23 December 2024, Monday
KSFE Galaxy Chits Banner 2

നാരങ്ങകൊണ്ട് ബാറ്ററി നിര്‍മ്മിക്കാന്‍ പറ്റുമോ?

വലിയശാല രാജു
February 27, 2023 4:56 pm

കേൾക്കുമ്പോൾ അത്ഭുതം തോന്നാം. ബാറ്ററിയുടെ ലളിതമായ രൂപമാണിത്. 1800 മാർച്ച് 20ന് പ്രശസ്ത ശാസ്ത്ര സ്ഥാപനമായ റോയൽ സൊസൈറ്റിക്ക് മുൻപാകെ ചരിത്രത്തിൽ ആദ്യമായി ബാറ്ററി പ്രദർശിപ്പിച്ച ഇറ്റലിക്കാരനായ അലസ്സാൻഡ്രോ വോൾട്ട ഈ ലളിതമായ രൂപമായിരുന്നു ശാസ്ത്ര സംഘത്തിന് മുൻപാകെ കാണിച്ചത്. നാരങ്ങയ്ക്ക് പകരം ഉപ്പ് ലായനി ഉപയോഗിച്ചെന്ന് മാത്രം. നാരങ്ങകൊണ്ട് എങ്ങനെ ബാറ്ററി ഉണ്ടാക്കാമെന്ന് നോക്കാം. രസകരമായ രാസപരീക്ഷണമാണിത്. ഒരു ഇടത്തരം നാരങ്ങ, സിങ്ക് കോപ്പർ തകിടുകൾ എന്നിവയാണ് വേണ്ടത്. ഈ തകിടുകൾ നാരങ്ങയിൽ കുത്തിവയ്ക്കുക. ഇവയെ വയറുകൾ കൊണ്ട് ബന്ധിപ്പിക്കുക. ഈ വയറിൽ ഒരു എൽഇഡി ബൾബ് കണക്ട് ചെയ്താൽ അവ കത്തുന്നത് കാണാം. സിങ്കും ചെമ്പുമാണ് ഇവിടെ ഇലക്ട്രോഡുകളായി പ്രവർത്തിക്കുക. നാരങ്ങ നീരാണ് ഇലക്ട്രോലൈറ്റ്. വോൾട്ട നാരങ്ങയ്ക്ക് പകരം ഉപ്പ് ലായനി ഇലക്ട്രോലൈറ്റായി ഉപയോഗിച്ചെന്ന് മാത്രം. 

രാസോർജത്തെ വൈദ്യുതോർജമാക്കി മാറ്റുകയാണ് ബാറ്ററി ചെയ്യുന്നത്. പുറത്ത് ചാടാൻ വെമ്പുന്ന ഒരുകൂട്ടം ഇലക്ട്രോണുകളെ സൃഷ്ടിക്കുന്ന രാസനിലയങ്ങൾ എന്ന് പറയാം. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണികകളാണ് ഇലക്ട്രോണുകൾ. ഈ ഇലക്ട്രോണുകളുടെ പ്രവാഹമാണ് വൈദ്യുതി. ബാറ്ററിയെ ഒരു സർക്യൂട്ടുമായി ബന്ധിപ്പിക്കുമ്പോൾ അതിനുള്ളിലെ ഇലക്ട്രോണുകൾ അതിലൂടെ ബാറ്ററിയുടെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് ഒഴുകും. ഇതാണ് ബാറ്ററിയിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി. ഇതിനായി ബാറ്ററിയിൽ വേണ്ടുന്ന ഉപകരണങ്ങളാണ് രണ്ട് ഇലക്ട്രോഡുകളും. അവയെ ബന്ധിപ്പിക്കുന്ന ഇലക്ട്രോലൈറ്റും. രാസപ്രവർത്തനം നടക്കുമ്പോൾ ഉണ്ടാകുന്ന പോസിറ്റീവ് ചാർജുള്ള അയോണുകൾ ഇലക്ട്രോലൈറ്റിലൂടെയാണ് സഞ്ചരിക്കുക. റീചാർജ് ചെയ്യാവുന്നതടക്കം ഏറ്റവും ആധുനികമായ ബാറ്ററികൾ ഇന്ന് രംഗപ്രവേശം ചെയ്തുകഴിഞ്ഞു. മനുഷ്യനെ ഇന്ന് ചലിപ്പിക്കുന്നത് ബാറ്ററികളാണെന്ന് പറയാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.