17 January 2026, Saturday

Related news

January 12, 2026
January 10, 2026
January 10, 2026
January 6, 2026
January 4, 2026
January 4, 2026
December 27, 2025
December 1, 2025
September 22, 2025
September 1, 2025

സമീര്‍ വാങ്കഡെക്കെതിരെ സിബിഐ കേസെടുത്തു

Janayugom Webdesk
ന്യൂഡല്‍ഹി
May 12, 2023 9:38 pm

നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയിലെ വിവാദ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെക്കെതിരെ അഴിമതിക്കേസ് ഫയല്‍ ചെയ്ത് സിബിഐ. വാങ്കഡെയുടെ വസതിയിലടക്കം സിബിഐ പരിശോധന നടത്തുകയും ചെയ്തു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ മേധാവിയായിരുന്നു വാങ്കഡെ.
2021 ഒക്ടോബറില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരി മരുന്നു കേസില്‍ അറസ്റ്റ് ചെയ്തത് സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു. തുടര്‍ന്ന് ബോളിവുഡ് താരങ്ങളടക്കമുള്ളവരെ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുത്തി എന്‍സിബി പണം തട്ടുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ സമീര്‍ വാങ്കഡെയെ മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
വാങ്കഡെയ്ക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെയാണ് സിബിഐ കേസെടുത്തത്. എന്‍സിബിയുടെ വിജിലന്‍സ് അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകളും ചില സ്ഥാപിത താല്പര്യങ്ങളും കണ്ടെത്തിയിരുന്നു. ചില ഉദ്യോഗസ്ഥരുടെ സ്വത്തില്‍ പെട്ടന്ന് വര്‍ധനവുണ്ടായെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ലഹരി മരുന്ന് പിടികൂടുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ കൃത്യമായി ഉദ്യോഗസ്ഥര്‍ കൃത്യമായി പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രതികളോട് ഉദ്യോഗസ്ഥര്‍ പ്രത്യേകം സമീപനം സ്വീകരിച്ചെന്നും എന്‍സിബിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ മുംബൈ, ഡല്‍ഹി, റാഞ്ചി, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ 29 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി.
ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം സര്‍വ്വീസില്‍ നിന്ന് നീക്കിയിരുന്നു. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം അന്വേഷിച്ച വിശ്വ വിജയ് സിങ് എന്ന ഉദ്യോഗസ്ഥനെയാണ് ഡല്‍ഹി സോണിന് കീഴിലുള്ള എന്‍സിബി അന്വേഷണത്തിന് പിന്നാലെ നീക്കിയത്. ആര്യന്‍ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇദ്ദേഹമായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ സിംഗപ്പൂരിലേക്ക് പോയ മറ്റൊരു ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ വിശ്വനാഥ് തിവാരിയെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

eng­lish sum­ma­ry; CBI reg­is­tered a case against Sameer Wankhede

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.