പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കോൺഗ്രസിലും ബിജെപിയിലും പോര് തുടങ്ങി. ഇരുപാർട്ടികളിലെയും വിരുദ്ധ വിഭാഗങ്ങൾ അവരവർക്ക് താല്പര്യമുള്ളവരെ സ്ഥാനാർത്ഥിയായി നിർദേശിച്ച് നേതൃത്വത്തെ സമീപിക്കുന്ന തിരക്കിലാണ്.
രാഹുൽ മാങ്കൂട്ടത്തെ സ്ഥാനാർത്ഥിയായി ഷാഫി പറമ്പിൽ നിർദേശിച്ചതോടെയാണ് കോൺഗ്രസിലെ അങ്കത്തിന് തുടക്കമായത്. ജില്ലയ്ക്ക് പുറത്തു നിന്നാരെയും കെട്ടിയിറക്കേണ്ടതില്ലെന്ന് ഡിസിസി നേതൃത്വം നിലപാടെടുത്തതോടെ തർക്കം മുറുകി. സ്ഥാനാർത്ഥിത്വം പിന്തുടർച്ചാവകാശം പോലെയാക്കരുതെന്നും ജനാധിപത്യ മര്യാദ പാലിക്കണമെന്നും ആവശ്യപ്പെട്ട്, സ്ഥാനാർത്ഥിയാകാൻ രംഗത്തുള്ള ഡോ. പി സരിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിനെ കണ്ടു.
മറുവിഭാഗവും കരുതിക്കൂട്ടിത്തന്നെയാണ്. ഷാഫി പറമ്പിലിന്റെ പിന്തുണയോടെ ചരടുവലി ശക്തമാക്കി അവരും സജീവമാണ്. രണ്ടുപക്ഷവും വിജയം സുനിശ്ചിതമാണെന്ന അവകാശവാദത്തിലുമാണ്. ഇതിനിടെ, ഒരുവിഭാഗം കെ മുരളീധരനു വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്.
മറ്റാെരു മണ്ഡലമായ ചേലക്കരയിലാകട്ടെ, ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നങ്ങൾ കോൺഗ്രസിൽ കുറെക്കൂടി ചൂടുപിടിച്ചിരിക്കുകയാണ്. ഡിസിസി നേതൃത്വം തോല്പിച്ചുവെന്ന് സ്ഥാനാർത്ഥിയായിരുന്ന രമ്യാ ഹരിദാസും, സ്ഥാനാര്‍ത്ഥിയുടെ തൻപ്രമാണിത്തമാണ് തോൽവിക്ക് കാരണമായതെന്ന് നേതൃത്വവും പരസ്പരം പഴിചാരിയതോടെയായിരുന്നു കലഹത്തിന് തുടക്കം. പിന്നാലെ ഡിസിസി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പോസ്റ്ററുകളും നിറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി കേൾക്കുന്ന പേരും രമ്യയുടേതാണ്.
കോൺഗ്രസിലേതിലും രൂക്ഷമാണ് പാലക്കാട്ടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ബിജെപിയിലെ പ്രശ്നങ്ങൾ. വലിയൊരു വിഭാഗം ഉയർത്തിക്കാട്ടുന്നത് ശോഭാ സുരേന്ദ്രനെയാണ്. ശോഭയെ വെട്ടാൻ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കാനുറച്ച് ഔദ്യോഗിക വിഭാഗം മറുവശത്ത്. ശോഭാഅനുകൂലികളെ അറിയിക്കാതെ മുൻ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ രഹസ്യ യോഗം കൂടി, മൂന്ന് പേരടങ്ങുന്ന പട്ടിക കേന്ദ്ര നേതൃത്വത്തിന് സമർപ്പിക്കാൻ തീരുമാനിച്ചതായാണ് വിവരം. ഇതില്‍ ശോഭയുടെ പേരില്ല. ആ പേര് ആരും നിർദേശിച്ചില്ലെന്ന് വരുത്തിത്തീർക്കാനാണ് യോഗത്തിൽ നിന്ന് ശോഭാ പക്ഷത്തെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ പ്രസിഡണ്ട് കെ എം ഹരിദാസ് എന്നീ പേരുകളാണ് ഔദ്യോഗിക പക്ഷത്തിന്റെ പട്ടികയിലുള്ളത്. അതേസമയം, ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ തീരുമാനിച്ചാൽ അതിനെതിരെ ഒരു കൈ നോക്കാൻ തീരുമാനിച്ചുറപ്പിച്ച് തന്നെയാണ് ശോഭാപക്ഷത്തിന്റെ നീക്കവും. പാലക്കാട് സീറ്റ് തനിക്കാണെന്ന സൂചന നൽകാനും അത്തരമൊരു ധാരണ പരത്താനും, ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മണ്ഡലത്തിലെത്തി കെ സുരേന്ദ്രനും ചില കരുനീക്കങ്ങളൊക്കെ നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.