റഷ്യയിൽ യുദ്ധത്തിനിടെ കൊല്ലപ്പെട്ട ബിനിൽ ബാബുവിന്റെ മൃതദേഹം എത്രയും പെട്ടെന്ന് കേരളത്തിൽ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാളാണ് എക്സ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. യുദ്ധത്തിൽ പരുക്കേറ്റ ജെയ്ൻ കുര്യനെയും ഇന്ത്യയിൽ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബിനിലിന്റെ കുടുംബത്തോട് അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മോസ്കോയിലെ ഇന്ത്യൻ എംബസി ഇരുവരുടെയും കുടുംബങ്ങളുമായി ബന്ധപ്പെട്ടെന്നും, സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് നേരത്തേ എത്തിക്കുന്നതിനായി റഷ്യൻ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. പരുക്കേറ്റ വ്യക്തിയെ നേരത്തെ ഡിസ്ചാർജ് ചെയ്യാനും ഇന്ത്യയിലേക്ക് തിരിച്ചയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മോസ്‌കോയിലെ റഷ്യൻ അധികാരികളോടും ഡൽഹിയിലെ റഷ്യൻ എംബസിയോടും ശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഷെല്ലാക്രമത്തില്‍ ബിനില്‍ കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന ബന്ധു ജയിന്‍ കുര്യന് പരിക്കേല്‍ക്കുകയും ചെയ്തതായി ചൊവ്വാഴ്ച വാര്‍ത്ത പുറത്തു വന്നിരുന്നു. ഇവര്‍ക്കൊപ്പം യുദ്ധമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ സ്വദേശിയായ സന്ദീപ് ചന്ദ്രന്‍ (36) കഴിഞ്ഞ സെപ്റ്റംബറില്‍ കൊല്ലപ്പെട്ടിരുന്നു. റവന്യുമന്ത്രി കെ രാജന്‍ റഷ്യയില്‍ മരിച്ച ബിനിലിന്റെ കുട്ടനെല്ലൂരിലെ കരുണാ ലൈനിലുള്ള തോലത്തു വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ബിനിലിന്റെ മൃതദേഹം വേഗത്തില്‍ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് നോര്‍ക്ക ഏകോപിപ്പിക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശാനുസരണം ബിനിലിന്റെ മൃതദേഹം വേഗം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ട് സ്വീകരിച്ചുവരികയാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു. ബിനിലിനെയും ജയിനെയും നാട്ടിലെത്തിക്കുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പരിശ്രമിച്ചുവരവേയാണ് ദാരുണമായ സംഭവം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.