23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 20, 2024
August 10, 2024
April 5, 2024
March 30, 2024
March 28, 2024
March 28, 2024
March 19, 2024
March 18, 2024
March 17, 2024
March 16, 2024

സിഎഎ: വേട്ടയുടെ ആരംഭം

ഹബീബ് റഹ്‌മാൻ
March 13, 2024 10:10 pm

പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങളെയും വ്യവസ്ഥകളെയും സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയതോടെ രാജ്യത്ത് മറ്റൊരു യുദ്ധമുഖം തീര്‍ക്കുകയാണ് ഭരണകൂടം. ഈ വിവാദ ബിൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് അത് നടപ്പാക്കാനുള്ള ത്വരിത നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് നീങ്ങുന്നത്. രാജ്യത്തിന്റെ ശ്രദ്ധ തിരിച്ചുവിട്ട് വർഗീയ ധ്രുവീകരണമുണ്ടാക്കി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് സംഘസർക്കാർ. മുസ്ലിം വിരുദ്ധ ഭാരതം എന്ന ഒറ്റ പോയിന്റിലാണ് സംഘ്പരിവാർ സർക്കാർ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നർത്ഥം. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ അയൽപക്ക രാജ്യങ്ങളിൽ നിന്ന് മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് 2014 ഡിസംബർ 31 ന് മുമ്പ് കുടിയേറിയ മുസ്ലിങ്ങളല്ലാത്തവർക്ക് പൗരത്വം അനുവദിക്കാനാണ് നിയമ വ്യവസ്ഥ. ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രൈസ്തവ മതവിഭാഗങ്ങൾക്കൊക്കെയും ഇങ്ങനെ പൗരത്വം നേടാം. സ്വാഭാവികമായും പതിറ്റാണ്ടുകളായി അവിടങ്ങളിൽ നിന്നും ഇന്ത്യയിൽ താമസമാക്കിയ മുസ്ലിങ്ങൾ പൗരന്മാരല്ലാതായി മാറുകയോ രണ്ടാം തരം പൗരന്മാരായി അവഹേളിക്കപ്പെടുകയോ ചെയ്യും.

ഇതിനേക്കാളൊക്കെ ഗുരുതരമാണ് പൗരത്വ പട്ടികയുടെ അടുത്തപടിയായ എൻആർസി അഥവാ നാഷണൽ റെജിസ്ട്രേഷൻ ഓഫ് സിറ്റിസൺഷിപ്. രാജ്യത്തെ എല്ലാ പൗരൻമാരെയും ഔദ്യോഗികമായി പട്ടികപ്പെടുത്തുന്നതിനെയാണ് എൻആർസി സൂചിപ്പിക്കുന്നത്. പൗരത്വനിയമത്തിന്റെ 14 A വകുപ്പാണ് എൻആർസിയുടെ അടിസ്ഥാനം. 2003ൽ അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയും എൽ കെ അഡ്വാനി ആഭ്യന്തരമന്ത്രിയുമായിരുന്ന പ്രഥമ ബിജെപി സർക്കാർ അധികാരത്തിലിരിക്കുന്ന സമയത്താണ് ഇത് നിയമമായി പ്രാബല്യത്തിൽ വരുന്നത്. ഈ വകുപ്പ് പ്രകാരം, എല്ലാ പൗരൻമാരെയും ‘നിർബന്ധപൂർവം രജിസ്റ്റർ’ ചെയ്യാനും, രജിസ്റ്റർ ചെയ്തതിനു ശേഷം നാഷണൽ ഐഡന്റിറ്റി കാർഡുകൾ നൽകാനും സർക്കാരിനു കഴിയും. ഇതു പ്രാവർത്തികമാക്കുന്നതിനു വേണ്ടി സർക്കാരിന് നാഷണൽ രജിസ്റ്റർ ഓഫ് ഇന്ത്യൻ സിറ്റിസൺ (എൻആർഐസി) എന്ന പട്ടിക തയ്യാറാക്കേണ്ടതുണ്ട്. ഈ പട്ടികയാണ് എൻആർസി അഥവാ ഓൾ ഇന്ത്യ എൻആർസി എന്ന പേരിൽ വ്യാപകമായി അറിയപ്പെടുന്നത്. 

