ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയുടെ പ്രതീകമായി ബിജെപി ഉയർത്തിക്കാട്ടുന്ന ഗുജറാത്ത് സാമൂഹിക സൂചകങ്ങളിൽ ഏറെ പിന്നില്‍. കുട്ടികളുടെ വളർച്ചാ മുരടിപ്പ് നിയന്ത്രിക്കൽ പോലുള്ള മേഖലകളിൽ 30 ഇന്ത്യൻ സംസ്ഥാനങ്ങളിൽ 24-ാം സ്ഥാനത്താണ് സംസ്ഥാനം. അതേസമയം ശിശുക്ഷേമത്തിനായുള്ള ഫണ്ട് വകമാറ്റുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നുവെന്ന് സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സംയോജിത ശിശു വികസന സേവന (ഐസിഡിഎസ്) പദ്ധതിക്ക് കീഴില്‍ 16,045 ലധികം അങ്കണവാടികളുടെ കുറവുണ്ടെന്ന് സിഎജി പറയുന്നു. പുതിയ അങ്കണവാടി കേന്ദ്രങ്ങൾ (എഡബ്ല്യുസി) സ്ഥാപിക്കുന്നതിനായി നീക്കിവച്ചിരിക്കുന്ന ഗ്രാന്റുകളും ഫണ്ടുകളും ഉപയോഗിക്കപ്പെടാതെ കിടക്കുകയോ മറ്റാവശ്യങ്ങൾക്കായി നീക്കിവയ്ക്കുകയോ ചെയ്യുന്നു.
ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാരിന്റെ കടുത്ത അലംഭാവം കൊണ്ട്, ഐസിഡിഎസ് പദ്ധതി അനുസരിച്ചുള്ള ഗ്രാന്റ് യഥാസമയം വിനിയോഗിക്കാതെ പാഴാക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് അങ്കണവാടികളിലേക്കുള്ള കുട്ടികളുടെ രജിസ്ട്രേഷന്‍ ഗണ്യമായി ഇടിയുകയാണ്. 2015–23 കാലത്ത് ആറ് വയസ് പ്രായപരിധിയുള്ള 40.34 ലക്ഷം കുട്ടികള്‍ മാത്രമാണ് അങ്കണവാടികളില്‍ പ്രവേശനം നേടിയത്. 2011ലെ സെന്‍സസ് പ്രകാരം 77.77 ലക്ഷം കുട്ടികളാണ് സംസ്ഥാനത്തുണ്ടായിരുന്നത്.
സംസ്ഥാനത്ത് പ്രീ സ്കൂള്‍ വിദ്യാഭ്യാസം 18.8 ശതമാനം ഇടിഞ്ഞു. മൂന്ന് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് പ്രീസ്കൂള്‍ പദ്ധതി. നിലവിലെ 1,299 അങ്കണവാടി കേന്ദ്രങ്ങളില്‍ ശുചിമുറികളില്ല. 1,032 കേന്ദ്രങ്ങളില്‍ ശുദ്ധജല ദൗര്‍ലഭ്യവുംനേരിടുന്നു. കുട്ടികള്‍ക്കിടയിലെ പോഷകഹാരക്കുറവ് പരിഹരിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടതായും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഭാരക്കുറവോടെ ജനിക്കുന്ന 11.63 ശതമാനം കുട്ടികള്‍ ഗുരുതരമായ അവസ്ഥയാണ് നേരിടുന്നത്. നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍ ഗൈഡ് ലൈന്‍ പ്രകാരം രണ്ട് ശതമാനമാണ് ഗുജറാത്തിലെ കുട്ടികളുടെ വളര്‍ച്ചാ മുരടിപ്പെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടെ സിഎജി കണ്ടെത്തെലുകളെ ശരിവച്ച് പ്രതിപക്ഷ നേതാവ് അമിത് ചാവ്ദയും രംഗത്ത് വന്നു. വനിതാ ശിശു വികസന വകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണ് സിഎജി റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നിരിക്കുന്നത്. നാരീശക്തിയെക്കുറിച്ച് പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശിഷ്യന്മാരുടെ ഭരണത്തിലാണ് കുട്ടികള്‍ വളര്‍ച്ചാമുരടിപ്പ് അനുഭവിക്കുന്നത്. 1,6045 അങ്കണവാടികളുടെ ക്ഷാമം ഗ്രാമീണ മേഖലയിലെ കുട്ടികളുടെ ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.