
കാസർകോട്ടെ വ്യവസായി മുഹമ്മദ് ഹാഫിസ് 108 കോടി തട്ടിയെടുത്തെന്ന കേസുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം കർണാടക കോൺഗ്രസ് എംഎൽഎയിലേക്ക്. മുഹമ്മദ് ഹാഫിസും കർണാടകയിലെ കോൺഗ്രസ് എംഎൽഎ എൻ എ ഹാരിസിന്റെ മകൻ മുഹമ്മദ് ഹാരിസ് നാലപ്പാടും അടുത്തസുഹൃത്തുക്കളാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
ഹാരിസിന്റെ എംഎൽഎ സ്റ്റിക്കർ പതിച്ച വാഹനത്തിലായിരുന്നു ഹാഫിസിന്റെ സഞ്ചാരം. വാഹനത്തിന്റെ രജിസ്ട്രേഷൻ നാഫി മുഹമ്മദ് നാസർ എന്ന വ്യക്തിയുടെ പേരിലാണ്. ഇയാൾ കർണാടക കോൺഗ്രസ് രാഷ്ട്രീയത്തിൽ പിന്നണിയിൽനിന്നു ചരടുവലിക്കുന്ന പ്രധാനികളിലൊരാളും. ഹാരിസിന്റെ രാഷ്ട്രീയസഹായിയുമാണ്. മുഹമ്മദ് ഹാഫിസ് തട്ടിയെടുത്ത പണം കർണാടക രാഷ്ട്രീയത്തിലേക്ക് ഒഴുക്കിയിട്ടുണ്ടോയെന്ന സംശയവും അന്വേഷണസംഘം ഉന്നയിക്കുന്നു.
ദുബായിൽ വ്യവസായിയായ ആലുവ തൈനോത്തിൽ റോഡിൽ അബ്ദുൾ ലാഹിർ ഹസനിൽനിന്നാണ് മരുമകനായ മുഹമ്മദ് ഹാഫിസ് പലപ്പോഴായി 108 കോടിയോളം രൂപ തട്ടിയെടുത്തത്. ഈ സംഭവത്തിലും ഗോവ‑കർണാടക ചുമതലയുള്ള ആദായനികുതി ചീഫ് കമ്മിഷണറുടെ വ്യാജ ലെറ്റർഹെഡ് നിർമ്മിച്ച് പണം തട്ടിയ കേസിലുമാണ് അന്വേഷണം. കഴിഞ്ഞയാഴ്ച ബംഗളൂരു, ഗോവ, കാസർകോട് എന്നിവിടങ്ങളിൽ നടന്ന റെയ്ഡിൽ മുഹമ്മദ് ഹാഫിസിന്റെയും കൂട്ടരുടെയും 4.53 കോടി രൂപയും 209 പവനും മരവിപ്പിച്ചിരുന്നു. ഇവകണ്ടുകെട്ടാനുള്ള നടപടിയിലേക്ക് അന്വേഷണസംഘം ഉടൻ കടക്കും.
ശാന്തിനഗർ മണ്ഡലം എംഎൽഎയായ എൻ എ ഹാരിസിന് കർണാടക നിയമസഭ നൽകിയ സ്റ്റിക്കറാണ് മുഹമ്മദ് ഹാഫിസിന്റെ വാഹനത്തിൽ പതിച്ചിരുന്നത്. വാഹനം എംഎൽഎയുടെ മകൻ മുഹമ്മദ് ഹാരിസിൽനിന്നു വാങ്ങിയതാണെന്ന് ചോദ്യംചെയ്യലിൽ പ്രതി വെളിപ്പെടുത്തി. കർണാടക യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയാണ് മുഹമ്മദ് ഹാരിസ്. എംഎൽഎ, മകൻ മുഹമ്മദ് ഹാരിസ് നാലപ്പാട്, നാഫി മുഹമ്മദ് നാസർ എന്നിവരെ ചോദ്യം ചെയ്യാൻ കൊച്ചി ഇഡി ഓഫിസിലേക്ക് വിളിച്ചുവരുത്തുമെന്നാണ് സൂചന.
English Summary:Case of Kasarakote businessman extorting money; Investigating the role of Karnataka Congress leaders
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.