
കേരളത്തിലെ കൊല്ലം തീരത്തുള്ളവ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 13 ഓഫ്‌ഷോർ ധാതു ഖനന ബ്ലോക്കുകൾക്കായുള്ള ലേല നടപടികൾ കേന്ദ്ര ഖനന മന്ത്രാലയം റദ്ദാക്കി. ലേലത്തിൽ പങ്കെടുക്കാൻ ഒരു കമ്പനിയും മുന്നോട്ട് വരാതിരുന്നതിനെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന. പലതവണ സമയപരിധി നീട്ടി നൽകിയിട്ടും നിക്ഷേപകരെ ആകർഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ രാജ്യത്താകെയുള്ള 13 ഓഫ്‌ഷോർ ധാതു ഖനന ബ്ലോക്കുകളിലെ ലേല നീക്കങ്ങള്‍ കേന്ദ്രം പൂർണ്ണമായി റദ്ദാക്കി. കൊല്ലം തീരത്തോട് ചേർന്നുള്ള മൂന്ന് ബ്ലോക്കുകളിലാണ് കേന്ദ്രം ആദ്യം കടൽ മണൽ ഖനനത്തിന് നീക്കം ആരംഭിച്ചത്. ഈ നടപടിക്കെതിരെ കേരളത്തിൽ ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു. കടൽ മണൽ ഖനനം തീരദേശത്ത് ഗുരുതരമായ പാരിസ്ഥിതിക നാശത്തിനും തീരശോഷണത്തിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാർ രണ്ടു തവണ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഈ നീക്കം ഉപേക്ഷിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിൽനിന്നുള്ള ശക്തമായ എതിർപ്പുകൾ കാരണം ഇന്ത്യൻ കമ്പനികൾ ലേല നടപടികളിൽ നിന്ന് വിട്ടുനിന്നു. ഇതോടെ, വിദേശ കമ്പനികൾക്കും അവരുടെ ഉപകമ്പനികൾക്കും ലേലത്തിൽ പങ്കെടുക്കാമെന്ന് വ്യവസ്ഥകളിൽ ഭേദഗതി വരുത്തി. എന്നിട്ടും ഒരു കമ്പനിയും താൽപര്യം പ്രകടിപ്പിക്കാതിരുന്നതിനെത്തുടർന്ന്, ജൂലൈ 15 ന് നിശ്ചയിച്ച ലേല നടപടികൾ റദ്ദാക്കുകയായിരുന്നു. കൊല്ലം പരപ്പിൽ ഏകദേശം 242 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഖനനത്തിനായി ആദ്യം കണ്ടെത്തിയിരുന്നത്. കേരളത്തിന് സമീപം കടലിൽ 74.5 കോടി ടൺ മണൽ ശേഖരം ഉണ്ടെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ.
കേരളത്തിന് പുറമേ രാജ്യത്തെ വിവിധ തീരങ്ങളിലെ ഖനന ലേലങ്ങളും കമ്പനികളുടെ പങ്കാളിത്തക്കുറവ് കാരണം റദ്ദാക്കി. ഗുജറാത്തിലെ പോർബന്ദർ തീരത്തോട് ചേർന്നുള്ള മൂന്ന് ബ്ലോക്കുകളിലെ ചുണ്ണാമ്പ് കളിമണ്ണ് ഖനനത്തിനുള്ള ടെൻഡറുകളും ഇതില്‍ ഉള്‍പ്പെടുന്നു. ആൻഡമാൻ കടലിൽ ഗ്രേറ്റ് നിക്കോബാർ ദ്വീപസമൂഹത്തിൽ ഉൾപ്പെട്ട നാല് ബ്ലോക്കുകളിലെ ഖനനത്തിനുള്ള ടെൻഡർ നടപടികളും ഇതേ കാരണത്താൽ ഉപേക്ഷിച്ചു. ഗ്രേറ്റ് നിക്കോബാർ ദ്വീപസമൂഹത്തിലെ മറ്റു മൂന്ന് ബ്ലോക്കുകളിൽ ഹോളി മെറ്റാലിക് നോഡ്യൂൾ ഖനനത്തിനായി കമ്പനികൾ ടെൻഡറിൽ പങ്കെടുത്തുവെങ്കിലും, സാങ്കേതിക യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇതോടെ ഈ മൂന്ന് ബ്ലോക്കുകളിലെ ലേല നടപടികളും റദ്ദാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.