19 December 2024, Thursday
KSFE Galaxy Chits Banner 2

ഇ‑ചെല്ലാന്റെ പേരിൽ പണം തട്ടുന്നു; മുന്നറിയിപ്പുമായി എംവിഡി

Janayugom Webdesk
തിരുവനന്തപുരം
July 7, 2024 6:07 pm

വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എ ഐ കാമറ വഴിയോ സ്പീഡ് കാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയ്യാറാക്കപ്പെടുന്ന ഇ‑ചെല്ലാന്റെ പേരിൽ ലഭിക്കുന്ന വ്യാജ മെസേജുകളും വാട്ട്സ് ആപ്പ് സന്ദേശങ്ങളും ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. 

ഇ‑ചെല്ലാന്റെ പേരിൽ വ്യാജ മെസേജ് അയച്ച് പണം തട്ടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ എണ്ണം വർധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തട്ടിപ്പുകാർ ഇ‑ചെല്ലാന്റെ ഔദ്യോഗിക ലോഗോയും ഭാഷയും ഉപയോഗിച്ച് വ്യാജ സന്ദേശങ്ങൾ അയച്ചാണ് ആളുകളെ കബളിപ്പിക്കുന്നത്. നിരവധി ആൾക്കാരുടെ പണം നഷ്ടപ്പെട്ടതായി പരാതി ഉയർന്നിട്ടുള്ള സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇ‑ചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗവുമായി ബന്ധപ്പെടാൻ ഈ ലിങ്കുകൾ ഉപയോഗിക്കുക. ഫോൺ: 01204925505,വെബ്സൈറ്റ്: https: //echallan. pari­va­han. gov. in, ഇ‑മെയിൽ: helpdesk-echallan@gov. in. എന്തെങ്കിലും സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഈ മെയിൽ വിലാസത്തിൽ ബന്ധപ്പെടാം. Email: helpdesk-mparivahan@gov. in

തട്ടിപ്പിൽ പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

* ആരെങ്കിലും വാട്ട്സ് ആപ്പിൽ അയച്ച് തരുന്ന ആപ്ലിക്കേഷൻ ഫയൽ (. apk ലിങ്ക് ) ക്ലിക്ക് ചെയ്യുന്നത് വഴി ആപ്പുകളിലേക്ക് പോയി കെണിയലകപ്പെടാൻ കാരണമാവും
* ഇ- ചെല്ലാന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കുക. ഇ- ചെല്ലാന്റെ പേരിൽ വരുന്ന ഏതെങ്കിലും സന്ദേശം ലഭിച്ചാൽ, അത് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ, ഇ‑ചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെടുക.
* നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഒരിക്കലും ഒരു വ്യാജ സന്ദേശത്തിൽ നൽകരുത്. ഇ‑ചെല്ലാന്റെ പേരിൽ വരുന്ന ഒരു സന്ദേശം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ നൽകാൻ ആവശ്യപ്പെട്ടാൽ, അത് തട്ടിപ്പാണ്. ഈ വിവരങ്ങൾ ഒരിക്കലും ഇ‑ചെല്ലാന്റെ ഔദ്യോഗിക സന്ദേശങ്ങളിൽ ആവശ്യപ്പെടില്ല.
*സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഇ‑ചെല്ലാന്റെ പേരിൽ വരുന്ന സന്ദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് നിങ്ങളുടെ ഉപകരണത്തിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യാൻ സാധ്യതയുണ്ട്. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
*തട്ടിപ്പിനെക്കുറിച്ച് ഇ- ചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുക. ഈ തട്ടിപ്പിനെക്കുറിച്ച് ഇ‑ചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുന്നത് മറ്റ് ആളുകളെ ഈ തട്ടിപ്പിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.
*ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ‘1930’ എന്ന നമ്പറിൽ വിളിച്ച് ഒരു മണിക്കൂറിനകം പരാതി രജിസ്റ്റർ ചെയ്യണം. cyber­crime. gov. in എന്ന വെബ് വിലാസത്തിലും പരാതി രജിസ്റ്റർ ചെയ്യാം. 

Eng­lish Sum­ma­ry: Cash with­draw­al in the name of e‑seller; MVD with warning

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.