17 December 2025, Wednesday

Related news

December 16, 2025
December 15, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025

മാധബി പുരി ബുച്ചിനെതിരെ ഓഹരിത്തട്ടിപ്പില്‍ കേസ്

Janayugom Webdesk
മുംബൈ
March 2, 2025 10:48 pm

സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മുൻ ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് ഉള്‍പ്പെടെ ഉന്നതര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. ഓഹരി വിപണിയിലെ തട്ടിപ്പ്, റെഗുലേറ്ററി നിയമ ലംഘനങ്ങൾ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മുംബൈയിലെ പ്രത്യേക അഴിമതി വിരുദ്ധ കോടതിയുടെ നടപടി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചി (ബിഎസ്ഇ)ലെ ഉന്നത ഉദ്യോഗസ്ഥരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരു കമ്പനി ലിസ്റ്റ് ചെയ്തതിൽ വൻ സാമ്പത്തിക തട്ടിപ്പും അഴിമതിയും നടന്നിട്ടുണ്ടെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകൻ സപൻ ശ്രീവാസ്തവ സമർപ്പിച്ച ഹർജിയിലാണ് പ്രത്യേക ജഡ്ജി ശശികാന്ത് ഏകനാഥ്റാവു ബംഗാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സെബി ഉദ്യോഗസ്ഥർ അവരുടെ നിയമപരമായ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു, വിപണി കൃത്രിമത്വം സാധ്യമാക്കി, നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു കമ്പനിയുടെ ലിസ്റ്റിങ് അനുവദിച്ചുകൊണ്ട് കോർപറേറ്റ് തട്ടിപ്പിന് വഴിയൊരുക്കിയതായും പരാതിയില്‍ പറയുന്നു.
നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട ഒരു കമ്പനിയെ ലിസ്റ്റുചെയ്യാൻ സെബി ഉദ്യോഗസ്ഥർ അനുവദിച്ചുവെന്നും ഇത് വിപണി കൃത്രിമത്വത്തിനും നിക്ഷേപകരുടെ നഷ്ടത്തിനും കാരണമായെന്നും പരാതിയിൽ ആരോപിക്കുന്നു. സെബിയും കോർപറേറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള ഒത്തുകളി, ഇൻസൈഡർ ട്രേഡിങ്, ലിസ്റ്റിങ്ങിനുശേഷം പൊതു ഫണ്ട് വകമാറ്റൽ എന്നിവയും പരാതിയിൽ ആരോപിക്കുന്നു.
മാധബി പുരി ബുച്ചിന് പുറമെ സെബി മുഴുവൻ സമയ അംഗങ്ങളായ അശ്വനി ഭാട്ടിയ, അനന്ത് നാരായൺ ജി, കമലേഷ് ചന്ദ്ര വർഷ്‌ണി, ബിഎസ്‌ഇ ചെയർമാൻ പ്രമോദ് അഗർവാൾ, സിഇഒ സുന്ദരരാമൻ രാമമൂർത്തി എന്നിവര്‍ക്കെതിരെയാണ് കേസ്. നിയമപരമായ വീഴ്ചകൾക്കും ഒത്തുകളിക്കും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ന്യായവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. നിയമപാലകരുടെയും സെബിയുടെയും നിഷ്ക്രിയത്വം ജുഡീഷ്യൽ ഇടപെടൽ അനിവാര്യമാക്കുന്നുവെന്നും ജഡ്ജി കൂട്ടിച്ചേർത്തു. ഇന്ത്യൻ ശിക്ഷാ നിയമം, അഴിമതി നിരോധന നിയമം, സെബി നിയമം എന്നിവയിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും 30 ദിവസത്തിനുള്ളിൽ തല്‍സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് നിര്‍ദേശം നല്‍കി.
യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് നേരത്തെ മാധബി ബുച്ചിനെതിരെ അഡാനി ബന്ധം ആരോപിച്ച് രംഗത്തെത്തിയിരുന്നു. മാധബിയും ഭര്‍ത്താവ് ധവല്‍ ബുച്ചും ഉടമസ്ഥരായ കമ്പനികള്‍ അഡാനി ഗ്രൂപ്പിന്റെ കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം. ഐസിഐസിഐ ബാങ്കിൽ നിന്ന് ലഭിച്ച വരുമാനം മറച്ചുവച്ചതായി ബുച്ചിനെതിരായ മറ്റൊരു ആരോപണവും ഉയര്‍ന്നിരുന്നു.
ഫെബ്രുവരി 28 ന് മാധബി ബുച്ചിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ തുഹിന്‍ കാന്ത പാണ്ഡെയെ സെബി ചെയര്‍മാനായി നിയമിച്ചിരുന്നു. ധനകാര്യ സെക്രട്ടറിയായിരുന്ന ഇദ്ദേഹം മൂന്ന് വർഷത്തെ കാലാവധിയില്‍ ഇന്നുമുതല്‍ ചുമതലയേല്‍ക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.