7 November 2024, Thursday
KSFE Galaxy Chits Banner 2

കാർ ബൂട്ട് വില്‍പ്പന മൂന്നു മുതല്‍; ആശങ്കകളൊഴിയാതെ വ്യാപാരികൾ

ഷാജി ഇടപ്പള്ളി
കൊച്ചി
October 22, 2023 10:20 pm

വ്യാപാര രംഗത്ത് ആഗോള തലത്തിൽ പ്രചാരമുള്ള കാർ ബൂട്ട് വില്‍പ്പന സംസ്ഥാനത്ത് ആദ്യമായി കൊച്ചിയിൽ പരീക്ഷണത്തിന് ഒരുങ്ങുമ്പോൾ ആശങ്കകളൊഴിയാതെ വ്യാപാരികൾ. ചെറുകിട, ഇടത്തരം സംരംഭങ്ങൾ വിപണിയിലിറക്കുന്ന ഉല്പന്നങ്ങൾക്ക് വില്‍പ്പന സുഗമമാക്കാൻ ലക്ഷ്യമിട്ട് ജിസിഡിഎയുടെയും കൊച്ചി കോർപറേഷന്റെയും പൂർണ സഹകരണത്തോടെ കൊച്ചി ആസ്ഥാനമായുള്ള ഡയഗൺ വെഞ്ചേഴ്സ് എന്ന സ്റ്റാർട്ടപ്പാണ് കാറിന്റെ ഡിക്കിയിൽ ഉല്പന്നങ്ങളും സേവനങ്ങളും വിൽക്കുന്ന കാർ ബൂട്ട് വിപണിക്ക് നേതൃത്വം നൽകുന്നത്. 

നവംബർ 3, 4, 5 തീയതികളിൽ രാവിലെ ഒമ്പതു മുതൽ രാത്രി 11 വരെ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്താണ് ആദ്യ കാർ ബൂട്ട് വിൽപ്പന. ഏതു സാധനവും വാങ്ങുന്നതിനും വിൽക്കുന്നതിനും കാർ ബൂട്ട് വിപണിയിലൂടെ കഴിയും. ഇടനിലക്കാരില്ലാതെ ഉല്പന്നങ്ങൾ ആവശ്യക്കാരനിലേക്ക് എത്തിക്കാനാവും എന്നതും ഇതിന്റെ നേട്ടമാണ്. അതേസമയം പരീക്ഷണാർത്ഥം നടത്തുന്ന കാർ ബൂട്ട് വ്യാപാരമേള വഴിവാണിഭത്തിന്റെ മറ്റൊരു നൂതന രൂപം മാത്രമാണെന്നും വഴിവാണിഭം പോലെ തന്നെ സ്ഥിര വ്യാപാരികൾക്ക് ഇത് ദോഷകരമായിതീരുമെന്നുമാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. സർക്കാരിന് ലഭിക്കേണ്ട നികുതി വരുമാനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും സ്വകാര്യ വാഹനങ്ങളിൽ ചരക്ക് കയറ്റുവാൻ പാടില്ലെന്നുള്ള മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 66 ന്റെ ലംഘനമാണെന്നും അവർ വിശദീകരിക്കുന്നു. 

കാർ ബൂട്ടിൽ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വഴിയോരക്കച്ചവടക്കാർക്കുമെല്ലാം പങ്കെടുക്കാൻ കഴിയും. പേരുകൾ മുൻകൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ സൗജന്യമാണ്. ഏകദേശം അഞ്ഞൂറോളം വില്‍പ്പനക്കാരെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. വ്യാപാരമേളയ്ക്ക് കൂടുതല്‍ മാറ്റുനല്‍കുന്നതിന് ഭക്ഷണശാലകളും കലാപ്രദർശനവും വിവിധ കലാ പ്രകടനങ്ങളും ഉണ്ടാകും. ചലച്ചിത്ര താരങ്ങളും ജനപ്രതിനിധികളും പങ്കെടുക്കും. വിജയകരമായാൽ തുടർന്ന് ഇത് വിപുലപ്പെടുത്താനും ഇതര നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും ആലോചനയുണ്ട്. 

സർക്കാർ വില്‍പ്പന നിയമങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന കാർ ബൂട്ട് വിൽപനയിൽ ലൈസൻസുള്ളവർക്ക് മാത്രമേ പങ്കെടുക്കാൻ കഴിയുകയുള്ളു. നിയമാനുസൃതം ബിൽ നൽകി തന്നെയാകും വില്‍പ്പനയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സംഘാടകർ വ്യക്തമാക്കുന്നു. എന്നാൽ കാർബൂട്ട് വില്‍പ്പനക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും സംസ്ഥാനത്തെ മുഴുവൻ വ്യാപാരികൾക്കും അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ കൊച്ചി മേയർക്കും ജിസിഡിഎ ചെയർമാനും നിവേദനം നൽകിയിട്ടുണ്ട്. 

Eng­lish Summary:Car boot sale from three; Wor­ry free traders
You may also like this video

TOP NEWS

November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.