31 January 2026, Saturday

Related news

January 31, 2026
January 31, 2026
January 31, 2026
January 29, 2026
January 29, 2026
January 28, 2026
January 27, 2026
January 26, 2026
January 25, 2026
January 24, 2026

യുപി ബിജെപിയില്‍ ജാതിപ്പോര് മുറുകുന്നു

നേതൃത്വത്തെ വെല്ലുവിളിച്ച് ബ്രാഹ്മണ എംഎൽഎമാരുടെ യോഗം 
Janayugom Webdesk
ലഖ്നൗ
December 30, 2025 9:39 pm

ഉത്തർപ്രദേശ് ബിജെപിയിൽ നേതൃത്വത്തിന്റെ നിര്‍ദേശങ്ങൾ അവഗണിച്ച് ബ്രാഹ്മണ എംഎൽഎമാർ പ്രത്യേക യോഗം ചേർന്നത് പാർട്ടിക്കുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്നു.

ജാതി അടിസ്ഥാനത്തിലുള്ള സംഘടനകളിലോ യോഗങ്ങളിലോ ജനപ്രതിനിധികൾ പങ്കെടുക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരി കർശന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് നേതൃത്വത്തെ വെല്ലുവിളിച്ച് എംഎൽഎമാർ ഒത്തുചേർന്നത്. ഭരണതലത്തിലും പാർട്ടി സംവിധാനത്തിലും തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ ജാതി അടിസ്ഥാനത്തിലുള്ള ‘സമ്മർദ്ദ ഗ്രൂപ്പുകൾ’ രൂപപ്പെടുന്നത് ഉത്തർപ്രദേശ് ബിജെപിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ ലഖ്നൗവിൽ വെച്ചാണ് ഏകദേശം അമ്പതോളം ബ്രാഹ്മണ എംഎൽഎമാർ രഹസ്യയോഗം ചേർന്നത്. യോഗത്തിന് നേതൃത്വം നൽകിയ എംഎൽഎ പഞ്ചാനന്ദ പഥക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ നേതൃത്വത്തിന് മറുപടി നൽകി. ബ്രാഹ്മണർ സമൂഹത്തെ വിഭജിക്കുന്നവരല്ല, മറിച്ച് ഒന്നിപ്പിക്കുന്നവരാണെന്നും സനാതന പാരമ്പര്യത്തിലെ വഴികാട്ടികളായ ബ്രാഹ്മണർ ഒത്തുചേരുന്നത് ഹിന്ദു സമൂഹത്തെ ശക്തിപ്പെടുത്താനാണെന്നും പഥക് കുറിച്ചു.
ഭരണകൂടം ബ്രാഹ്മണരുടെ ആശങ്കകൾ അവഗണിക്കുകയാണെന്നും പാർട്ടിയിൽ തങ്ങൾക്ക് അർഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്നും യോഗത്തിൽ പങ്കെടുത്ത എംഎൽഎമാർ ആരോപിച്ചു. യുപിയിലെ പ്രബല ജാതിവിഭാഗങ്ങൾക്കിടയിലെ ഭിന്നത വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്കളെ ബാധിക്കുമെന്ന ആശങ്കയിലാണ് കേന്ദ്ര നേതൃത്വം.

ഠാക്കൂർ വിഭാഗത്തില്പെട്ട എംഎൽഎമാർ സമാനമായ രീതിയിൽ പ്രത്യേക യോഗം ചേർന്ന് ‘സവർണ്ണ ഐക്യത്തിന്’ ആഹ്വാനം നൽകിയതിന് പിന്നാലെ ബിജെപി നേതൃത്വം ജാതി യോഗങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ജനുവരി അഞ്ചിന് നിശ്ചയിച്ചിരുന്ന പ്രബലമായ ഒരു ജാതി യോഗം പാർട്ടി ഇടപെട്ട് റദ്ദാക്കിയിട്ടുമുണ്ട്. അതേസമയം ബ്രാഹ്മണ എംഎൽഎമാർ ഒത്തുചേർന്നതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സ്വീകരിച്ചത്. ഇത്തരം ഒത്തുചേരലുകളിൽ പുതുമയില്ലെന്നും ഇതൊരു ഗൗരവകരമായ പ്രശ്നമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് പാർട്ടിയിലെ ഗ്രൂപ്പ് പോര് കൂടുതൽ മറനീക്കി പുറത്തുവരാൻ കാരണമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.