ഏറ്റുമുട്ടല്‍ രൂക്ഷമായ ഉക്രെയ്ന്‍ നഗരങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. മാനുഷിക ഇടനാഴികള്‍ക്കായി വെടിനിര്‍ത്തലിന് റഷ്യ സമ്മതിച്ചതായി ഉക്രെയ്‌ന്‍ ഉപപ്രധാനമന്ത്രി അറിയിച്ചു.
കീവ്, കര്‍കീവ്, മരിയുപോള്‍, സുമി, ചെര്‍ണിവ് എന്നിവിടങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനാണ് പദ്ധതി. ഇന്ത്യന്‍ സമയം രാത്രി 12.30ന് ആരംഭിച്ച് നാളെ ഉച്ചയ്ക്ക് 12.30 വരെ വെടിനിര്‍ത്തല്‍ തുടരുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
മരിയുപോളിലും സെപോര്‍സിയയിലും മാനുഷിക ഇടനാഴിയില്‍ റഷ്യ ഷെല്ലാക്രമണം നടത്തിയെന്ന് ഉക്രെയ്‌ന്‍ വിദേശ മന്ത്രാലയം വക്താവ് ഒലെഗ് നികൊളെങ്കോ ആരോപിച്ചു.
തലസ്ഥാന നഗരമായ കീവിലും പരിസരങ്ങളിലും സ്ഫോടന പരമ്പരകളുണ്ടായി. പ്രദേശവാസികളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നതിന് നിര്‍ദേശം നല്കി. കീവ് തങ്ങളുടെ നിയന്ത്രണത്തില്‍ തന്നെയാണെന്നും റഷ്യന്‍ സേനയുടെ ആക്രമണത്തെ പ്രതിരോധിക്കുകയാണെന്നും ഉക്രെയ്‌ന്‍ സായുധ സേനാ ജനറല്‍ അറിയിച്ചു. രണ്ടുഘട്ട വെടിനിര്‍ത്തലിനിടെ 5000 പേരെ സുമിയില്‍ നിന്ന് ഒഴിപ്പിച്ചു.
ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ അവസാന സംഘം അതിര്‍ത്തികളിലേയ്ക്ക് നീങ്ങിയെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. നാളെ ഇവര്‍ ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം.
യുദ്ധത്തിന്റെ കെടുതിയായി 30 ലക്ഷം ഉക്രെയ്‌നികള്‍ക്ക് ആഹാരമില്ലെന്ന് യുഎന്‍ ഏജന്‍സിയായ ലോക ഭക്ഷ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷണമെത്തിക്കുന്നതിന് സംഘടനയുടെ മേധാവി ഡേവിഡ് ബീസ്‌ലി ലോകജനതയുടെ സഹായമഭ്യര്‍ത്ഥിച്ചു. അഭയാര്‍ത്ഥികളുടെ എണ്ണം 22 ലക്ഷം കടക്കുകയും ചെയ്തു.
ചെർണോബിൽ ആണവ നിലയത്തിന്റെ സുരക്ഷാ നിരീക്ഷണ നിയന്ത്രണം നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു. നിലയത്തില്‍ വൈദ്യുതി ബന്ധം താറുമാറായെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
സെപോര്‍സിയ, ചെര്‍ണോബില്‍ ആണവ നിലയങ്ങള്‍ ഏറ്റെടുത്തത് ആണവപ്രകോപനം ഒഴിവാക്കുന്നതിനാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വക്താവ് മരിയ സകറോവ പറഞ്ഞു. ഉക്രെയ്‌നെതിരായ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം നിഷ്പക്ഷ നിലപാട് തുടരണമെന്നാണ്. സമാധാന ചര്‍ച്ചകളിലൂടെ അക്കാര്യത്തില്‍ തീരുമാനമായാല്‍ നല്ലതെന്നും മരിയ പറഞ്ഞു. കഴിഞ്ഞമാസമാണ് ആണവ നിലയത്തിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തത്. അതിനിടെ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ നാളെ തുര്‍ക്കിയില്‍ ചര്‍ച്ച നടത്തും.
English Summary: Ceasefire again: The last Indian team will leave tomorrow
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.