
ധനുഷിന്റെ മാനേജരായ ശ്രേയസിനെതിരെ ഗുരുതരമായ കാസ്റ്റിംഗ് കൗച്ച് ആരോപണം ഉന്നയിച്ച് തമിഴ് ടെലിവിഷൻ നടി മാന്യ ആനന്ദ്. തൻ്റെ പുതിയ അഭിമുഖത്തിലാണ് മന്യ ആരോപണമുന്നയിച്ചത്. പുതിയ സിനിമയുടെ വിശദാംശങ്ങളുമായി തന്നെ ശ്രേയസ് സമീപിച്ചെന്നും, അതിരുകടന്ന ഒരു ആവശ്യം മുന്നോട്ട് വെച്ചെന്നും മാന്യ സിനിഉലഗത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
മാന്യയുടെ വാക്കുകൾ അനുസരിച്ച്, ശ്രേയസ് അവരോട് ചില അഡ്ജസ്റ്റ്മെൻറ് ഉണ്ടാവണമെന്ന് പറയുകയായിരുന്നു. അത് കേട്ട മന്യ “എന്ത് കമ്മിറ്റ്‌മെൻ്റ്? എന്തിനാണ് ഞാൻ കോംപ്രമൈസ് ചെയ്യേണ്ടത്?” എന്ന് ചോദിക്കുകയും അത്തരം ആവശ്യങ്ങൾ തീർത്തും നിരസിക്കുകയും ചെയ്തു. ആവശ്യം നിരസിച്ചപ്പോൾ ശ്രേയസ്, “ധനുഷ് സാറിന് വേണ്ടി ആണെങ്കിൽ പോലും നിങ്ങൾ വഴങ്ങില്ലേ?” എന്ന് ചോദിക്കുകയായിരുന്നു. താൻ വ്യക്തമായി നിരസിച്ചിട്ടും ശ്രേയസ് വീണ്ടും പലതവണ തന്നെ ബന്ധപ്പെടാൻ ശ്രമിച്ചതായി മാന്യ ആരോപിച്ചു. ധനുഷിന്റെ നിർമ്മാണ കമ്പനിയായ വണ്ടർബാർ ഫിലിംസിൻ്റെ ലൊക്കേഷൻ വിശദാംശങ്ങൾ ഒരു സ്ക്രിപ്റ്റിനൊപ്പം ശ്രേയസ് തനിക്ക് അയച്ചു നൽകിയെന്നും അവർ അവകാശപ്പെട്ടു. എങ്കിലും താൻ ആ സ്ക്രിപ്റ്റ് വായിക്കുകയോ സിനിമയിൽ പ്രവർത്തിക്കാൻ ഉദ്ദേശിക്കുകയോ ചെയ്തില്ലെന്ന് നടി വ്യക്തമാക്കി.
തങ്ങളെ വെറും കലാകാരന്മാരായി കാണണമെന്നും, ജോലി തന്നിട്ട് അതിന് പകരമായി മറ്റൊന്നും പ്രതീക്ഷിക്കരുതെന്നും മാന്യ ശക്തമായി പറഞ്ഞു. തമിഴ് സിനിമയിലെ ഇത്തരം ചൂഷണം ചെയ്യുന്ന രീതികൾ ശ്രദ്ധയിൽപ്പെടുത്താനാണ് താൻ ഈ അനുഭവം പങ്കുവെച്ചതെന്നും, അവസരങ്ങളുടെ പേരിൽ അഭിനേതാക്കളെ സമ്മർദ്ദത്തിലാക്കരുതെന്നും മാന്യ എടുത്തുപറഞ്ഞു. പ്രശസ്ത തമിഴ് സീരിയലായ ‘വാനത്തൈ പോല’യിലെ അഭിനയത്തിലൂടെ ശ്രദ്ധേയയാണ് മന്യ ആനന്ദ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.