12 February 2026, Thursday

വിദ്യാർത്ഥിക്കെതിരെ ജാത്യാധിക്ഷേപം: അടിയന്തര അന്വേഷണത്തിന് നിർദേശം

Janayugom Webdesk
തിരുവനന്തപുരം
November 8, 2025 9:19 pm

കേരള സർവകലാശാല പഠന വകുപ്പിൽ സംസ്കൃതത്തിൽ ഗവേഷണം ചെയ്ത വിദ്യാർത്ഥിക്കെതിരെ ഫാക്കൽറ്റി ഡീൻ ജാത്യാധിക്ഷേപം നടത്തിയതായി വന്ന വാർത്തയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അടിയന്തരാന്വേഷണത്തിന് നിർദേശം നൽകി. കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് വൈസ് ചാൻസലറോടും രജിസ്ട്രാറോടും മന്ത്രി ആവശ്യപ്പെട്ടു.

സർവകലാശാലയ്ക്കും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും അവമതിപ്പുണ്ടാക്കിയിട്ടുണ്ട് ഈ സംഭവം. അനാവശ്യ വിവാദങ്ങളിലേക്ക് സർവകലാശാലയെയും ഉന്നതവിദ്യാഭ്യാസ മേഖലയെയും തള്ളിവിടുകയും ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് ഗവേഷണ വിദ്യാർത്ഥി സർവകലാശാലാ വൈസ് ചാൻസലർക്ക് പരാതി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടാണ് മന്ത്രി ഡോ. ബിന്ദു ആവശ്യപ്പെട്ടിരിക്കുന്നത്.

നാക് അക്രഡിറ്റേഷനിൽ ഡബിൾ എ പ്ലസും സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റികളിൽ എൻഐആർഎഫ് റാങ്കിങില്‍ അഞ്ചാം സ്ഥാനവും നേടി ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒന്നാം നിരയിൽ നിലകൊള്ളുന്ന സർവകലാശാലയിൽ ഇത്തരം സംഭവമുണ്ടായത് ഉന്നതവിദ്യാഭ്യാസ രംഗത്തിനു മാത്രമല്ല സംസ്ഥാനത്തിനാകെ ദുഷ്പേരുണ്ടാക്കിയിരിക്കുകയാണെന്ന് പ്രോ ചാൻസലറെന്ന നിലയിൽ വൈസ് ചാൻസലർക്ക് അയച്ച കത്തിൽ മന്ത്രി ഡോ. ബിന്ദു ചൂണ്ടിക്കാട്ടി.

ആരോപണ വിധേയയായ ഫാക്കൽറ്റി അംഗം ദൃശ്യമാധ്യമങ്ങളിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുടെ അനൗചിത്യവും പരിശോധിക്കണമെന്നും വൈസ് ചാൻസലറോട് മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.നിയമപരമായ നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്ന് സർവകലാശാലാ രജിസ്ട്രാർക്കും മന്ത്രി നിർദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.