രാജ്യത്ത് സെന്‍സസ് നടപടികള്‍ വീണ്ടും നീട്ടി. 2020 ഏപ്രിലില്‍ നടക്കേണ്ട സെന്‍സസാണ് ഒമ്പതാമത്തെ തവണയും മാറ്റിവച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ഒക്ടോബറിന് ശേഷമാകും സെന്‍സസ് കണക്കെടുക്കുകയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ജില്ലാ, താലൂക്ക്, നഗര, മുന്‍സിപ്പല്‍ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കാനുള്ള തീയതി 2024 ജൂണ്‍ 30 വരെ നീട്ടിക്കൊണ്ടാണ് ഉത്തരവിട്ടിരിക്കുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള സെന്‍സസ് ഒഴിവാക്കാന്‍ തീരുമാനിച്ചതായും അഡീഷണല്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍ജിഐ) കഴിഞ്ഞ ദിവസം എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ സെന്‍സസ് മാറ്റിവയ്ക്കുന്നതിന്റെ കൃത്യമായ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
2020 ഏപ്രില്‍ ഒന്നിന് നടത്തേണ്ടിയിരുന്ന സെന്‍സസ് കോവിഡ് മഹാമാരി മൂലമായിരുന്നു ആദ്യം മാറ്റിവച്ചത്. 1881ലാണ് ഓരോ പത്തുവര്‍ഷം കൂടുമ്പോഴും സെന്‍സസെടുക്കാന്‍ ആരംഭിച്ചത്. 2011ലായിരുന്നു അവസാനം സെന്‍സസ് നടന്നത്. നേരത്തെ സെന്‍സസും സീറ്റിന്റെ അതിര്‍ത്തി നിര്‍ണയവും പൊതു തിരഞ്ഞെടുപ്പിന് ശേഷം നടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞിരുന്നു. സെന്‍സസ് വൈകിയാല്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ച, പാര്‍ലമെന്റില്‍ 33 ശതമാനം സ്ത്രീ സംവരണമെന്ന ബില്ല് പ്രാബല്യത്തില്‍ വരാനും കാലതാമസം വരും.
വീടുകളുടെ എണ്ണവും തരംതിരിവുമൊക്കെയായി 31 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം 2020 ജനുവരിയില്‍ പുറത്തിറക്കിയിരുന്നു. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പിന് വേണ്ടി 28 ചോദ്യങ്ങളും അന്തിമമാക്കിയെങ്കിലും വിജ്ഞാപനം പുറത്തിറക്കിയിട്ടില്ല.
സെന്‍സസിന് പുറമെ 2021, 22, 23 വര്‍ഷങ്ങളിലെ ജനനം, മരണം, മരണകാരണങ്ങള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങളും ആര്‍ജിഐയുടെ ഓഫിസോ, സെന്‍സസ് കമ്മിഷണറോ പുറത്തുവിട്ടിട്ടില്ല. ഇക്കാരണത്താല്‍ ഇന്ത്യയിലെ ജനസംഖ്യയെക്കുറിച്ച് ആധികാരികമായ ഒരു വിവരവും ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ ഭക്ഷ്യധാന്യമുള്‍പ്പെടെയുള്ള പദ്ധതികളില്‍ നിന്ന് ഒട്ടേറെപ്പേര്‍ പുറത്താകാനിടയാക്കും.
English Summary: Census extended again: Postponing for the ninth time
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.