ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻമുന്നേറ്റം.നിലവിൽ അഞ്ച് വാർഡുണ്ടായിരുന്ന എൽഡിഎഫ് സീറ്റുനില പത്തായി ഉയർത്തി. 13 സീറ്റുണ്ടായിരുന്ന യുഡിഎഫിന് പത്തായി ചുരുങ്ങി. ബിജെപിയുടെ നാല് വാർഡായിരുന്നത് മൂന്നായി.
എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തതോടെ ഭരണം യുഡിഎഫിന് നഷ്‌ടമായി.തിരുവനന്തപുരം ജില്ലയിൽ കോർപ്പറേഷനിലെ അടക്കം രണ്ട് ബിജെപി വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തു.യുഡിഎഫിൽ നിന്ന് നാല് വാർഡുകളും ബിജെപിയിൽ നിന്ന് മൂന്ന് വാർഡുകളും എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിന്റെ ഒരു വാർഡിൽ കോൺഗ്രസും ഒരു വാർഡിൽ ബിജെപിയും ജയിച്ചു.
പത്തനംതിട്ടയിൽ കഴിഞ്ഞതവണ സ്വതന്ത്രൻ ജയിച്ച വാർഡിലും ഇത്തവണ യുഡിഎഫിന് ജയിക്കാനായി.നെടുമ്പാശ്ശേരി പഞ്ചായത്തിലെ കൽപ്പക നഗറാണ് എൽഡിഎഫ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്ന കോൺഗ്രസിലെ സന്ധ്യാ നാരായണപിള്ള പ്രസിഡൻ്റുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രാജിവച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഇരു മുന്നണിക്കും 9 വീതമായിരുന്നു കക്ഷിനില. ഇപ്പോൾ എൽഡിഎഫിന് ഭൂരിപക്ഷമായി.തിരുവനന്തപുരം കോർപ്പറേഷനിൽ വെള്ളാർ വാർഡാണ് ബിജെപിയിൽ നിന്ന് പിടിച്ചത്. രാമക്ഷേത്രമടക്കം ഉപയോഗിച്ച് വലിയ വർഗീയ പ്രചരണം സംഘടിപ്പിച്ചിട്ടും ബിജെപി ഇവിടെ തോറ്റു.
ബിജെപി അംഗത്തിന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.ഒറ്റശേഖരമംഗലം പഞ്ചായത്ത് കുന്നനാട് വാർഡും ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചു. ഒ ശ്രീലജയാണ് വിജയി. കഴിഞ്ഞ തവണ ഇവർ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന എസ് ശാലിനിയായിരുന്നു ഇക്കുറി ബിജെപി സ്ഥാനാർത്ഥി. കഴിഞ്ഞ തവണ 264 വോട്ട് കിട്ടിയ കോൺഗ്രസിന്റെ സ്ഥാനാർത്ഥിക്ക് ഇത്തവണ 77 വോട്ട് മാത്രമാണ് കിട്ടിയത്.വൻതോതിൽ കോൺഗ്രസ് വോട്ട് ബിജെപിക്ക് മറിച്ചിട്ടും അത് മറികടന്നാണ് എൽഡിഎഫ് വിജയം.
കഴിഞ്ഞതവണ 364 വോട്ടു കിട്ടിയ എൽഡിഎഫിന് ഇക്കുറി 545 വോട്ടായി. 59 വോട്ടാണ് ഭൂരിപക്ഷം.കൊല്ലം ജില്ലയിലെ ചടയമംഗലം പഞ്ചായത്തിലെ കുരിയോടു വാർഡും ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ പി എസ് സുനിൽകുമാറാണ് എൽഡിഎഫ് വിജയി. ബിജെപിയിലെ കെആർ ജയകുമാർ രാജിവെച്ചതിനെതുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. തൃശൂർ ജില്ലയിലെ മുല്ലശ്ശേരി‘പഞ്ചായത്ത് ഊരകം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചു. കോൺഗ്രസ് അംഗത്തിൻ്റെ മരണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. വി എം മനീഷാണ് വിജയി.പാലക്കാട് ജില്ലയിൽ എരുത്തേമ്പതി പഞ്ചായത്തിലെ പിടാരിമേട് വാർഡും യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചു.
എൽഡിഎഫ് പിന്തുണച്ച റൈറ്റ് ബ്ലോക്ക് കനാൽ (ആർബിസി) സഖ്യത്തിന്റെ സ്വതന്ത്ര സ്ഥാനർഥി മാർട്ടിൻ ആൻ്റണി 451 വോട്ടിന് വിജയിച്ചു. 54 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ യുഡിഎഫിലെ ലാസർ വിജയിച്ചത്. ലാസറിന്റെ മരണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.കണ്ണൂർ ജില്ലയിൽ മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് മമ്മാക്കുന്ന് അഞ്ചാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫ് യുഡിഎഫ് വാർഡ് പിടിച്ചെടുത്തു. എ സി നസിയത്ത് ബീവി 12 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. വിജയിച്ച കോൺഗ്രസ് അംഗം മരിച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.
എറണാകുളം ജില്ലയിലെ എടവനക്കാട് പഞ്ചായത്തിലാണ് കഴിഞ്ഞ തവണ എൽഡിഎഫ് ജയിച്ച വാർഡിൽ ഇക്കുറി യുഡിഎഫിന് വിജയം നേടാനായത്. പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം പഞ്ചായത്ത് ഒമ്പതാം വാർഡിൽ കഴിഞ്ഞ തവണ സ്വതന്ത്രൻ ജയിച്ച വാർഡിലും ഇക്കുറി കോൺഗ്രസിനാണ് വിജയം. ആലപ്പുഴ ജില്ലയിലെ വെളിയനാട് പഞ്ചായത്തിൽ ഒരു വോട്ടിനാണ് എൽഡിഎഫ് വാർഡ് ബിജെപി പിടിച്ചത്. കോൺഗ്രസ് ഇവിടെ നാലാംസ്ഥാനത്താണ്.
English Summary:
By-election: LDF seat doubled; Seven seats were captured
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.