24 December 2025, Wednesday

നിയമസഭ പുസ്തകോത്സവം : വരയരങ്ങിനെ അറിവരങ്ങാക്കി ജിതേഷ്ജി

Janayugom Webdesk
തിരുവനന്തപുരം
January 14, 2023 9:13 pm

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സാഹിത്യവും നിയമാസഭാ ചരിത്രവും പൊതുവിജ്ഞാനവും വേഗവരയുടെ വിസ്മയവുമായി കോർത്തിണക്കി അതിവേഗ പെർഫോമിംഗ്‌ ചിത്രകാരൻ ജിതേഷ്ജി അവതരിപ്പിച്ച വരയരങ്ങ് പ്രേക്ഷകപ്രശംസ നേടി. ഇരുകൈകളും ഒരുപോലെ ഉപയോഗിച്ച് കേരള മുഖ്യമന്ത്രിമാരായ ഇ എം എസ് മുതൽ പിണറായി വിജയൻ വരെയുള്ള 12 മുഖ്യമന്ത്രിമാരെയും കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ ജിതേഷ്ജി വേദിയിലെ വലിയ വെള്ളബോർഡിൽ മെഷീൻഗൺ വലിപ്പത്തിലുള്ള വലിയ ബ്രഷ് കൊണ്ട് വരച്ചു വിസ്മയം സൃഷ്ടിച്ചു.

ഒപ്പം അറിവുചാലിച്ച നർമ്മഭാഷണവും ഇംഗ്ലീഷ് കവിതയും കൂടിയായപ്പോൾ പ്രേക്ഷകർ ഓരോ ചിത്രത്തിനും മനസ്സറിഞ്ഞ് കയ്യടിക്കാനും മറന്നില്ല.
സദസ്സ് ആവശ്യപ്പെട്ട സാഹിത്യകാരന്മാരായ ടാഗോർ, ഓ വി വിജയൻ, വില്യം ഷെയ്ക്ക്സ്പിയർ, വൈക്കം മുഹമ്മദ്‌ ബഷീർ തുടങ്ങിയവരെയും സ്വാമി വിവേകാനന്ദൻ, നെഹ്‌റു,ഗാന്ധിജി, അംബേദ്കർ, അബ്ദുൽ കലാം, വാജ്പെയി തുടങ്ങിയ രാഷ്ട്രനായകരെയും മിന്നൽ വേഗതയിൽ വരഞ്ഞ് വിസ്മയം വിരിയിച്ചു. സാഹിത്യകാരൻ കൂടിയായ നിയമസഭ സെക്രട്ടറി എ എം ബഷീർ, ജോയിന്റ് സെക്രട്ടറി എം എസ് വിജയൻ എന്നിവരുടെ ലൈഫ് സ്കെച്ചുകളും വരച്ചു തീർത്താണ് വരയരങ്ങെന്ന അറിവരങ്ങ് സമാപിച്ചത്.

ചിത്രകലയുടെ സമ്പൂർണ രംഗാവിഷ്കാരം എന്ന നിലയിൽ ശ്രദ്ധേയമായ വരയരങ്ങിനു ജിതേഷ്ജി 1990 ൽ ചങ്ങനാശ്ശേരി എസ് ബി കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് രൂപാവിഷ്കാരം നൽകുന്നത്. 20 ലേറെ വിദേശരാജ്യങ്ങളിലെ അന്താരാഷ്ട്രവേദികളിലടക്കം പതിനായിരത്തോളം വേദികളിൽ വരയരങ്ങ് എന്ന വിനോദ വിജ്ഞാന ദൃശ്യ കലാരൂപം അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. വരയരങ്ങ് തനത്കലാരൂപത്തിന്റെ ട്രെയ്ഡ് മാർക്ക്, വേർഡ് മാർക്ക് പേറ്റന്റ് അവകാശങ്ങളും ജിതേഷ്ജി എന്ന പത്തനംതിട്ട ജില്ലക്കാരന്റെ പേരിലാണ്. ജിതേഷ്ജിയും വരയരങ്ങും പി എസ് സി മത്സരപരീക്ഷയിൽ പലതവണ ചോദ്യവുമായിട്ടുമുണ്ട്. 2008 ൽ വെറും അഞ്ച് മിനിറ്റിനുള്ളിൽ അൻപതു പ്രശസ്തരുടെ ചിത്രങ്ങൾ ഇരുകൈകളും ഒരേ സമയം ഒരുപോലെ ഉപയോഗിച്ച് അരങ്ങിൽ വരച്ച് വരവേഗവിസ്മയം സൃഷ്ടിച്ചിട്ടുള്ള ജിതേഷ്ജി ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനായിട്ടാണ് അറിയപ്പെടുന്നത്

Kerala State - Students Savings Scheme

TOP NEWS

December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.