
ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം സംസ്ഥാന സർക്കാർ മുൻകൂറായി നൽകിയിട്ടും വിതരണം ചെയ്യാതെ കേന്ദ്ര സര്‍ക്കാര്‍. ഡിസംബർ 15നുള്ളിൽ മുഴുവൻ പേർക്കും തുക ലഭ്യമാക്കത്തക്ക രൂപത്തിൽ സംസ്ഥാന സർക്കാർ കൈമാറിയ തുക മാസാവസാനമായിട്ടും ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല.
ഡിസംബറിലെ ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതമായി നൽകേണ്ട 24.75 കോടി രൂപ സംസ്ഥാന സർക്കാർ മുൻകൂറായി അനുവദിച്ചിരുന്നു. ഈ തുക 8,46,456 ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കേണ്ടത് കേന്ദ്ര സർക്കാരാണ്. വാർധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ എന്നിവയിലാണ് 200 മുതൽ 500 രൂപവരെ കേന്ദ്ര വിഹിതമുള്ളത്. ഈ തുകയാണ് മുടങ്ങിയത്. ബാക്കി സംസ്ഥാന സർക്കാരിന്റെ വിഹിതം എല്ലാ പെൻഷൻകാർക്കും ലഭിച്ചിട്ടുണ്ട്.
നേരത്തെ കേന്ദ്ര വിഹിതം ചേർത്തുള്ള മുഴുവൻ തുകയും സംസ്ഥാന സർക്കാരാണ് പെൻഷൻകാരുടെ അക്കൗണ്ടിലേക്ക് നൽകിയിരുന്നത്. കേന്ദ്ര സർക്കാർ വിഹിതം ലഭിച്ചില്ലെങ്കിലും സംസ്ഥാനം മുഴുവൻ തുകയും നൽകുമായിരുന്നു. പിന്നീട് കേന്ദ്ര സർക്കാരിൽനിന്ന് തിരിച്ചുവാങ്ങുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്.
2023 ഏപ്രിൽ മുതൽ കേന്ദ്ര വിഹിതം തങ്ങൾതന്നെ നേരിട്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നൽകിക്കൊള്ളാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ, ഇത്തരത്തിൽ കേന്ദ്ര വിഹിതം യഥാസമയം ഗുണഭോക്താക്കൾക്ക് ഒരു മാസംപോലും നൽകിയില്ല. ഇതിനെത്തുടർന്നാണ് കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ തന്നെ മുൻകൂറായി നൽകാൻ തീരുമാനിച്ചത്.
കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് എന്ന ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ സംവിധാനം വഴിയാണ് കേന്ദ്ര വിഹിതം ഗുണഭോക്താക്കൾക്ക് നൽകേണ്ടത്. ഇതനുസരിച്ച് അതത് മാസത്തെ 8,46,456 പേരുടെ കേന്ദ്ര വിഹിത വിതരണത്തിന് ആവശ്യമായ തുകയായ 24.75 കോടി രൂപ സംസ്ഥാനത്തെ പിഎഫ്എംഎസ് യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുകയാണ് ചെയ്യുന്നത്. ഈ യൂണിറ്റ് വഴി ഓരോ ഗുണഭോക്താവിന്റെയും അക്കൗണ്ടിലേക്ക് കേന്ദ്ര വിഹിത തുക നൽകും. ഇതനുസരിച്ച് ഡിസംബറിലെ തുകയും നേരത്തെ തന്നെ കൈമാറിയിരുന്നു. എന്നാൽ, ഇത് കൃത്യമായി വിതരണം ചെയ്യാൻ പിഎഫ്എംഎസിന്റെ ചുമതലക്കാർ തയ്യാറായിട്ടില്ല. മുൻകാലങ്ങളിലും ഇത്തരത്തിൽ തുക വൈകിപ്പിക്കുന്ന നടപടി ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം സാങ്കേതിക തടസമെന്ന കാരണം പറഞ്ഞ് കയ്യൊഴിയുന്ന സമീപനമാണ് പിഎഫ്എംഎസിന്റെ ചുമതലക്കാർ സ്വീകരിച്ചിട്ടുള്ളത്.
സംസ്ഥാനം മുൻകൂർ നൽകുന്ന തുക കേന്ദ്രം ഒരിക്കലും കൃത്യമായി മടക്കി നൽകാറില്ല. പലപ്പോഴും വർഷങ്ങൾ കഴിഞ്ഞാലും ഈ തുക ലഭിക്കാറില്ല. ഇത്തരത്തിൽ നിലവിൽ കേരളത്തിന് ലഭിക്കാനുള്ളത് 265 കോടി രൂപയാണ്. വാർധക്യകാല പെൻഷനിൽ 200 രൂപയാണ് കേന്ദ്ര വിഹിതം. 80 വയസിനുമുകളിലുള്ളവർക്ക് 500 രൂപ ലഭിക്കും. വികലാംഗ പെൻഷനിൽ 80 ശതമാനത്തിന് മുകളിൽ അംഗപരിമിതിയുള്ള 18 വയസിന് മുകളിലും 80 വയസിന് താഴെയുമുള്ളവർക്ക് 300 രൂപയും, 80 വയസിന് മുകളിലുള്ളവർക്ക് 500 രൂപയുമാണ് കേന്ദ്ര വിഹിതം. വിധവാ പെൻഷനിൽ 300 രൂപയാണ് കേന്ദ്ര വിഹിതമുള്ളത്.
സംസ്ഥാനം മുൻകൂറായി നൽകുന്ന കേന്ദ്ര വിഹിതവും മുടക്കുകവഴി സംസ്ഥാന സർക്കാരിനെ പഴി കേൾപ്പിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.