8 January 2026, Thursday

Related news

August 14, 2025
July 20, 2025
May 1, 2025
March 26, 2025
March 9, 2025
February 27, 2025
January 23, 2025
April 28, 2024

വയനാട് വന്യജീവിസങ്കേതത്തിൽ കാട്ടുതീ പ്രതിരോധത്തിന് ക്യാമറകളും

കാട്ടുതീ പ്രതിരോധത്തിനായി 150 വാച്ചർമാരെയും ഇരുനൂറ്റയമ്പത് ജീവനക്കാരെയും നിയോഗിച്ചു
Janayugom Webdesk
സുൽത്താൻ ബത്തേരി
March 9, 2025 3:10 pm

വേനൽ കനത്ത് കാട് വരണ്ടുണങ്ങിയതിനാൽ കാട്ടുതീ ഭീഷണി ശക്തമാണ്. അതിനാൽ തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങൾ ഇറങ്ങുമെന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യത്തിൽ കാട്ടുതീ ഭീഷണി നേരിടുന്നതിനും വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് നിരീക്ഷിക്കാനുമായി ശക്തമായ നടപടികളാണ് വനംവകുപ്പ് സ്വീകരിക്കുന്നത്. വേനൽ കനത്തതോടെ വയനാട് വന്യജീവി സങ്കേതത്തിൽ വരൾച്ച പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി വന്യജീവി സങ്കേതത്തിൽ കാമറകൾ സ്ഥാപിച്ചുള്ള നിരീക്ഷണമാണ് ശക്തമാക്കിയിരിക്കുന്നത്. വനഭാഗങ്ങളിലും വനാതിർത്തികളിലും വനപാലകരും വാച്ചർമാരുമടങ്ങുന്ന സംഘാങ്ങളെ പ്രത്യേകം രാപ്പകൽ പട്രോളിങും ഏർപ്പെടുത്തിയിട്ടുണ്ട്. ഫയർമച്ചാനുകൾ സ്ഥാപിച്ചും ഫയർ വാച്ച് ടവറുകൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കാട്ടുതീ പ്രതിരോധിക്കുന്നതിനായി അമ്പത് ലൈവ് കാമറകളും നൂറ് കാമറ ട്രാപ്പുകളുമാണ് വനാതിർത്തി മേഖലകളിലും വനപാതയോരങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ രണ്ട് ഡ്രോണുകളുപയോഗിച്ച് മുഴുവൻ സമയ നിരീക്ഷണവുമാണ് നടത്തുന്നത്. 

വന്യജീവികൾ വനത്തിനകത്ത് നിന്ന് പുറത്തിറങ്ങുന്നത് നിരീക്ഷിക്കുക, കരുതിക്കൂട്ടി കാട്ടുതീ വെയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യം തടയുക, കുറ്റവാളികളെ കണ്ടെത്തുക എന്നീ ലക്ഷ്യത്തോടെയാണ് ക്യാമറകൾ സ്ഥാപിച്ചുള്ള നീരീക്ഷണം. കാട്ടുതീ പ്രതിരോധത്തിനായി 150 വാച്ചർമാരെയും ഇരുനൂറ്റയമ്പത് ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. 20 താൽക്കാലിക മച്ചാനുകളിലും സ്ഥിരം വാച്ച് ടവറുകളിലുമായി രാപ്പകൽ നിരീക്ഷണവുമാണ് നടത്തി വരുന്നത്. വനമേഖലകളിൽ മരത്തിന് മുകളിൽ സ്ഥാപിച്ച ഫയർ മച്ചാനുകൾ കേന്ദ്രീകരിച്ചും ഫയർ വാച്ച് ടവറുകൾ കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കി. 

വനത്തിലെ കുടിവെള്ള സ്രോതസ്സുകളിൽ വന്യമൃഗങ്ങൾക്ക് ദാഹജലം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വന്യജീവി സങ്കേതത്തിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇതുവരെ വേനൽ മഴ കുറവാണ്. ജലാശയങ്ങളിൽ വെള്ളം കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. അടിക്കാടുകളും കരിഞ്ഞു തുടങ്ങി. വേനൽക്കാലം ശക്തിയാവുന്നതോടെ വനത്തിനുള്ളിലെ നീരുറവകൾ വറ്റുന്നത് തടയുന്നതിനും വനത്തിന്റെ സ്വാഭാവിക പച്ചപ്പ്നിലനിർത്തുന്നതിനും വേനലിൽ ഉണ്ടാവുന്ന കാട്ടുതീ തടയുന്നതിനും ഒരു പരിധി വരെ വന്യ ജീവികൾ നാട്ടിലിറങ്ങി മനുഷ്യ — വന്യ ജീവി സംഘർഷം ഒഴിവാക്കുന്നതിനും വനത്തിനുള്ളിലെ നീർച്ചാലുകളിലും മറ്റും ബ്രഷ് വുഡ് ചെക്ക് ഡാമുകൾ വനം വകുപ്പ് നിർമിച്ചിട്ടുണ്ട്. വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന കടുവ സങ്കേതങ്ങളാണ് കർണാടകയുടെ നാഗർഹോളയും ബന്ദിപ്പൂരും തമിഴ്നാട്ടിലെ മുതുമലയും. ഇവിടങ്ങളിൽ വരൾച്ച പിടിമുറുക്കിയതിനാൽ വന്യമൃഗങ്ങൾ വയനാട് വന്യജീവി സങ്കേതത്തിലേക്ക് കു വെള്ളവും തീറ്റയും തേടി എത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.