17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

August 17, 2024
August 16, 2024
August 12, 2024
August 2, 2024
July 30, 2024
July 30, 2024
July 28, 2024
July 28, 2024
July 27, 2024
July 26, 2024

സി അച്യുതമേനോൻ: രാഷ്ട്രീയത്തിന്റെ നിർമല മുഖം

കാനം രാജേന്ദ്രന്‍
August 15, 2022 5:15 am

വകേരള ശില്പി, സ്വാതന്ത്ര്യ സമര നായകൻ, കമ്മ്യൂണിസ്റ്റ് നേതാവ്, മികച്ച പാർലമെന്റേറിയൻ, എഴുത്തുകാരൻ… ഈ നിലകളിലെല്ലാം അച്യുതമേനോൻ പതിപ്പിച്ച ജീവിത മുദ്രകൾ എക്കാലവും ഓർമ്മിക്കപ്പെടും. രാജ്യത്തോടും ജനങ്ങളോടും സത്യസന്ധമായ കൂറു പുലർത്തുന്ന ഒരു കമ്മ്യൂണിസ്റ്റ് ഭരണാധികാരി എങ്ങനെയായിരിക്കണമെന്ന് അച്യുതമേനോൻ തന്റെ ജീവിതത്തിലൂടെ പ്രവർത്തിച്ച് കാണിച്ചു. തിരു-കൊച്ചിയിൽ നിയമസഭാ സാമാജികനായിരുന്നപ്പോഴും കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ ധനകാര്യമന്ത്രിയായിരുന്നപ്പോഴും അത് വ്യക്തമായിട്ടുണ്ട്. രാജ്യസഭാംഗമായിരുന്നപ്പോൾ കേരളത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും പഠിച്ച് സഭയിൽ അവതരിപ്പിക്കുന്നതോടൊപ്പം രാജ്യത്തെയാകെ മുന്നിൽക്കണ്ടുള്ള നിലപാടുകളും അദ്ദേഹം സ്വീകരിച്ചു.
എട്ടു പതിറ്റാണ്ടോളം ദൈർഘ്യമുള്ള ആ ധന്യമായ ജീവിതം അവിസ്മരണീയമായ പല പടവുകളിലൂടെ മുന്നോട്ട് സഞ്ചരിച്ചു. പരീക്ഷകളിലെല്ലാം ഒന്നാമനായി വിജയം നേടിയ വിദ്യാർത്ഥി, ഭരണരംഗത്തും അദ്വിതീയമായ സ്ഥാനം നിലനിർത്തി. കേരള വികസന മാതൃകയ്ക്ക് പലരും അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും അക്ഷരാർത്ഥത്തിൽ അതിലൂടെ കേരളത്തിൽ നടപ്പിലാക്കിയതെന്താണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ മുഖ്യമന്ത്രിയാണ് സി അച്യുതമേനോൻ.


ഇതുകൂടി വായിക്കൂ: അച്യുതമേനോന്‍ സര്‍ക്കാരിന്റെ കേരള മോഡല്‍


കേരളം ഒരു സംസ്ഥാനമായി രൂപീകൃതമായിട്ട് 66 വർഷങ്ങൾ പിന്നിടുമ്പോൾ സി അച്യുതമേനോൻ തുടങ്ങിവച്ച സമഗ്രമായ വികസന പരിപാടികൾ കേരളത്തെ എത്രമാത്രം പരിവർത്തനപ്പെടുത്തി എന്ന് വിലയിരുത്തുന്നത് ഭാവി കേരളത്തിന് ഗുണകരമാണ്. മുന്നിലേക്കും പിന്നിലേക്കും നോക്കുമ്പോൾ മറ്റൊരു സര്‍ക്കാരിനും നടപ്പിലാക്കാൻ കഴിയാത്ത നിരവധി വികസന പദ്ധതികളും സ്ഥാപനങ്ങളുടെ നിർമ്മിതികളും ഭരണപരിഷ്കാരങ്ങളും വിഭാവനം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ക്രാന്തദർശിയായ അച്യുതമേനോന് കഴിഞ്ഞു. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പാർപ്പിടം, വനം, പരിസ്ഥിതി സംരക്ഷണം, ജലപരിപാലനം, ശാസ്ത്രസാങ്കേതിക വിദ്യ എന്നിങ്ങനെയുള്ള മേഖലകളിൽ സമഗ്രമായ വികസനത്തിന് അടിത്തറയിട്ടത് സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. കെൽട്രോൺ, ശ്രീചിത്ര മെഡിക്കൽ സെന്റർ, സെന്റർ ഫോർ ഡെലവപ്മെന്റ് സ്റ്റഡീസ്, കാർഷിക സർവകലാശാല, കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാല, ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം, ഹൗസിങ് ബോർഡ്, ഔഷധി, സപ്ലൈകോ, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പ്ലാനിങ് ബോർഡ്, കെഎസ്എഫ്ഡിസി തുടങ്ങി 45 ഓളം സ്ഥാപനങ്ങൾ അച്യുതമേനോന്റെ കാലത്ത് പിറവികൊണ്ടു. പൊതുമേഖലയുടെ ശക്തനായ വക്താവായിരുന്നു അച്യുതമേനോൻ. കേരളത്തിന്റെ വ്യവസായവല്ക്കരണരംഗത്ത് അത് അദ്ദേഹം പ്രാവർത്തികമാക്കി കാണിച്ചുകൊടുത്തു. അതുപോലെ പശ്ചാത്തലവികസനം അച്യുതമേനോൻ സർക്കാരിന്റെ അജണ്ടകളിൽ മുഖ്യസ്ഥാനം പിടിച്ചിരുന്നു. ഇടുക്കി ജലവൈദ്യുതി പദ്ധതി പൂർത്തീകരിച്ചുകൊണ്ട് കേരളം സമ്പൂർണ വൈദ്യുത സംസ്ഥാനമായി മാറി. അന്നത്തെ വൈദ്യുതി മന്ത്രി എം എൻ ആയിരുന്നു എന്നത് മറക്കാൻ കഴിയില്ല.


