17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 4, 2024
November 2, 2024
October 31, 2024
October 30, 2024
October 26, 2024
October 25, 2024
October 18, 2024
October 18, 2024
October 17, 2024
October 6, 2024

വയോജനക്ഷേമത്തിനുവേണ്ടി കേന്ദ്രം ഒന്നും ചെയ്യുന്നില്ല: ബിനോയ് വിശ്വം

സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ സമ്മേളനം ആരംഭിച്ചു
Janayugom Webdesk
കൊല്ലം
August 23, 2024 9:46 am

ദേശീയവിഹിതത്തില്‍ മുന്തിയപങ്കും കയ്യടക്കുന്ന കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് വയോജന ക്ഷേമത്തിനു വേണ്ടി സമഗ്രപദ്ധതി നടപ്പാക്കുന്നില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം ചോദിച്ചു. സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ സംസ്ഥാനസമ്മേളനം കടപ്പാക്കട സ്പോർട്സ് ക്ലബ്ബ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നല്‍കുന്ന വയോജനപെന്‍ഷന്‍ 1600 രൂപയാണ്. അതില്‍ കേന്ദ്രവിഹിതം 200 രൂപ മാത്രം. ഏര്‍പ്പെടുത്തുന്ന സമയത്ത് പ്രഖ്യാപിച്ച 400 രൂപയില്‍ 200 രൂപ കേന്ദ്രത്തിന്റെ വിഹിതമായും ആ തുക തന്നെയാണ് ഇപ്പോഴും അവര്‍ നല്‍കുന്നത്. പെന്‍ഷന്‍ തുക 1600 ആക്കിയിട്ടും ആനുപാതികമായി അവരുടെ വിഹിതം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം തയ്യാറല്ല. പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചതില്‍ സംസ്ഥാനത്തെ കുറ്റപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്.

കേരളം ഭരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരായതുകൊണ്ടാണ് കേന്ദ്രത്തെ കാത്തുനില്‍ക്കാതെ വയോജനങ്ങളുടെ നാലിരട്ടിയായി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഈ തുക അയ്യായിരമെങ്കിലും ആക്കേണ്ടതാണ്. അതില്‍ കേന്ദ്രവിഹിതം എത്രയുണ്ടാകുമെന്ന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ദ്ധക്യം അനിര്‍വാര്യമായ ജീവിതഘട്ടമാണ്. നമ്മെ ഓരെരുത്തരെയും വാര്‍ദ്ധക്യം കാത്തിരിക്കുന്നുവെന്ന് ഇന്ന് ചെറുപ്പക്കാരായ ആളുകള്‍ ചിന്തിക്കണം. വയോജനപ്രശ്നങ്ങളോട് ദാക്ഷിണ്യപൂര്‍ണ്ണമായ സമീപനം എല്ലാഭാഗത്തുനിന്നുമുണ്ടാകണം. വാര്‍ധക്യം ബാധിച്ചവര്‍ ഓടിത്തളര്‍ന്ന കുതിരയെപ്പോലെയാണ്. ഒരുകാലത്ത് നമ്മെ ലക്ഷ്യത്തിലെത്തിക്കാന്‍ കുതിച്ചുപാഞ്ഞവരാണവര്‍. വാര്‍ധക്യത്തിന്റെ വ്യഥ മനസിലാക്കുന്ന സമൂഹം വേണമെന്നും അദ്ദേഹം പറഞ്ഞു. 

ആരോഗ്യമേഖല ശക്തമായതുകൊണ്ടാണ് കേരളത്തില്‍ വയോജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതെന്ന് മുഖ്യപ്രഭാഷണത്തില്‍ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. സീനിയർ സിറ്റിസൺസ് കൗണ്‍സില്‍ സർവീസ് പ്രസിഡന്റ് എൻ അനന്തകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ ജയചന്ദ്രൻ കല്ലിംഗൽ (ജോയിന്റ് കൗൺസിൽ), ഡോ. ജെ ഹരികുമാർ (കെജിഒഎഫ്) കെ എസ് സുധികുമാർ (സെക്രട്ടറിയറ്റ് സ്റ്റാഫ് അസോസിയേഷൻ), സുകേശൻ ചൂലിക്കാട് (സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് കൗൺസിൽ), കെ എൻ കെ നമ്പൂതിരി, എസ് ഹനീഫാ റാവുത്തർ, കെ എസ് സുരേഷ്‌കുമാർ, ജി സുരേന്ദ്രൻ പിള്ള, ടി കെ ചക്രപാണി, ഡി രാമചന്ദ്രൻ പിള്ള, കെ എൽ സുധാകരൻ, പി വിജയമ്മ എന്നിവർ സംസാരിച്ചു.

ഡോ. വെള്ളിമൺ നെൽസൻ രചിച്ച് പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച കേരളത്തിലെ വയോജനങ്ങൾ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കമലാ സദാനന്ദന് നൽകി ബിനോയ് വിശ്വം നിർവഹിച്ചു. ഉച്ചയ്ക്കു ശേഷം എൻ കെ പ്രേമചന്ദ്രൻ എംപി സമ്മേളനത്തെ അഭിസംബോധന ചെയ്തു. മൂന്നരമണിക്ക് ഡോ. അലക്സാണ്ടർ ജേക്കബ്, മുല്ലക്കര രത്നാകരൻ എന്നിവർ പ്രഭാഷണം നടത്തി. അഞ്ച് മണിക്ക് സാഹിതീ സല്ലാപത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സാംസ്കാരിക സമ്മേളനവും കലാകാവ്യ സന്ധ്യയും ചവറ കെ എസ് പിള്ള ഉദ്ഘാടനം ചെയ്തു. ഡോ. വെള്ളിമൺ നെൽസന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മുത്താന സുധാകരൻ, ടി ഗോപാലകൃഷ്ണൻ, ശാന്താലയം ശ്രീകുമാർ എന്നിവർ സംസാരിച്ചു. പ്രമുഖ കവികളും ഗായകരും കലാകാരന്മാരും പങ്കെടുത്തു.

TOP NEWS

November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.