17 June 2024, Monday

Related news

June 13, 2024
June 11, 2024
May 31, 2024
May 29, 2024
May 18, 2024
May 17, 2024
May 17, 2024
May 17, 2024
May 16, 2024
May 15, 2024

ജഡ്ജി നിയമനത്തില്‍ വെടിനിര്‍ത്തല്‍

റെജി കുര്യന്‍
ന്യൂഡല്‍ഹി
January 6, 2023 11:16 pm

ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം ശുപാര്‍ശകള്‍ വേഗത്തിലാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചുകളിയില്‍ സുപ്രീം കോടതി ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് കേന്ദ്രം നിലപാട് മാറ്റിയത്.
കൊളീജിയം ശുപാര്‍ശകളില്‍ സമയബന്ധിതമായി തീരുമാനമെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ് ഓക എന്നിവരുള്‍പ്പെട്ട ബെഞ്ചിനെയാണ് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി ഇക്കാര്യം അറിയിച്ചത്. സുപ്രീം കോടതിയും കേന്ദ്ര നിയമ മന്ത്രാലയവും തമ്മില്‍ ഈ വിഷയത്തില്‍ കാലങ്ങളായി ശീതസമരം തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ ചുവടുമാറ്റം.

കൊളീജിയം ശുപാര്‍ശ ചെയ്ത 22 പേരുകള്‍ മടക്കിയ കേന്ദ്ര സര്‍ക്കാര്‍ മറ്റ് പലരുടെയും പേരുകള്‍ ജഡ്ജിമാരുടെ പട്ടികയിലേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതായും സുപ്രീം കോടതി പറഞ്ഞു. കൊളീജിയം രണ്ടാമതും അയക്കുന്ന ജഡ്ജി നിയമന ശുപാര്‍ശ കേന്ദ്രം മടക്കുന്നത് ഗുരുതര വിഷയമാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ വ്യക്തമാക്കി. കേന്ദ്രം മടക്കിയ ശുപാര്‍ശകളില്‍ എന്ത് തുടര്‍ നടപടി സ്വീകരിക്കണം എന്നതിനെ കുറിച്ച്‌ സുപ്രീം കോടതി കൊളീജിയം ഉടന്‍ ചര്‍ച്ച ചെയ്യുമെന്നും കൗള്‍ അറിയിച്ചു.
ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് 104 പേരുടെ ശുപാര്‍ശയാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ 44 പേരുകള്‍ക്ക് അനുമതി നല്‍കി സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനത്തിനായി നാളെ കൈമാറാം. ബാക്കിയുള്ള പേരുകളില്‍ ഉടന്‍ തീരുമാനമെടുക്കാം എന്നാണ് എജി അറിയിച്ചത്. നടപടി ക്രമങ്ങളാണ് സര്‍ക്കാര്‍ അംഗീകാരം വൈകാന്‍ കാരണമാകുന്നതെന്നും എജി വ്യക്തമാക്കി.

ജഡ്ജിമാരുടെ സ്ഥലമാറ്റത്തിലും സ്ഥാനക്കയറ്റത്തിലും കാലതാമസം വരുന്നത് ഇക്കാര്യത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടലുണ്ടെന്ന തോന്നല്‍ ഉളവാക്കുന്നതായി ജസ്റ്റിസ് കൗള്‍ ചൂണ്ടിക്കാട്ടി. കൊളീജിയം നല്‍കുന്ന ശുപാര്‍ശകളില്‍ സര്‍ക്കാരിന് പരിമിതമായ പങ്ക് മാത്രമേ വഹിക്കാനുള്ളൂ. സാഹചര്യം ഇതായിരിക്കെ ശുപാര്‍ശകള്‍ അനിശ്ചിതമായി കെട്ടിക്കിടക്കുന്നത് തെറ്റായ സന്ദേശം നല്‍കും. അത് കൊളീജിയത്തിന് സ്വീകാര്യവുമല്ലെന്നും കോടതി പറഞ്ഞു.
കൊളീജിയം സംവിധാനത്തോട് കേന്ദ്ര സര്‍ക്കാര്‍ പല വേദികളിലും വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശുപാര്‍ശകള്‍ വൈകിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയും ശക്തമായ നിലപാടെടുത്തതോടെ തര്‍ക്കം രൂക്ഷമായിരുന്നു. സര്‍ക്കാര്‍ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നവരെ ജുഡീഷ്യറിയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ ഇത്തരമൊരു നീക്കമെന്ന വിമര്‍ശനവും അതിശക്തമായി ഉയര്‍ന്നിരുന്നു.

Eng­lish Sum­ma­ry: Cease fire on appoint­ment of judges

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.