25 December 2024, Wednesday
KSFE Galaxy Chits Banner 2

ചികിത്സാ സഹായം കൈക്കലാക്കി കാന്‍സര്‍ രോഗിയെ ഭര്‍ത്താവും കുടുംബവും ഉപേക്ഷിച്ചു

Janayugom Webdesk
കോഴിക്കോട്
November 16, 2021 10:52 pm

കാൻസറിനെതിരെയുള്ള പോരാട്ടത്തിൽ തനിക്കൊപ്പം കൂടെയുണ്ടാവുമെന്ന് വിശ്വസിപ്പിച്ച്, ചികിത്സാസഹായമായി നാട്ടുകാർ നൽകിയ പണം ദുരുപയോഗം ചെയ്യുകയാണ് തന്റെ ഭർത്താവെന്ന ആരോപണവുമായി യുവതി രംഗത്ത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിനിയായ ബിജ്മയാണ് ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയത്.
2019 മാർച്ച് 31ന് ഒരു ആഘോഷ പരിപാടിയ്ക്കിടെ ബിജ്മയ്ക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വേദന കുറയാത്തതിനെത്തുടർന്ന് നടത്തിയ ടെസ്റ്റുകൾക്കു ശേഷം വൃക്കയുടെ അടുത്ത് മുഴ ഉണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. വൃക്കയ്ക്കും തകരാറുണ്ടെന്ന് മനസിലായതിനെത്തുടർന്ന് മെഡിക്കൽ കോളജിൽ വച്ച് മുഴയ്ക്കൊപ്പം ഒരു വൃക്കയും മുറിച്ചു നീക്കി. പിന്നീടാണ് കാൻസറാണെന്ന് വ്യക്തമായി റിപ്പോർട്ട് വന്നത്. ഇതോടെ ഇത്രയുംനാൾ തങ്ങൾ നോക്കിയെന്നും ഇനി ബിജ്മയുടെ വീട്ടുകാർ നോക്കട്ടേയെന്നുമുള്ള നിലപാടിലായിരുന്നു ഭർത്താവ് ധനേഷും കുടുംബവും. കാന്‍സര്‍ രോഗവിവരം പുറത്തുവന്നതിനെത്തുടർന്ന് സാമൂഹ്യമാധ്യമങ്ങള്‍ വഴി പലരും സഹായിക്കാൻ തുടങ്ങി ഇതോടെ ഭര്‍ത്താവും കുടുംബവും സ്നേഹം നടിക്കുകയും തങ്ങള്‍ സംരക്ഷിക്കാമെന്ന് വ്യക്തമാക്കി ചികിത്സാ സഹായമായി ലഭിച്ച പണം കൈകാര്യം ചെയ്യാനും തുടങ്ങി.

ചികിത്സാസഹായ ഫണ്ട് ദുരുപയോഗം ചെയ്ത ഭർത്താവ് പിന്നീട് ക്രൂരമായ ശാരീരിക‑മാനസിക പീഡനങ്ങളും ആരംഭിച്ചുവെന്നും ഇവർ വ്യക്തമാക്കുന്നു. എന്നാല്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയപ്പോൾ ജോലിക്കാരിയുടെ സ്ഥാനം മാത്രമാണ് അവിടെ ലഭിച്ചത്. ഒരുതരത്തിലുള്ള പരിഗണനയും ഭർത്താവിന്റെ മാതാവും സഹോദരിയും തന്നോട് കാണിക്കാതെ കുട്ടിയ്ക്കൊപ്പം സ്വന്തം വീട്ടിലേക്ക് പറഞ്ഞയ്ക്കുകയും ചെയ്തു. ഇതോടെയാണ് കേസ് നൽകാൻ തീരുമാനിച്ചത്. ചികിത്സയ്ക്കായി പലയിടങ്ങളിൽ നിന്നായി 35 ലക്ഷത്തിന് മുകളിൽ തുക ലഭിച്ചിരുന്നു. എന്നാൽ ഈ പണം വീടുപണിക്കും മറ്റു സ്വകാര്യ ആവശ്യങ്ങൾക്കുമാണ് ഭര്‍ത്താവും വീട്ടുകാരും ചെലവാക്കിയത്. ചികിത്സാസഹായ തുക ദുരുപയോഗം ചെയ്തതിനും ശാരീരിക‑മാനസിക പീഡനങ്ങൾക്കും വെള്ളയിൽ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ കേസ് രജ്സ്റ്റർ ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണം നടക്കുന്നിലെന്നും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമാണ് ബിജ്മയുടെ ബന്ധുക്കള്‍ പറയുന്നത്. ഇതേസമയം കേസ് പിൻവലിക്കണമെന്ന സമ്മര്‍ദ്ദവുമായി ഭർത്താവും കുടുംബവും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ബിജ്മ പറയുന്നു.

 

ENGLISH SUMMARY: cancer patient was aban­doned by her hus­band and fam­i­ly after receiving

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.