7 December 2025, Sunday

ജ‍്യോതി മൽഹോത്രക്കെതിരായ കേസ്; കുറ്റപത്രം സമർപ്പിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
August 16, 2025 9:09 pm

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 2500 പേജുള്ള കുറ്റപത്രമാണ് ഹിസാര്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മേയ് മാസം ഹിസാറില്‍ വെച്ചാണ് യൂട്യൂബറായ ജ്യോതി മല്‍ഹോത്ര അറസ്റ്റിലാകുന്നത്. പാകിസ്ഥാന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷ് എന്ന എഹ്‌സാന്‍ ഉര്‍ റഹിമുമായി ജ്യോതി നിരന്തരം ആശയവിനിമയം നടത്തിയിരുന്നെന്നും രണ്ട് തവണ പാകിസ്ഥാനില്‍ പോയിരുന്നെന്നും പൊലീസ് പറഞ്ഞു.
ഏറെ കാലമായി ജ്യോതി മല്‍ഹോത്ര പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തുന്നുണ്ടെന്നും ഹിസാര്‍ പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. റഹിമുമായി ജ്യോതി മല്‍ഹോത്രയ്ക്കുള്ള അടുപ്പവും ഐഎസ്‌ഐ ഏജന്റ് ഷാക്കിര്‍ എന്നായാളുമായി ആശയവിനിമയം നടത്തിയതിനെക്കുറിച്ചും കുറ്റപത്രത്തില്‍ പറയുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ജ്യോതി മല്‍ഹോത്ര പറയുന്നത് പ്രകാരം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 17ന് പാകിസ്ഥാനില്‍ പോയി തിരിച്ചുവരുന്നത് മേയ് 15നാണ്. 25 ദിവസത്തോളം പാകിസ്ഥാനില്‍ ചെലവഴിച്ചു. അതിന് ശേഷം ജൂണ്‍ പത്തിന് ചൈനയിലേക്ക് പോവുകയും ജൂലൈ വരെ തങ്ങുകയും അതിന് ശേഷം നേപ്പാളിലേക്ക് പോവുകയും ചെയ്തു.
നേരത്തെ കര്‍ത്താര്‍പൂര്‍ ഇടനാഴി വഴി പാകിസ്ഥാനില്‍ പോയ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രിയെയും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ് ഷെരീഫിനെയും സന്ദര്‍ശിക്കുകയും ചെയ്തു. മറിയവുമായി ജ്യോതി അഭിമുഖം നടത്തിയെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.