22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

ഐഐടിയിലും ഐഐഎമ്മിലും സവര്‍ണ മേധാവിത്വം; സംവരണം അട്ടിമറിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
December 3, 2024 10:58 pm

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) എന്നിവയിലെ ഫാക്കല്‍റ്റി സംവരണ തസ്തികകളില്‍ നിയമനമില്ല. ഐഐടി-ഐഐഎം തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരില്‍ 80 ശതമാനത്തോളം മുന്നാക്ക വിഭാഗത്തില്‍പ്പെടുന്നവരാണെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ദളിത്-പിന്നാക്ക വിഭാഗത്തോടുള്ള അവഗണന വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകള്‍. രാജ്യത്തെ ഏഴ് ഐഐഎമ്മുകളിലായി ഒബിസി 88, പട്ടികജാതി 54, പട്ടികവര്‍ഗം 30 സീറ്റുകള്‍ എന്നിങ്ങനെ വര്‍ഷങ്ങളായി നികത്താതെ അവശേഷിക്കുന്നു. ഇതോടൊപ്പം 11 ഐഐടികളിലെ 1,557 ഫാക്കല്‍റ്റി ഒഴിവുകളും നികത്താതെ കിടക്കുന്നതായി വിവരാവാകാശ രേഖയില്‍ ചൂണ്ടിക്കാട്ടുന്നു. ആകെ പിന്നാക്ക വിഭാഗത്തിനായി സംവരണം ചെയ്ത 415, എസ്‌സി 234, എസ്‌ടി 129 വീതം തസ്തികകളില്‍ നിയമനം നടന്നിട്ടില്ല. 

സ്ഥിര നിയമനം നടത്താതെ ഇത്തരം തസ്തികകളില്‍ മുന്നാക്കജാതിക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതായും ദി ഹിന്ദു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഓള്‍ ഇന്ത്യ ഒബിസി സ്റ്റുഡന്റസ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് കിരണ്‍ കുമാര്‍ ഗൗഡ് സമര്‍പ്പിച്ച അപേക്ഷയ്ക്കുള്ള വിവരാവകാശ മറുപടിയിലാണ് രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണ അട്ടിമറി പ്രതിപാദിക്കുന്നത്. ഈവര്‍ഷം സെപ്റ്റംബര്‍ മാസം വരെയുള്ള രേഖകളാണ് അപേക്ഷകന് ലഭിച്ചത്.
രേഖകളനുസരിച്ച് രണ്ട് ഐഐടികളിലും, മൂന്ന് ഐഐഎമ്മുകളിലും 90 ശതമാനം തസ്തികകളും സംവരണേതര വിഭാഗം കൈയ്യടക്കി വച്ചിരിക്കുകയാണ്. ആറ് ഐഐടി, നാല് ഐഐഎമ്മുകളിലെ 80 ലേറെ ശതമാനവും സവര്‍ണ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. ഇന്‍ഡോര്‍ ഐഐഎമ്മിലെ 109 ഫാക്കല്‍റ്റികളിലെ 106 ഉം ജനറല്‍ വിഭാഗക്കാരാണ്. ഇവിടെ ദളിത് വിഭാഗത്തിന് പ്രാതിനിധ്യമേ ഇല്ല. ഐഐഎം ഉദയ്പൂര്‍, ലഖ്നൗ എന്നിവിടങ്ങളിലെ 90 ശതമാനവും ജനറല്‍ വിഭാഗത്തിന്റെ കൈപ്പിടിയിലാണ്. 

കേന്ദ്ര നയമനുസരിച്ച് ഇത്തരം സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റി നിയമനത്തില്‍‍ ഒബിസി 27, എസ്‌സി 15, എസ്‌ടി 7.5 ശതമാനം എന്ന രീതിയിലാണ് സംവരണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ താക്കോല്‍ പദവി കയ്യാളുന്ന സവര്‍ണ വിഭാഗത്തിന്റെ പിന്തുണയോടെയാണ് സംവരണ വിരുദ്ധ നീക്കം നടക്കുന്നത്. നിയമനം വേഗത്തിലാക്കുക, സംവരണം പാലിക്കുക എന്നിവ പാടെ ലംഘിക്കുകയാണ്. സംവരണ തസ്തികകളിലെ നിയമനത്തില്‍ അധികൃതര്‍ വരുത്തുന്ന ഉദാസീന നിലപാടാണ് ഇത്തരം അവസ്ഥയ്ക്ക് കാരണമെന്ന് കിരണ്‍ കുമാര്‍ ഗൗഡ് പ്രതികരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.