
സെന്‍സസിന്റെ ഭാഗമായുള്ള ഭവന പട്ടിക തയ്യാറാക്കല്‍ പ്രവര്‍ത്തനം ഏപ്രില്‍ ഒന്നിന് ആരംഭിക്കും. ഇത് സംബന്ധിച്ച് സെന്‍സസ് കമ്മിഷണര്‍ കൂടിയായ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ സംസ്ഥാന‑കേന്ദ്രഭരണപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.
ഭവന പട്ടിക തയ്യാറാക്കും മുമ്പ് സൂപ്പര്‍വൈസര്‍മാരെയും എന്യൂമറേറ്റര്‍മാരെയും നിയമിക്കുന്നതും അവര്‍ക്ക് ചുമതല നല്‍കുന്നതും സംസ്ഥാനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ നടത്തണമെന്നും കത്തില്‍ പറയുന്നു. സെന്‍സസ് രണ്ട് ഭാഗങ്ങളായാണ് നടത്തുന്നത്. ആദ്യത്തേത് ഭവന പട്ടിക തയ്യാറാക്കും. ഇതിനായി ഓരോ വീടിന്റെയും ഭവന സാഹചര്യങ്ങള്‍, ആസ്തികള്‍, സൗകര്യങ്ങള്‍ എന്നിവ ശേഖരിക്കും. രണ്ടാം ഘട്ടത്തില്‍ ജനസംഖ്യാ കണക്കെടുപ്പാണ്, അതില്‍ ഓരോ വീട്ടിലെയും അംഗങ്ങളുടെയും എണ്ണം, സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക, മറ്റ് വിവരങ്ങള്‍ ശേഖരിക്കുമെന്ന് കത്തില്‍ പറയുന്നു. ഈ നടപടികള്‍ 2027 ഫെബ്രുവരി ഒന്നിന് നടക്കും. സെന്‍സസിനൊപ്പം ജാതി കണക്കെടുപ്പും നടത്തുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി 34 ലക്ഷത്തിലധികം എന്യൂമറേറ്റര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും ഏകദേശം 1.3 ലക്ഷം സെന്‍സസ് പ്രവര്‍ത്തകരെയും വിന്യസിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയും സെന്‍സസ് നടത്തുന്നതിനാല്‍ പൗരന്മാര്‍ക്ക് സ്വയം എന്യൂമറേറ്റര്‍മാരാകാനും സൗകര്യമുണ്ട്. പൗരന്മാരോട് ചോദിക്കുന്നതിനായി ഏകദേശം മൂന്ന് ഡസന്‍ ചോദ്യങ്ങള്‍ രജിസ്ട്രാര്‍ ജനറലിന്റെയും സെന്‍സസ് കമ്മിഷണറുടെയും ഓഫിസ് തയ്യാറാക്കിയിട്ടുണ്ട്. ഫോണുകള്‍, ഇന്റര്‍നെറ്റ്, വാഹനങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുടെ ഉടമസ്ഥാവകാശത്തെ കുറിച്ചും വീടുകളിലെ സര്‍വേയില്‍ ചോദിക്കും. ധാന്യ ഉപയോഗം, കുടിവെള്ള, വൈദ്യുതി സ്രോതസുകള്‍, ഏത് തരം ശൗചാലയം, അത് വീടിന് അകത്താണോ, സ്ത്രീ-ഭിന്നശേഷി സൗഹൃദമാണോ, മലിനജല നിര്‍മ്മാര്‍ജനം എങ്ങനെ?, കുളിമുറി-അടുക്കള സൗകര്യങ്ങള്‍, പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനം, എല്‍പിജി/പിഎന്‍ജി കണക്ഷന്‍ എന്നിവയെ കുറിച്ചും ചോദ്യങ്ങളുണ്ടാകും.
വീടിന്റെ തറ, ചുമരുകള്‍, മേല്‍ക്കൂര എന്നിവയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍, അതിന്റെ നിലവിലെ അവസ്ഥ, താമസക്കാരുടെയും മുറികളുടെയും എണ്ണം, വിവാഹിതരായ ദമ്പതികളുണ്ടോ, ഗൃഹനാഥ വനിതയാണോ, പട്ടികജാതിയിലോ-ഗോത്രത്തിലോ പെട്ടയാളാണോ തുടങ്ങിയ കൂടുതല്‍ ചോദ്യങ്ങളുമുണ്ട്. 16-ാം സെന്‍സസും സ്വാതന്ത്ര്യത്തിന് ശേഷമുള്ള എട്ടാമത്തേതുമാണ് നിലവില്‍ നടക്കാന്‍ പോകുന്ന സെന്‍സസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.