22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 21, 2024
September 9, 2024
March 12, 2024
November 30, 2023
September 8, 2023
September 8, 2023
August 9, 2023
August 3, 2023
April 16, 2023
November 16, 2022

സെന്‍സസ് വൈകുന്നത് ചോദ്യം ചെയ്തു; സ്ഥിതിവിവര സ്റ്റാന്‍ഡിങ് കമ്മിറ്റി പിരിച്ചുവിട്ട് കേന്ദ്രത്തിന്റെ പ്രതികാരം

Janayugom Webdesk
ന്യൂഡല്‍ഹി
September 9, 2024 9:29 pm

സെന്‍സസ് നടപടികള്‍ വൈകുന്നത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് 14 അംഗ സ്ഥിതിവിവര സ്റ്റാന്‍ഡിങ് കമ്മിറ്റി(എസ്‌സിഒഎസ്) കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും മുന്‍ മുഖ്യ സ്റ്റാറ്റിസ്റ്റിഷ്യനുമായ പ്രണബ് സെന്‍ അധ്യക്ഷനായ കമ്മിറ്റിയെയാണ് പിരിച്ചുവിട്ടത്.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം ഈയിടെ രൂപീകരിച്ച ദേശീയ സാമ്പിള്‍ സര്‍വേയുടെ സ്റ്റിയറിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി കൂടിക്കുഴയുന്നതുകൊണ്ടാണ് കമ്മിറ്റി പിരിച്ചുവിട്ടതെന്ന് മന്ത്രാലയത്തിന് കീഴിലുള്ള എന്‍എസ്എസ്ഒ ഡയറക്ടര്‍ ജനറല്‍ ഗീത സാംഗ് റാത്തോഡ് അംഗങ്ങള്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നു. എന്നാല്‍ കമ്മിറ്റി പിരിച്ചുവിടാനുള്ള കാരണം അംഗങ്ങളെ അറിയിച്ചിട്ടില്ലെന്ന് അധ്യക്ഷന്‍ പ്രണബ് സെന്‍ പറഞ്ഞു. എന്തുകൊണ്ടാണ് സെന്‍സസ് ഇതുവരെ ആരംഭിക്കാത്തതെന്ന് അംഗങ്ങള്‍ യോഗത്തില്‍ ചോദിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

2018 ലാണ് പ്രണാബ് സെന്നിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചത്. 2023 ജൂലൈയില്‍ എല്ലാ മന്ത്രാലയങ്ങളെയും സര്‍വേകളില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി കമ്മിറ്റിയുടെ അധികാരം വിപുലപ്പെടുത്തി. ദേശീയ സാമ്പിൾ സർവേകളുടെ മേല്‍നോട്ടത്തിനായി ഈ വര്‍ഷം ജൂണിലാണ് പുതിയ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചത്. തുടര്‍ന്ന് സ്ഥിതിവിവര കമ്മിറ്റിയെ പിരിച്ചുവിടുകയായിരുന്നു. 

1870 മുതൽ ഓരോ പത്ത് വർഷത്തിലും ഇന്ത്യയിൽ സെൻസസ് നടത്താറുണ്ട്. 2011‑ലാണ് രാജ്യത്ത് അവസാന സെൻസസ് നടന്നത്. 2021ല്‍ നടത്തേണ്ടിയിരുന്ന സെന്‍സസ് നടപടികള്‍ കോവിഡ് കാരണം നടന്നില്ല. എന്നാൽ കോവിഡ് ആശങ്കകൾ അകന്നിട്ടും ഇതുവരെ ആരംഭിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുമില്ല. ഒട്ടുമിക്ക സ്റ്റാറ്റിസ്റ്റിക്കൽ സർവേകൾക്കും ഉപയോഗിക്കുന്ന വിവരങ്ങൾ ഇപ്പോഴും 2011 ലെ സെൻസസിൽ നിന്നാണ് എടുക്കുന്നത്. ഇത് അവയുടെ കൃത്യതയെയും ഗുണനിലവാരത്തെയും ബാധിക്കുന്നതായി സ്റ്റാന്‍ഡിങ് കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചിരുന്നു,
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍(എൻഎസ്‌സി) ചെയർമാൻ രാജീവ ലക്ഷ്മൺ കരണ്ടിക്കറാണ് പുതിയ സ്റ്റിയറിങ് കമ്മിറ്റിയുടെ തലവൻ. എസ്‌സിഒഎസിലെ നാല്‌ അംഗങ്ങളെ പുതിയ പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഗാർഹിക ഉപഭോക്തൃ ചെലവ് സർവേ തയ്യാറാക്കിയപ്പോള്‍ വിവരങ്ങള്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന് കൈമാറിയില്ലെന്ന് ആരോപിച്ച് എസ്‌സിഒഎസിനെതിരെ രാജീവ ലക്ഷ്മൺ കരണ്ടിക്കര്‍ രംഗത്തെത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.