ഞായറാഴ്ചയിലെ അവധി ആലസ്യം വിട്ടുണർന്ന ജനങ്ങൾ കലോത്സവ വേദികളിലേക്ക് ഒഴുകി. ഗ്ലാമർ ഇനങ്ങളായ ഒപ്പന, നാടകം, മാർഗം കളി, നാടോടി നൃത്തം എന്നിവ അരങ്ങേറിയ വേദികളിലെല്ലാം ജനങ്ങളുടെ നിറഞ്ഞ പങ്കാളിത്തമുണ്ടായിരുന്നു. കലയോടുള്ള തലസ്ഥാനത്തിന്റെ അടങ്ങാത്ത അഭിനിവേശം ഓരോ വേദിയിലും ദൃശ്യമായി. ഇന്ന് രാവിലെ മത്സരങ്ങളെല്ലാം ഏതാണ്ട് കൃത്യസമയത്ത് തന്നെ ആരംഭിച്ചത് മത്സരാർത്ഥികൾക്കും ആസ്വാദകർക്കും ഒരുപോലെ ആശ്വാസമായി. വിദ്യാർത്ഥികൾക്ക് ചമയമിട്ട് ഏറെ നേരം കാത്തിരിക്കേണ്ടി വന്നില്ല. സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാനവേദി ഒപ്പനയ്ക്കെത്തിയ മണവാട്ടിമാരുടെ മൊഞ്ചിൽ തിളങ്ങി നിന്നു. അതിന് പിന്നാലെ മനം മയക്കുന്ന മോഹിനിമാരുടെ നൃത്ത, ലാസ്യ ഭാവങ്ങള്‍ അവിടം കീഴടക്കി.
ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുണ്ടായത് നാടിന്റെ ഉള്ളറിയുന്ന നാടക മത്സരത്തിനായിരുന്നു. ഹയർ സെക്കൻഡറി വിഭാഗം മത്സരം നടന്ന വഴുതക്കാട് ടാഗോർ തിയേറ്റർ മണിക്കൂറുകൾക്ക് മുമ്പു തന്നെ ആസ്വാദകരെ കൊണ്ട് നിറഞ്ഞിരുന്നു. മികച്ച നിലവാരം പുലർത്തിയ നാടകങ്ങളായിരുന്നു അവതരിപ്പിക്കപ്പെട്ടതെന്നാണ് കാഴ്ചക്കാർ പ്രതികരിച്ചത്. മാർഗം കളി നടന്ന സെന്റ് ജോസഫ്‍സ് സ്കൂളിലുമുണ്ടായിരുന്നു ജനപങ്കാളിത്തം. പാട്ടിനൊപ്പം ചടുല നൃത്തച്ചുവടുകളുമായി മത്സരാർത്ഥികൾ വേദി കീഴടക്കിയപ്പോൾ സദസ് കരഘോഷം മുഴക്കി. മത്സരം മുഴുമിപ്പിച്ചതിന് പിന്നാലെ ടീം അംഗങ്ങൾ വേദിയിൽ തളർന്നുവീണത് ആവേശത്തിനിടയിലെ സങ്കടക്കാഴ്ചയായി. നിശാഗന്ധിയിൽ അരങ്ങേറിയ പരമ്പരാഗത ഗോത്ര കലയായ പണിയ നൃത്തം സാകൂതമാണ് കാഴ്ചക്കാർ വീക്ഷിച്ചത്.
കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോൾ സ്വർണക്കപ്പിനായുള്ള പോരാട്ടം ഇഞ്ചോടിഞ്ചാണ്. 424 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. 423 പോയിന്റ് നേടി തൃശൂര്‍ രണ്ടാമതും 421 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമുണ്ട്. 415 പോയിന്റുള്ള പാലക്കാട് നാലാം സ്ഥാനത്തുമാണ്. സ്കൂളുകളില്‍ 60 പോയിന്റുമായി ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കൻഡറി സ്കൂളാണ് ഒന്നാമത്. 55 പോയിന്റുമായി വഴുതക്കാട് കാര്‍മല്‍ എച്ച്എസ്എസ് രണ്ടാമതും 51 പോയിന്റുമായി കണ്ണൂര്‍ സെന്റ് തെരേസാസ് എഐഎച്ച്എസ്എസ് മൂന്നാമതുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.