10 March 2026, Tuesday

Related news

March 8, 2026
March 7, 2026
February 27, 2026
February 26, 2026
February 26, 2026
February 25, 2026
February 23, 2026
February 19, 2026
February 17, 2026
February 14, 2026

അനിൽ അംബാനിക്കെതിരെ സിബിഐ വീണ്ടും കേസെടുത്തു

Janayugom Webdesk
ന്യൂഡൽഹി
March 8, 2026 9:53 pm

1,085 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പ്രമുഖ വ്യവസായി അനിൽ അംബാനിക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കേസെടുത്തു. അനിൽ അംബാനിയെ കൂടാതെ അദ്ദേഹത്തിന്റെ സ്ഥാപനമായ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, മുൻ ഡയറക്ടർ മഞ്ജരി അശോക് കാക്കർ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച് അഞ്ചിനാണ് അന്വേഷണ ഏജൻസി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 

2013 നും 2017നും ഇടയിലുള്ള കാലയളവിൽ അനിൽ അംബാനിയും മറ്റ് പ്രതികളും ചേർന്ന് ബാങ്കുകളിൽ നിന്ന് വൻതുക വായ്പ സംഘടിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കണ്ടെത്തൽ. റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ ബിസിനസ് ആവശ്യങ്ങൾക്കായി അനുവദിച്ച വായ്പ തുക നിശ്ചിത ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ മറ്റ് സ്ഥാപനങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ദുരുപയോഗം ചെയ്യുകയും ചെയ്തു. ഇതുവഴി ബാങ്കുകൾക്ക് 1,085.19 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുംബൈ ശാഖ നൽകിയ പരാതിയിൽ പറയുന്നു.
തട്ടിപ്പിലൂടെ പഞ്ചാബ് നാഷണൽ ബാങ്കിന് 621.39 കോടി രൂപയുടെയും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യക്ക് 463.80 കോടി രൂപയുടെയും നഷ്ടമാണുണ്ടായത്. പിന്നീട് യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ പിഎൻബിയുമായി ലയിച്ചു. 2017ൽ തിരിച്ചടവ് മുടങ്ങിയതോടെ ഈ ലോൺ അക്കൗണ്ടുകൾ നിഷ്ക്രിയ ആസ്തിയായി ബാങ്ക് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ ഫോറൻസിക് പരിശോധനയിലാണ് വായ്പ തുക അട്ടിമറിച്ചതായും സംശയാസ്പദമായ ഇടപാടുകൾ നടന്നതായും കണ്ടെത്തിയത്.

ബിഡിഒ ഇന്ത്യ എന്ന ഏജൻസി നടത്തിയ ഫോറൻസിക് ഓഡിറ്റിലെ കണ്ടെത്തലുകൾ പ്രകാരം 2021ൽ ഈ അക്കൗണ്ടുകൾ തട്ടിപ്പായി ബാങ്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, അഴിമതി തടയൽ നിയമം എന്നിവ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കേസിൽ ബാങ്ക് ഉദ്യോഗസ്ഥർക്കോ മറ്റ് പൊതുപ്രവർത്തകർക്കോ പങ്കുണ്ടോയെന്ന കാര്യവും സിബിഐ പരിശോധിക്കുന്നുണ്ട്. റിലയൻസ് ഗ്രൂപ്പിന്റെ മറ്റ് അനുബന്ധ സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് സിബിഐ തീരുമാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.