ഇതുകൂടി വായിക്കൂ: ലാളിത്യത്തിന്റെ പ്രതിരൂപം


1970 ജനുവരി ഒന്നിന് സി അച്യുതമേനോൻ സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണത്തിന്റെ പ്രാധാന്യം നാം ധാരാളം ചർച്ച ചെയ്തിട്ടുള്ളതാണ്. ആരൊക്കെ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യയിൽ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ജന്മിത്വം പൂർണമായും അവസാനിപ്പിക്കുവാൻ കഴിഞ്ഞിട്ടുള്ളത് കേരളത്തിനു മാത്രമാണ്.
കേരളത്തിലെ സാമാന്യ ജനങ്ങളുടെ നിത്യജീവിതത്തെ നേരിട്ടു ബാധിക്കുന്ന എത്രയോ പരിഷ്കാരങ്ങൾ വേറെയും എടുത്തു പറയാനുണ്ട്. ഒരു ഹൈസ്കൂൾ എങ്കിലും ഇല്ലാത്ത പഞ്ചായത്തുകളെ കണ്ടെത്തി അവിടെയെല്ലാം ഹൈസ്കൂൾ സ്ഥാപിച്ചതും പഞ്ചായത്തുകൾ തോറും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചതും അഭിമാനകരമായ നേട്ടങ്ങളാണ്. ഇത് കേരളത്തിന്റെ വിദ്യാഭ്യാസ — ആരോഗ്യരംഗത്തിന് ശക്തമായ അടിത്തറ പാകി. പാർപ്പിടം അവകാശമായി അംഗീകരിക്കുകയും വീടില്ലാത്തവർക്ക് അത് പണിത് കൊടുക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനാണെന്ന് അംഗീകരിച്ചുകൊണ്ട് എം എൻ ആവിഷ്കരിച്ച് നടപ്പിലാക്കിയ ലക്ഷംവീട് പദ്ധതിക്ക് ആഗോള അംഗീകാരമാണ് ലഭിച്ചത്.
സമ്പന്ന വിഭാഗങ്ങളെ മാത്രം മനസിൽക്കാണുന്ന വികസന പദ്ധതികളിൽ വിഭ്രമിക്കുന്ന ഭരണകർത്താവായിരുന്നില്ല അച്യുതമേനോൻ. മറ്റ് പല ഭരണാധികാരിയിൽ നിന്നും അച്യുതമേനോനെ വ്യത്യസ്തമാക്കുന്നത് അദ്ദേഹത്തിന്റെ ഈ വ്യക്തിത്വമാണ്. ലക്ഷംവീട്, മിച്ചഭൂമി വിതരണം കർഷക തൊഴിലാളി നിയമം ഗ്രാറ്റ്യുവിറ്റി നിയമം തുടങ്ങിയ ജനകീയവും ജനക്ഷേമപരവുമായ പദ്ധതികളുടെ തുടക്കം അച്യുതമേനോന്റെ കാലയളവിലാണ്. എല്ലാ ക്ഷേമവികസന പദ്ധതികളിലും 50 ശതമാനം വിഹിതം ദളിത് വിഭാഗങ്ങൾക്കായി നീക്കി വയ്ക്കുന്നതിൽ അച്യുതമേനോൻ ശ്രദ്ധാലുവായിരുന്നു.
ഒരു നയാപൈസ പോലും പ്രതിഫലം നൽകാതെ കേരളത്തിലെ സ്വകാര്യ വനങ്ങൾ മുഴുവൻ ദേശസാല്ക്കരിച്ച നടപടി വിപ്ലവകരവും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയുമായിരുന്നു.


