
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ (യുജിസി) പരിഷ്കരിച്ച നിബന്ധനകൾക്കെതിരെ രാജ്യവ്യാപകമായി സവര്‍ണ സംഘടനകള്‍ പ്രതിഷേധത്തിലേക്ക്. പുതിയ നിയമങ്ങൾ വിവേചനപരമാണെന്നും ക്യാമ്പസുകളിൽ സാമൂഹിക ഭിന്നതയുണ്ടാക്കുമെന്നും ആരോപിച്ചാണ് വിദ്യാർത്ഥികളും വിവിധ യുവജന സംഘടനകളും രംഗത്തിറങ്ങിയിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് സമരസമിതി ഭാരത് ബന്ദ് പ്രഖ്യാപിച്ചു.
യുജിസിയുടെ പുതിയ മാർഗ്ഗനിര്‍ദേശങ്ങൾ ജാതി വിവേചനത്തെ ഒരു വശത്തുനിന്ന് മാത്രമാണ് കാണുന്നതെന്നും റിസർവേഷൻ ഇല്ലാത്ത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ നിയമം സംരക്ഷണം നൽകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. വിവേചനത്തിനെതിരെയുള്ള നടപടികൾ എല്ലാവർക്കും തുല്യമായിരിക്കണമെന്നും സവർണ വിഭാഗത്തിലെ വിദ്യാർത്ഥികൾ നേരിടുന്ന അധിക്ഷേപങ്ങൾ തടയാൻ പ്രത്യേക സംവിധാനം വേണമെന്നുമാണ് ഇവരുടെ ആവശ്യം.
വിവാദമായ യുജിസി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. പുതിയ നിയമം ജാതി വിവേചനത്തെ അപൂർണ്ണമായാണ് നിർവചിച്ചിരിക്കുന്നതെന്നും ഒരു വിഭാഗത്തെ മാത്രം സംരക്ഷിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരാതി പരിഹാര സെല്ലുകൾ ഒരു വിഭാഗത്തിന് അനുകൂലമായി പ്രവർത്തിക്കാൻ ഇത് ഇടയാക്കുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
യുജിസി ആസ്ഥാനത്തേക്ക് നടന്ന മാർച്ചിൽ വൻ സംഘർഷമുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ഉത്തർപ്രദേശില്‍ വാരണാസി, അമേഠി, ബറേലി എന്നിവിടങ്ങളിൽ പ്രതിഷേധം നടന്നു. യുജിസി നയത്തില്‍ പ്രതിഷേധിച്ച് ബറേലിയിൽ സിറ്റി മജിസ്‌ട്രേറ്റായിരുന്ന അലങ്കാർ അഗ്നിഹോത്രി രാജിവച്ചു. അഗ്നിഹോത്രിയെ സസ്പെന്‍ഡ് ചെയ്തതായി പിന്നീട് സർക്കാർ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ
ജാതിവിവേചനം രൂക്ഷം; ആശങ്കയുണർത്തി ഔദ്യോഗിക കണക്കുകൾ
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിവിവേചനം ശക്തമായി തുടരുന്നുവെന്ന് വ്യക്തമാക്കി ഔദ്യോഗിക കണക്കുകള്‍. രോഹിത് വെമുലയുടെയും പായൽ തദ്‌വിയുടെയും മരണത്തിന് പിന്നാലെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ ശരിവെക്കുന്നതാണ് സർക്കാർ രേഖകളെന്നും ജന സ്വാസ്ഥ്യ അഭിയാൻ ഉൾപ്പെടെയുള്ള സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
പാർലമെന്റിൽ സമർപ്പിക്കപ്പെട്ട കണക്കുകൾ പ്രകാരം ഐഐടി, ഐഐഎം, സെൻട്രൽ യൂണിവേഴ്സിറ്റികൾ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദളിത്, ആദിവാസി വിഭാഗങ്ങളില്പെട്ട വിദ്യാർത്ഥികളുടെ ആത്മഹത്യ വര്‍ധിച്ചുവരികയാണ്. 2019 നും 2021 നും ഇടയിൽ മാത്രം ഇത്തരത്തിൽ 98 വിദ്യാർത്ഥികൾ ജീവിതം അവസാനിപ്പിച്ചു. 2014 മുതൽ 2021 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നടന്ന ആകെ ആത്മഹത്യകളിൽ 55 ശതമാനവും പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടേതാണ്. ഇതിൽ 41 പേർ ഒബിസി വിഭാഗത്തിൽ നിന്നും 24 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നും ഉള്ളവരാണ്.
കഴിഞ്ഞ നാല് വർഷത്തിനിടെ ജാതിവിവേചനവുമായി ബന്ധപ്പെട്ട് യുജിസിക്ക് ലഭിക്കുന്ന പരാതികളുടെ എണ്ണത്തിൽ വലിയ വര്‍ധനവുണ്ടായി. 2019–20 കാലയളവിൽ 173 പരാതികൾ മാത്രം ലഭിച്ചിരുന്ന സ്ഥാനത്ത് 2023–24 ആയപ്പോഴേക്കും ഇത് 378 ആയി ഉയർന്നു. 118.4 ശതമാനത്തിന്റെ വര്‍ധനവാണിത് രേഖപ്പെടുത്തുന്നത്. രാജ്യത്തെ 704 സർവകലാശാലകളിൽ നിന്നും 1,500 ലധികം കോളേജുകളിൽ നിന്നുമായി ആകെ 1,160 പരാതികളാണ് യുജിസിയുടെ വിവിധ സെല്ലുകൾക്ക് ലഭിച്ചത്. പലപ്പോഴും പരാതി നൽകുന്ന വിദ്യാർത്ഥികൾ കൂടുതൽ പീഡനങ്ങൾക്ക് ഇരയാകുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.