8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

September 20, 2024
August 10, 2024
April 5, 2024
March 30, 2024
March 28, 2024
March 28, 2024
March 19, 2024
March 18, 2024
March 17, 2024
March 16, 2024

സിഎഎ: ജപ്തി നടപടികളില്‍ യുപി സര്‍ക്കാരിന് വന്‍ തിരിച്ചടി

Janayugom Webdesk
ന്യൂഡല്‍ഹി
February 18, 2022 10:46 pm

സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരെയുള്ള ജപ്തി നടപടികളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വന്‍ തിരിച്ചടി. പ്രതിഷേധിച്ചവരുടെ സ്വത്ത് പിടിച്ചെടുത്ത നടപടി റദ്ദാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പൊതുമുതല്‍ നശിപ്പിച്ചുവെന്ന പേരില്‍ ആദിത്യനാഥ് സര്‍ക്കാര്‍ പിടിച്ചെടുത്ത എല്ലാ സ്വത്തുകളും തിരികെ നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പിന്‍വലിച്ചില്ലെങ്കില്‍ നോട്ടീസ് കോടതി റദ്ദാക്കുമെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിചാരണയും വിധി പുറപ്പെടുവിക്കലും സര്‍ക്കാര്‍ തന്നെ നിര്‍വഹിക്കാന്‍ തുടങ്ങിയോ എന്നും കോടതി നിരീക്ഷിച്ചിരുന്നു.

ജപ്തി നോട്ടീസ് ലഭിച്ച പര്‍വേസ് ആരിഫ് ടിറ്റു നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇടപെടല്‍. അതേസമയം പ്രക്ഷോഭകര്‍ക്കെതിരെ ആരംഭിച്ച 274 റിക്കവറി നോട്ടീസുകളും നടപടികളും പിന്‍വലിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 2019 ഡിസംബര്‍ 21‑നാണ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. ആറ് വര്‍ഷം മുമ്പ് 94 വയസില്‍ മരിച്ച ഒരാള്‍ക്കും 90 വയസിന് മുകളിലുള്ള രണ്ട് പേര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കും ഇത്തരം നോട്ടീസ് അയച്ചതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

റിക്കവറി നോട്ടീസുകള്‍ക്ക് പുറമേ, കലാപകാരികളെന്ന് ആരോപിക്കപ്പെടുന്ന പോസ്റ്ററുകളും സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ പതിച്ചിരുന്നു. റീഫണ്ട് നല്‍കുന്നതിന് പകരം ക്ലെയിം ട്രിബ്യൂണലിനെ സമീപിക്കാന്‍ പ്രതിഷേധക്കാരെയും സംസ്ഥാന സര്‍ക്കാരിനെയും അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ശരിയായ നടപടിക്രമങ്ങള്‍ പാലിച്ച് നോട്ടീസ് പുറപ്പെടുവിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. ഇതുപ്രകാരം 2020 ഓഗസ്റ്റ് 31ന് വിജ്ഞാപനം ചെയ്ത പുതിയ നിയമപ്രകാരം പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയും. ഒരു വര്‍ഷം വരെ തടവും ഒരുലക്ഷം രൂപവരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.

eng­lish sum­ma­ry; CAA: A major set­back for the UP gov­ern­ment in the con­fis­ca­tion proceedings

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.