മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
ദേശീയ കാമ്പയിന്റെ ഭാഗമായി സിപിഐ സംസ്ഥാനതല പ്രവർത്തക കൺവെൻഷനും പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റതിന്റെ 68-ാം വാർഷികാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് ചിലരുടെ ആസൂത്രിത ശ്രമം. എന്നാല്‍ അത് വിലപ്പോവില്ലെന്നും മൂന്നാം ഊഴമാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫ് എന്നത് വെറും ഒരു പക്ഷമല്ല. അതുമാത്രമാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂപരിഷ്കരണം ഉൾപ്പെടെ കേരളത്തിന്റെ വലിയ മുന്നേറ്റങ്ങൾക്ക് മഹാ ശക്തിയായിരുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയും സി അച്യുതമേനോനുമായിരുന്നു. 1957ലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ മാനിഫെസ്റ്റോ എഴുതി തയ്യാറാക്കിയത് അച്യുതമേനോൻ ആയിരുന്നു. ഏതു ഭിന്നിപ്പിലും അച്യുതമേനോന്റെ പേര് മറക്കരുത്. അത് ചരിത്രപരമായും രാഷ്ട്രീയമായും തെറ്റാണ്. ചരിത്രത്തെയും സത്യത്തെയും എന്നും മാനിക്കുന്ന പ്രസ്ഥാനമാണ് സിപിഐ. അതുകൊണ്ടാണ് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ വാർഷികം ആഘോഷിക്കുന്നതിന് തയ്യാറാക്കിയ പ്രചരണ ബോർഡുകളിൽ മുഖ്യമന്ത്രി ഇഎംഎസിന്റെ ചിത്രം ഉൾപ്പെടുത്തിയത്. ഭിന്നിപ്പു കൊണ്ട് സത്യം ഇല്ലാതാകില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ബിനോയ് വിശ്വം രചിച്ച ‘നമ്മുടെ ആശയ ലോകം വലുതാണ് ‘എന്ന പുസ്തകം ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ്‌കുമാർ എംപി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനു നൽകി പ്രകാശനം ചെയ്തു.
ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു അധ്യക്ഷനായി. മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, ദേശീയ കൗൺസിൽ അംഗങ്ങളായ രാജാജി മാത്യു തോമസ്, സത്യൻ മൊകേരി, മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, ജെ ചിഞ്ചുറാണി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ വി ചാമുണ്ണി, എൻ രാജൻ, പി വസന്തം, ടി വി ബാലൻ, കെ കെ അഷറഫ്, സി കെ ശശിധരൻ, സി പി മുരളി, തെരഞ്ഞടുപ്പ് സർവേ വിദഗ്ധൻ ജോർജുകുട്ടി തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് സ്വാഗതം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.