21 January 2026, Wednesday

Related news

January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

സ്ഥാനാര്‍ത്ഥികള്‍ക്ക് തോന്നുംപോലെ ചെലവാക്കാനാവില്ല; കണക്ക് ഹാജരാക്കണം

Janayugom Webdesk
തിരുവനന്തപുരം
November 10, 2025 6:45 pm

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥികൾക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപയുമാണ്. ജില്ലാപഞ്ചായത്തിലും കോര്‍പറേഷനിലും 1,50,000 രൂപയാണ്. ചെലവ് കണക്ക് ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നൽകണം. ചെലവ് കണക്ക് നൽകാതിരിക്കുകയോ പരിധിയിൽ കൂടുതൽ ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാനാർത്ഥികളെ ഉത്തരവ് തീയതി മുതൽ അഞ്ച് വർഷത്തേക്ക് അയോഗ്യരാക്കും. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ ചെലവ് കണക്ക് ഹാജരാക്കാത്ത 10,000 പേരെ അയോഗ്യരാക്കിയതായി സംസ്ഥാന തെര‍ഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സ്ഥാനാർത്ഥി, നിക്ഷേപമായി ഗ്രാമപഞ്ചായത്തിൽ 2000 രൂപയും ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലും 4000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും 5000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും. നാമനിര്‍ദേശ പത്രിക നൽകുന്ന ദിവസം സ്ഥാനാർത്ഥിക്ക് 21 വയസ് പൂർത്തിയായിരിക്കണം. പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ ബന്ധപ്പെട്ട അധികാരിയിൽനിന്നുളള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. തിരഞ്ഞെടുപ്പ് വിജ്ഞാപന തീയതി മുതൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിൽ വേണം പത്രിക സമർപ്പിക്കേണ്ടത്. നാമനിർദ്ദേശപത്രിക നിശ്ചിത ഫാറത്തിൽ (ഫോം- 2) വേണം നൽകേണ്ടത്. 

പത്രികയോടൊപ്പം സ്ഥാവര ജംഗമ സ്വത്തുക്കളുടെയും ബാധ്യത/കുടിശികയുടെയും ക്രിമിനൽ കേസുകളുടെയും ഉൾപ്പടെയുളള വിശദവിവരങ്ങൾ നൽകണം. വരണാധികാരിയുടെയോ കമ്മിഷൻ അധികാരപ്പെടുത്തിയ ഓഫീസറുടെയോ മുമ്പാകെ നിശ്ചിത ഫോമില്‍ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ നടത്തി ഒപ്പിട്ടു നൽകുകയും വേണം. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോകുന്ന സ്ഥാനാർത്ഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങൾ മാത്രമേ 100 മീറ്റർ പരിധിക്കുള്ളിൽ അനുവദിക്കൂ. വരണാധികാരി/ ഉപവരണാധികാരി മുമ്പാകെ പത്രിക സമർപ്പിക്കുന്ന വേളയിൽ വരണാധികാരിയുടെ റൂമിലേക്ക് സ്ഥാനാർത്ഥി ഉൾപ്പെടെ അഞ്ച് പേർക്ക് മാത്രമേ പ്രവേശനമുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.