23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

സി വിജില്‍: ഒരുലക്ഷത്തിലധികം പരാതികള്‍

Janayugom Webdesk
തിരുവനന്തപുരം
April 7, 2024 11:27 pm

ലോ‌ക‌്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സജ്ജമാക്കിയ സി വിജില്‍ (cVIG­IL) മൊബൈല്‍ ആപ്പ് വഴി സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 1,07,202 പരാതികള്‍. ഇവയില്‍ അന്വേഷണത്തില്‍ ശരിയെന്ന് കണ്ടെത്തിയ 1,05,356 പരാതികളില്‍ നടപടി എടുത്തു. 183 പരാതികളില്‍ നടപടി പുരോഗമിക്കുന്നതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച 93,540 പരാതികള്‍ ലഭിച്ചപ്പോള്‍ വസ്തുവകകള്‍ വികൃതമാക്കിയത് സംബന്ധിച്ച് 5,908 പരാതികള്‍ ഉണ്ടായി. നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍ സംബന്ധിച്ച 2,150 പരാതികളും അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനെക്കുറിച്ച് 177 പരാതികളും ലഭിച്ചു. പണവിതരണം (29), മദ്യവിതരണം (32), സമ്മാനങ്ങള്‍ നല്‍കല്‍ (24), ആയുധപ്രദര്‍ശനം (110), വിദ്വേഷപ്രസംഗം (19), സമയപരിധി കഴിഞ്ഞ് സ്പീക്കര്‍ ഉപയോഗിക്കല്‍ (10) തുടങ്ങിയവ സംബന്ധിച്ച പരാതികളും സി വിജില്‍ വഴി ലഭിച്ചു. പരാതികളില്‍ വസ്തുതയില്ലെന്ന് കണ്ട് 1,663 പരാതികള്‍ തള്ളിയെന്നും സഞ്ജയ് കൗള്‍ അറിയിച്ചു.

പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച ഏതുതരം പരാതികളും അപ്പപ്പോള്‍ സി വിജില്‍ (സിറ്റിസണ്‍സ് വിജില്‍) ആപ്ലിക്കേഷനിലൂടെ അയക്കാമെന്ന് മുഖ്യതെരഞ്ഞടുപ്പ് ഓഫിസര്‍ അറിയിച്ചു. ആപ്പ് വഴി അയക്കുന്ന പരാതികളിന്മേല്‍ ഉടനടി നടപടി എടുക്കും. ചട്ടലംഘനങ്ങളുടെ ഫോട്ടോ, രണ്ടുമിനിറ്റില്‍ കൂടാത്ത വീഡിയോ എന്നിവ സഹിതം ചെറുകുറിപ്പോടെ നല്‍കുന്ന പരാതികള്‍ക്ക് 100 മിനിറ്റിനുള്ളില്‍ നടപടിയുണ്ടാവും. 

സി വിജില്‍ വഴി അയക്കുന്ന പരാതികള്‍ ജില്ലാ കളക്ടറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂമിലാണ് എത്തുക. പരാതികള്‍ ലഭിച്ച പ്രദേശങ്ങളില്‍ ആ സമയത്തുള്ള നിരീക്ഷണ സ്‌ക്വാഡുകള്‍ക്ക് ഉടന്‍ വിവരം കൈമാറും. പരാതിയെക്കുറിച്ച് അന്വേഷണം നടത്തി 30 മിനിറ്റുകള്‍ക്കകം ഫീല്‍ഡ് സ്‌ക്വാഡ് വിവരം ജില്ലാതല കേന്ദ്രത്തിന് കൈമാറും. ഇതനുസരിച്ച് ജില്ലാതലത്തില്‍ നടപടിയെടുക്കേണ്ട വിഷയങ്ങളില്‍ ഉടന്‍ തന്നെ നടപടിയെടുക്കും. അല്ലാത്ത വിഷയങ്ങള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസിന് കൈമാറുകയാണ് ചെയ്യുക. സ്വീകരിച്ച നടപടി ഉടന്‍ പരാതിക്കാരനെ അറിയിക്കുകയും ചെയ്യും.
ഓരോ പരാതിയുടെയും നിലവിലെ സ്ഥിതി സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് മനസിലാക്കുന്നതിനുള്ള സംവിധാനവും നിലവിലുണ്ട്.

Eng­lish Sum­ma­ry: C Vig­il: More than one lakh complaints

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.