുമാനമെടുത്തത്. ജനാധിപത്യ പ്രക്രിയയിൽ ഏറ്റവും കൂടുതൽ സീറ്റ് ലഭിച്ച പാർട്ടിയുടെയോ സഖ്യത്തിന്റെയോ പ്രതിനിധിക്ക് പകരമാണ് നാലാം സ്ഥാനത്തുള്ള പാർട്ടി പ്രതിനിധിയെ നിർദേശിച്ചിരിക്കുന്നത്. ഇടതുപക്ഷ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഫ്രാൻസിനെ സംബന്ധിച്ച നിർണായകമായ തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക, തീവ്ര നിലപാടുകളെ നിരാകരിക്കുന്ന വിധിയാണ് ജനങ്ങൾ രേഖപ്പെടുത്തിയത്. പെൻഷൻ പരിഷ്കരണം, വർധിച്ചുവരുന്ന ജീവിതച്ചെലവ്, പൊതുസേവനങ്ങൾ വെട്ടിക്കുറയ്ക്കൽ എന്നിവയ്ക്കെതിരായുള്ള വിധിയാണുണ്ടായത്. ആ വിധിയെ മാനിക്കാതെയാണ് പുതിയ പ്രധാനമന്ത്രിയെ മക്രോൺ നിർദേശിച്ചിരിക്കുന്നത്. അതിലൂടെ ജനം തള്ളിക്കളഞ്ഞ തന്റെ നിലപാടുകൾ വളഞ്ഞവഴിയിലൂടെ നടപ്പിലാക്കുന്നതിനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. ഗർഭച്ഛിദ്ര സംരക്ഷണത്തിനായി പൊതു ഫണ്ടിങ്, സ്വവർഗരതിയെ കുറ്റവിമുക്തമാക്കുന്നതിനെ എതിർക്കുന്നതുൾപ്പെടെ പ്രത്യേക ഗ്രൂപ്പുകളുടെ മനുഷ്യാവകാശ സംരക്ഷണം തുടങ്ങിയ നയങ്ങൾക്കെതിരെ വോട്ടുചെയ്ത ബാർണിയർ, യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് ജനകീയ എതിർപ്പ് അവഗണിച്ച് ചെലവുചുരുക്കലിനെ അനുകൂലിക്കുകയും സമ്പന്നാനുകൂല നയങ്ങൾക്കായി വാദിക്കുകയും ചെയ്ത വ്യക്തിയുമാണ്.
നാലാം സ്ഥാനത്തുള്ള കക്ഷിയുടെ പ്രതിനിധിയായ ബാർണിയറെ വാഴിച്ചുകൊണ്ട് മക്രോണിന്റെ സഖ്യമായ എൻസെംബിളിന്റെ നയങ്ങൾ നടപ്പിലാക്കാമെന്ന ഉദ്ദേശ്യമാണ് ഇതിന് പിന്നിലെന്നത് വ്യക്തമാണ്. കാരണം തീവ്രവലതുപക്ഷ നിലപാടുകളുള്ള ബാർണിയർക്ക് മക്രോണിന്റെ നയങ്ങളുടെ സംരക്ഷകനാകുന്നതിന് തടസമുണ്ടാകുകയുമില്ല. പേര് നിർദേശിച്ചപ്പോൾത്തന്നെ കുടിയേറ്റങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്നാണ് ബാർണിയർ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധിക്കണം. ഏതായാലും ജനാധിപത്യവിരുദ്ധമായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾക്കാണ് ഫ്രാൻസ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ബാർണിയറുടെ നാമനിർദേശം ജനവിധിക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് നൂറുകണക്കിന് പ്രകടനങ്ങൾ ഇതിനകം തന്നെ നടന്നു. ഇതിനൊപ്പം പ്രസിഡന്റ് മക്രോണിനെതിരായ ഇംപീച്ച്മെന്റ് നടപടികൾക്കായുള്ള ഒപ്പുശേഖരണം രണ്ടര ലക്ഷം കടന്നു. ബാർണിയറുടെ പ്രധാനമന്ത്രിപദത്തെ അസംബ്ലിക്കകത്തും പുറത്തും ശക്തമായി എതിർക്കുമെന്ന് എൻഎഫ്‌പി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും വലിയ ജനാധിപത്യഹത്യ നടത്തി പ്രധാനമന്ത്രിയെ വാഴിക്കാൻ ശ്രമിക്കുന്ന മക്രോൺ, ഫ്രാൻസിന്റെ ജനാധിപത്യം മാത്രമല്ല, ക്രമസമാധാനം കൂടി അട്ടിമറിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.