24 December 2025, Wednesday

Related news

December 20, 2025
December 17, 2025
December 16, 2025
December 16, 2025
December 12, 2025
December 6, 2025
November 26, 2025
November 18, 2025
October 31, 2025
October 18, 2025

വയനാട് താല്‍ക്കാലിക പുനരധിവാസം ദ്രുതഗതിയില്‍

Janayugom Webdesk
കല്പറ്റ
August 24, 2024 11:10 pm

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ താല്‍ക്കാലിക പുനരധിവാസം പൂര്‍ത്തിയാക്കി. ഇന്നലെ വെള്ളരിമല സ്വദേശി കൂടി മേപ്പാടിയിലെ വാടക വീട്ടിലേക്ക് മാറിയതോടെ ക്യാമ്പിലുണ്ടായിരുന്ന 728 കുടുബങ്ങള്‍ക്കും താമസിക്കാനിടമായി.
സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍, സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത വാടകവീടുകള്‍, ദുരന്തബാധിതര്‍ സ്വന്തം നിലയില്‍ കണ്ടെത്തിയ വാടകവീടുകള്‍, ബന്ധുവീടുകള്‍, സ്വന്തം വീടുകള്‍ എന്നിവിടങ്ങളിലേക്ക് 2,569 പേരാണ് മാറിത്താമസിച്ചത്. ഉരുൾപൊട്ടിയ ജൂലൈ 30 മുതൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചിരുന്ന മേപ്പാടി ഹയർ സെക്കന്‍ഡറി സ്കൂളിൽ 27 മുതൽ അധ്യയനം ആരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. മേപ്പാടി ജിഎൽപിഎസ്, ജിഎച്ച്എസ് സ്കൂളുകളും അന്ന് തുറക്കും.

താൽക്കാലികമായി പുനരധിവസിപ്പിച്ചവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിൽ അടിയന്തരമായി പരിഹരിക്കും. അന്തിമ പുനരധിവാസം സർവതലസ്പർശിയായ രീതിയിലാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. ജനങ്ങൾ പങ്കുവച്ച നിർദേശങ്ങൾ കൂടി പരിഗണിച്ചാവും പുനരധിവാസ പാക്കേജിന് രൂപം നൽകുക. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, നാട്ടുകാർ, സന്നദ്ധ സംഘടനകൾ തുടങ്ങി എല്ലാവരുടെയും സഹകരണം കൊണ്ടാണ് താൽക്കാലിക പുനരധിവാസം സാധ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു.

ദുരന്തത്തിൽപ്പെട്ട് ചികിത്സ കഴിഞ്ഞ് തിരിച്ചുവരുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സഹായങ്ങളും നൽകുന്നതോടൊപ്പം അർഹമായ ആനുകൂല്യങ്ങളും ലഭ്യമാക്കും. ഇവരെയും സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സ്ഥിര പുനരധിവാസം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം പ്രതിപക്ഷനേതാവ്, പ്രതിപക്ഷ ഉപനേതാവ് എന്നിവരുമായി കൂടിയാലോചിച്ചായിരിക്കും തീരുമാനമെടുക്കുക. ദുരന്തം സംബന്ധിച്ച് കേന്ദ്ര സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഓഗസ്റ്റ് 18ന് റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കേന്ദ്രം അനുഭാവപൂർവ്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിൽ മന്ത്രിക്കൊപ്പം ടി സിദ്ധിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു എന്നിവരും പങ്കെടുത്തു.

സെപ്റ്റംബര്‍ രണ്ടിന് പ്രവേശനോത്സവം

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാർമല ജിവിഎച്ച്എസ്എസ് മേപ്പാടി ജിഎച്ച്എസ്എസിലും, മുണ്ടക്കൈ ജിഎൽപി സ്കൂൾ മേപ്പാടി എപിജെ ഹാളിലും സെപ്റ്റംബർ രണ്ടിന് പ്രവർത്തനമാരംഭിക്കും. കുട്ടികളുടെ സന്തോഷത്തിനും മാനസികോല്ലാസത്തിനുമായി അന്ന് പ്രവേശനോത്സവം നടത്തും.

ചൂരൽമലയിൽ നിന്ന് മേപ്പാടി സ്കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് മൂന്ന് കെഎസ്ആർടിസി ബസുകൾ സ്റ്റുഡൻസ് ഒൺലി ആയി സർവീസ് നടത്തും. മറ്റു സ്ഥലങ്ങളിൽ നിന്ന് കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ സൗജന്യ യാത്രയ്ക്കായി പ്രത്യേക പാസ് അനുവദിക്കുമെന്നും മന്ത്രി കെ രാജന്‍ അറിയിച്ചു.

ടോള്‍ ഫ്രീ നമ്പര്‍

താൽകാലിക പുനരധിവാസവും ദുരന്തവുമായി ബന്ധപ്പെട്ട മറ്റു സഹായങ്ങൾക്കും ജനങ്ങള്‍ക്ക് ബന്ധപ്പെടുന്നതിന് 1800 2330221 എന്ന ടോൾഫ്രീ നമ്പർ ഏർപ്പെടുത്തി. അസിസ്റ്റന്റ് കളക്ടർ ഗൗതം രാജിനാണ് ചുമതല.

ബാക്ക് ടു ഹോം കിറ്റുകള്‍

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും മാറിത്താമസിച്ചവര്‍ക്ക് ‘ബാക്ക് ടു ഹോം കിറ്റുകളും’ ജില്ലാ ഭരണകൂടം എത്തിച്ചു. വീട്ടുപകരണങ്ങള്‍, ശുചീകരണം, വ്യക്തിശുചിത്വ കിറ്റുകള്‍, ഭക്ഷണസാമഗ്രികള്‍ എന്നിവയുൾപ്പെടെയാണ് നല്‍കിയത്. ദുരന്തബാധിത കുടുംബത്തിലെ തൊഴിൽരഹിതരായ ഒരാൾക്ക് പ്രതിദിനം മുന്നൂറ് രൂപ വീതം പരമാവധി രണ്ടുപേർക്ക് പ്രതിമാസം 18,000 രൂപ ധനസഹായവും സർക്കാർ പ്രഖ്യാപിച്ച 6,000 രൂപ മാസവാടകയും നൽകും.

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.