ദേശീയ ജനസംഖ്യാ രജിസ്റ്ററാണ് എൻപിആർ. ഇന്ത്യൻ പൗരൻ ആകട്ടെ പൗരത്വമില്ലാത്ത ആളാവട്ടെ, ഇന്ത്യയിൽ സാധാരണയായി താമസിക്കുന്ന എല്ലാ വ്യക്തികളുടെയും വിവരങ്ങൾ അടങ്ങുന്ന പട്ടികയാണിത്. സെൻസസ് തയ്യാറാക്കുന്ന അതേ വകുപ്പ് തന്നെയാണ് എൻപിആർ തയ്യാറാക്കുന്ന പ്രക്രിയയും നടത്തുന്നത്, അതിന് തികച്ചും വ്യത്യസ്തമായ നിയമപരമായ അടിസ്ഥാനവും ലക്ഷ്യവുമുണ്ട്. 2003ലെ പൗരത്വചട്ട പ്രകാരം 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ എൻപിആർ തയ്യാറാക്കൽ പ്രക്രിയ നടത്തുമെന്ന് സൂചിപ്പിച്ച് 2019 ജൂലൈ 31ന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 2003ലെ പൗരത്വ ചട്ടവും എൻആർഐസി അഥവാ അഖിലേന്ത്യ എൻ ആർസി പ്രക്രിയ നടപ്പിലാക്കുന്നതിന് നിദാനമായ നിയമങ്ങളും സമാനമാണ്. 2003ലെ പൗരത്വചട്ടങ്ങളുടെ റൂൾ 4 പ്രകാരം, എൻആർഐസിയുടെ ആദ്യ പടി ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നതിന് ഓരോ പ്രദേശത്തെയും വീടുവീടാന്തരം കയറിയുള്ള വിവരശേഖരണമാണ്. എല്ലാ പ്രാദേശിക രജിസ്റ്ററുകളും ചേർത്ത് ഒരു ഉപജില്ല രജിസ്റ്ററും ഇതു പിന്നീട് ജില്ലാ രജിസ്റ്റർ, സംസ്ഥാന രജിസ്റ്റർ എന്നിവയുമായി രൂപാന്തരപ്പെട്ട് അവസാനം ദേശീയ ജനസംഖ്യാ രജിസ്റ്ററായി മാറും. 

പൗരത്വനിയമത്തിന്റെ ചട്ടം 4(3) അനുസരിച്ച്, എൻ ആർഐസി ആദ്യം പ്രാദേശിക തലത്തിൽ ഒരു പ്രാദേശിക രജിസ്ട്രാറാണ് തയ്യാറാക്കുക. ഇതിനുവേണ്ടി, പ്രാദേശിക ജനസംഖ്യ രജിസ്റ്ററിലെ ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും വിവരങ്ങൾ പ്രാദേശിക രജിസ്ട്രാർ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കും, ശേഷം ‘സംശയാസ്പദ പൗരൻമാർ’ എന്ന ഒരു വിഭാഗത്തെ സൃഷ്ടിക്കും, ഈ വിഭാഗത്തോട് അവരുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടും. എന്ത് അടിസ്ഥാനത്തിലാണ് പ്രാദേശിക രജിസ്ട്രാർ ആളുകളെ ‘സംശയാസ്പദ പൗരൻമാർ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുക എന്നതു സംബന്ധിച്ച് ചട്ടങ്ങൾ വ്യക്തമായി യാതൊന്നും പരാമർശിക്കുന്നില്ല. ലോക്കൽ രജിസ്ട്രാറിനെ സഹായിക്കാൻ ‘ഒന്നോ അതിലധികമോ ആളുകൾ’ ഉണ്ടാകുമെന്ന് ചട്ടങ്ങളിൽ പറയുന്നുണ്ടെങ്കിലും, ഈ സഹായികളെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമോ അവരുടെ യോഗ്യതയോ സംബന്ധിച്ച് യാതൊന്നും പറയുന്നില്ല എന്നതൊക്കെ ദുരൂഹമാണ്. 

മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ പേരിലുള്ള എല്ലാവിധ വിവേചനങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന, നിയമത്തിനു മുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ 5, 10, 14, 15 വകുപ്പുകൾക്ക് എതിരുനിൽക്കുന്ന നിയമമാണ് സിഎഎ മാത്രമല്ല ഏതു രേഖയാണ് പൗരത്വം തെളിയിക്കുക എന്നതു സംബന്ധിച്ച് സിഎഎ നിയമം യാതൊരുവിധ മാർഗനിർദ്ദേശങ്ങളും നൽകുന്നില്ല എന്നതും സങ്കീർണ്ണമാണ്. ഏതു രേഖയാണ് ഖണ്ഡിതമായി പൗരത്വം തെളിയിക്കുക എന്നതു സംബന്ധിച്ച് സർക്കാറിന് തോന്നുംപോലെ നടപടികൾ സ്വീകരിക്കാം എന്നാണിതൊക്കെ തെളിയിക്കുന്നത്. പൗരത്വം എന്നത് രാഷ്ട്രവുമായി ബന്ധപ്പെട്ടതായത്കൊണ്ട് സംസ്ഥാന സർക്കാരിനോ കേന്ദ്ര ഭരണപ്രദേശങ്ങൾക്കോ ഇതിൽ യാതൊരു റോളുമില്ല എന്നതും വസ്തുതയാണ്. 

