
ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ അരുണാചൽ പ്രദേശിലെ ഒരു സർക്കാർ സ്കൂൾ ഹെഡ്മാസ്റ്റർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി. 2018‑ലാണ് സംഭവം. ഇറ്റാനഗറിലെ നീതി വിഹാറിലെ സർക്കാർ മിഡിൽ സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ബിരി താപയെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2018 ജൂൺ 6ന് സ്കൂൾ ഗേറ്റിൽ നിന്ന് പ്രായപൂർത്തിയാകാത്ത കുട്ടിയെ ബാങ്ക് ടിനാലിയിലെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ആക്രമണം നടന്ന സമയത്ത് പെൺകുട്ടിക്ക് 15 വയസ്സായിരുന്നു പ്രായം. പെൺകുട്ടി സംഭവം വിവരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് 2018 നവംബറിലാണ് കേസ് പുറത്തുവന്നത്. നവംബർ 18ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പ്രതി താപയുടെ പേരിൽ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടു മുതൽ വൈകുന്നേരം 5.30 വരെ ഒരു മുറി ബുക്ക് ചെയ്തിരുന്നതായി വെളിപ്പെടുത്തുന്ന ഗസ്റ്റ് ഹൗസ് രേഖകൾ പൊലീസ് കണ്ടെടുത്തിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കാഗം ബാഗ്രയുടെ നേതൃത്വത്തിലുള്ള പ്രോസിക്യൂഷൻ ശക്തമായ വാദങ്ങൾ നിരത്തി.
പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളുകയും പോക്സോ നിയമത്തിലെ സെക്ഷൻ 29 പ്രകാരം, പ്രോസിക്യൂട്ടറുടെ വാദങ്ങളെ നിരാകരിക്കുന്നതിൽ പ്രതി പരാജയപ്പെട്ടുവെന്ന് കോടതി വിധിക്കുകയുമായിരുന്നു. കുറ്റകൃത്യത്തെ ഗുരുതരമായ വിശ്വാസ വഞ്ചനയായി കോടതി വിശേഷിപ്പിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ തെറ്റായ വിവരങ്ങൾ നൽകി കേസ് വഴിതിരിച്ചുവിടാൻ ശ്രമിച്ചിരുന്നതായും കോടതി കണ്ടെത്തി. കൂടാതെ, പ്രതി സ്കൂൾ ചുമതലക്കാരനായിരുന്നിട്ടും, 2018 ജൂണിലെ അധ്യാപകരുടെ ഹാജർ രജിസ്റ്ററിൽ നിന്ന് ഒരു പേജ് കാണാതായതും കോടതി ചൂണ്ടിക്കാട്ടി. ഹെഡ്മാസ്റ്റർക്ക് ജീവപര്യന്തം തടവും 20,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ രണ്ട് മാസത്തെ തടവ് അധികമായി അനുഭവിക്കണം. കൂടാതെ, അരുണാചൽ പ്രദേശ് ഇരക്കുള്ള നഷ്ടപരിഹാര പദ്ധതി പ്രകാരം അതിജീവിതക്ക് നഷ്ടപരിഹാരം നൽകാൻ പാപുംപാരെ ജില്ല ലീഗൽ സർവിസസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.