ഇതുകൂടി വായിക്കൂ: പത്രാധിപര്‍


ഡോ. കെ എൻ രാജ, കെ പി പി നമ്പ്യാർ, ഡോ. എം എസ് വല്യത്താൻ തുടങ്ങിയ നിരവധി പ്രതിഭകളെ കേരളത്തിലേക്ക് ക്ഷണിച്ചു കൊണ്ടു വരുകയും അവരുടെ കഴിവുകളെ അദ്ദേഹം കേരളത്തിന് പ്രയോജനപ്പെടുത്തുകയും ചെയ്തു. ആഗോളതലത്തിൽ പ്രശസ്തനായ ഡോ. കെ എൻ രാജിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച അന്തർദ്ദേശീയ നിലവാരമുള്ള കേന്ദ്രമായി മാറിയ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് 1975 ഐക്യരാഷ്ട്ര സംഘടനയുടെ ധനസഹായത്തോടെ കേരള വികസനത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്തുകയുണ്ടായി. ദാരിദ്ര്യം, തൊഴിലില്ലായ്മ, വികസന നയം- കേരളത്തെക്കുറിച്ചുള്ള പഠനം (പോവര്‍ട്ടി, അണ്‍എംപ്ലോയ്മെന്റ് ആന്റ് ഡെവലപ്മെന്റ് പോളിസി: എ കേസ് സ്റ്റഡി ഓഫ് സെലക്ടഡ് ഇഷ്യൂസ് വിത്ത് റഫറന്‍സ് ടു കേരള) എന്ന ഗവേഷണത്തിന്റെ പ്രധാന നിഗമനം ചൈന, ക്യൂബ, കോസ്റ്ററിക്ക, കേരളം എന്നീ പ്രദേശങ്ങൾ (റീജിയൻസ്) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നുവെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം ജീവിത നിലവാരം ഉൾപ്പെടെയുള്ള മാനവ വികസന രംഗത്ത് വൻ പുരോഗതി പ്രകടമാക്കുന്നു എന്നാണ്. അമേരിക്കയിലെ ചില ഫെഡറൽ സ്റ്റേറ്റുകളെക്കാളും വികസിത രാജ്യങ്ങളുമായി കിടപിടിക്കുന്ന ആരോഗ്യ വിദ്യാഭ്യാസ സൂചകങ്ങളാണ് കേരളത്തിനുള്ളത്. അക്കാലത്തെ വികസന അനുഭവത്തെയാണ് കേരള വികസന മാതൃകയായി അമർത്യാ സെന്നിനെപ്പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞന്മാർ വിലയിരുത്തിയത്. കേരളത്തിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങൾക്കൊന്നുമില്ലാത്ത കേരളത്തിന്റെ തനതായ വികസന നയവും പരിപാടിയും കൊണ്ടു മാത്രമാണ്. ആ വികസന പന്ഥാവാകട്ടെ വെട്ടിത്തുറന്നത് അച്യുതമേനോൻ സര്‍ക്കാരും അതിന്റെ രാഷ്ട്രീയ നേതൃത്വവുമാണ്.
മെയിൻ സ്ട്രീമിന്റെ പത്രാധിപരും പ്രമുഖ മാർക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന നിഖിൽ ചക്രവർത്തിയുടെ അഭിപ്രായത്തിൽ ‘ഭീകരമായ രാഷ്ട്രീയ കൊടുങ്കാറ്റുകളെ ശക്തമായി നേരിടുന്നതിൽ നല്ല തന്റേടം കാണിക്കുന്ന ധീരനായ ഒരു നേതാവായിരുന്നു അച്യുതമേനോൻ. വാസ്തവത്തിൽ എതിർപ്പുകളുടെ നടുവിലാണ് അദ്ദേഹം ശരിക്കും ശോഭിച്ചത്. അതേസമയം രാഷ്ട്രീയത്തിന്റെ നൈർമ്മല്യ മുഖശോഭയും അദ്ദേഹത്തിൽ നമുക്ക് കാണാൻ കഴിയുമായിരുന്നു’. — നിഖിൽ ചക്രവർത്തിയുടെ ഈ നിരീക്ഷണം പൂര്‍ണമായും ശരിയാണ്.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.