സിഎഎ പ്രശ്നകരവും ഭരണഘടനാ വിരുദ്ധവുമാണെന്നിരിക്കെ തന്നെ, അതിന്റെ കൂടെ നടപ്പാക്കാൻ സർക്കാർ പദ്ധതിയിട്ടിരിക്കുന്ന എൻആർസി പ്രക്രിയ അതിനേക്കാൾ കൂടുതൽ ദുരന്തസമാനമാണ്. വ്യക്തമായ യാതൊരു വിധ മാർഗനിർദ്ദേശങ്ങളും ഇതുവരെ പുറപ്പെടുവിക്കപ്പെട്ടിട്ടില്ല, തികച്ചും ഏകപക്ഷീയമായാണ് അതു നടപ്പാക്കുക, നമ്മുടെ ബഹുസ്വരസമൂഹത്തിന്റെ ഘടനയെ അതു കീറിമുറിക്കും, മതത്തിന്റെ അടിസ്ഥാനത്തിൽ അതു ജനങ്ങളെ വിഭജിക്കുകയും ഒരു വിഭാഗം ജനങ്ങളുടെ പൗരത്വവും അവകാശങ്ങളും അതു കവർന്നെടുക്കുകയും ചെയ്യും. 1980 മുതൽക്കു തന്നെ എൻപിആർ സെൻസസ് പ്രക്രിയയുടെ ഒരു ഭാഗമാണ്, എന്നാൽ സിഎഎ-എൻ ആർസിയുടെ പശ്ചാത്തലത്തിൽ എൻ. പി. ആറിനെ നോക്കിക്കാണുമ്പോൾ, എൻപിആർ എന്നത് എൻ ആർസി പ്രക്രിയയുടെ ഒരു തുടക്കമാണെന്ന് വ്യക്തമായി മനസിലാക്കാൻ സാധിക്കും. ഇന്ത്യയിൽ താമസിക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ എൻപിആറിലൂടെ ശേഖരിക്കുകയും വേർതിരിക്കുകയും ചെയ്യുന്നതിനാൽ, എൻപിആർ ഡാറ്റ ഉപയോഗിച്ച് എൻആർസി പ്രക്രിയ നടപ്പിലാക്കാനും, സംശയാസ്പദ പൗരൻമാരുടെ പട്ടിക ഉണ്ടാക്കാനും സർക്കാരിന് എളുപ്പം സാധിക്കും. 

ഇത്തരത്തിൽ സംശയാസ്പദ പൗരൻമാരുടെ പട്ടികയിൽ ഉൾപ്പെടുന്ന വ്യക്തികളോട് അവരുടെ പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് നോട്ടീസുകൾ അയക്കും. എല്ലാവരെയും ഇതു ബാധിക്കും. കാരണം മതിയായ രേഖകൾ സമർപ്പിക്കാൻ കഴിയാത്തവരൊക്കെ തന്നെ എൻആർസി പട്ടികയിൽ നിന്നും പുറന്തള്ളപ്പെടും. പക്ഷെ സിഎഎ മോഡലിൽ മുസ്ലിങ്ങളല്ലാത്തവർക്ക് സർക്കാരിന്റെ ഹിതമനുസരിച്ച് പൗരത്വം ലഭിക്കും. ക്രമേണ മുസ്ലിം ജനസാമാന്യം പൗരത്വമില്ലാത്തവരായോ രണ്ടാം കിട പൗരന്മാരായോ മുദ്രകുത്തപ്പെടും. ഒരു വ്യക്തി നിയമവിരുദ്ധ താമസക്കാരനെന്ന് പ്രഖ്യാപിക്കപ്പെട്ടാൽ, അയാളുടെ പൗരത്വം റദ്ദ് ചെയ്യപ്പെടും, എല്ലാവിധ അവകാശങ്ങളും അയാൾക്ക് നിഷേധിക്കും. അവരുടെ വസ്തുവകകളും സമ്പാദ്യങ്ങളും കണ്ടുകെട്ടും, അവരുടെ വിദ്യാഭ്യാസവും ജോലിയുമൊക്കെ നഷ്ടപ്പെടും. അവർക്ക് ഒരുതരത്തിലുള്ള അവകാശങ്ങളും ലഭിക്കില്ല, ഭരണകൂട സംരക്ഷണം അവകാശപ്പെടാനോ, നീതിക്കു വേണ്ടി ജുഡീഷ്യറിയെ ആശ്രയിക്കാനോ സാധിക്കില്ല. രോഗം വന്നാലുള്ള ചികിത്സപോലും വിവേചനപരമാവും. ആർക്ക് വേണമെങ്കിലും ഏതുവിധേനയും അവരെ ചൂഷണം ചെയ്യാൻ സാധിക്കും. 

Eng­lish Summary:CAA: Begin­ning of the hunt

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.