ആരോഗ്യപരമായ കേന്ദ്ര — സംസ്ഥാന ബന്ധത്തിന് സംസ്ഥാനങ്ങളുടെ ധനകാര്യ സുസ്ഥിരത കാലഘട്ടം ആവശ്യപ്പെടുന്നതാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അതിന്റെ പ്രധാന ഘടകമാണ് യൂണിയൻ സർക്കാരിൽനിന്ന് സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട അർഹമായ ധന വിഭവങ്ങൾ. എന്നാൽ, തികച്ചും വിഭിന്നമായ നിലപാടാണ് യൂണിയൻ സർക്കാർ സ്വീകരിക്കുന്നത്. നീതിപൂർവമല്ലാത്ത ധന വിഭജന രീതികളാണ് യൂണിയൻ സർക്കാർ സ്വീകരിക്കുന്നത്. രാജ്യത്തെ മൊത്തം പൊതുചെലവിന്റെ 62.4 ശതമാനവും സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരുന്നു. എന്നാൽ, രാജ്യത്തെ മൊത്തം വരുമാനത്തിന്റെ 37.3 ശതമാനം മാത്രം സംസ്ഥാനങ്ങൾക്ക് ലഭിക്കുമ്പോൾ 63 ശതമാനത്തോളം കേന്ദ്രത്തിനാണ് കിട്ടുന്നത്.
യൂണിയൻ സർക്കാർ വരുമാനം സംസ്ഥാനങ്ങൾക്ക് വിഭജിക്കേണ്ടതില്ലാത്ത പൂളിലേക്ക് മാറ്റപ്പെടുന്നുവെന്നതാണ് മറ്റൊരു പ്രശ്നം. ഇതിനായി സെസ്, സർചാർജ് തുടങ്ങിയവ ആയുധമാക്കുന്നു. 2011–12ൽ കേന്ദ്ര സർക്കാരിന്റെ വരുമാനത്തിൽ സെസ്, സർചാർജ് എന്നിവയുടെ പങ്ക് 9.4 ശതമാനമായിരുന്നു. 2022–23ല്‍ അത് 22.8 ശതമാനമായി ഉയർന്നു. സെസും സർചാർജും സംസ്ഥാനങ്ങളുമായി പങ്ക് വയ്ക്കുന്ന പൊതു പൂളിൽ ഉൾപ്പെടുന്നില്ല. ഇത് സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടത്തിന് കാരണമാകുന്നു. പതിനഞ്ചാം ധന കമ്മിഷൻ യൂണിയൻ സർക്കാരിന്റെ വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാൻ ശുപാർശ ചെയ്തു. ഫലത്തിൽ സംസ്ഥാനങ്ങൾക്ക് ലഭിച്ചത് ഏകദേശം 29.6 ശതമാനം മാത്രം. ഇതിന് കാരണം ഉയർന്ന തോതിലുള്ള സെസും സർചാർജുമാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിലും സംസ്ഥാനങ്ങളുടെ താല്പര്യങ്ങൾ പരിഗണിക്കപ്പെടുന്നില്ല.
കേരളത്തിന് കേന്ദ്ര ധന വിഹിതത്തിൽ വലിയ വെട്ടിക്കുറവ് വരുന്ന ശുപാർശകളാണ് മുൻ ധനകാര്യ കമ്മിഷനുകളിൽനിന്ന് ഉണ്ടായിട്ടുള്ളത്. പത്താം ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്ത വിഹിതം 3.875 ശതമാനമായിരുന്നു. പതിനഞ്ചാം ധനകാര്യ കമ്മിഷൻ നിർദേശിച്ചത് 1.92 ശതമാനവും. ഉത്തര്‍പ്രദേശിന് പത്താം ധനകാര്യ കമ്മിഷൻ നീക്കിവച്ചത് 17.8 ശതമാനം. പതിനഞ്ചാം ധന കമ്മിഷൻ നിക്കിവച്ചത് 17.9 ശതമാനവും. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങൾക്കും പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശകളിൽ വലിയ ധന നഷ്ടമാണുണ്ടായത്. കേരളത്തിന്റെ മൊത്തം നികുതി വരുമാനത്തിലെ കേന്ദ്ര നികുതി വിഹിത ഭാഗം വെറും 21 ശതമാനമാണ്. 79 ശതമാനവും സംസ്ഥാനം തന്നെ സമാഹരിക്കുന്നതാണ്. എന്നാൽ, ദേശീയ ശരാശരി 65 ശതമാനമാണ്. അതായത് ഒട്ടേറെ സംസ്ഥാനങ്ങൾക്ക് മൊത്തം നികുതി വരുമാനത്തിന്റെ ശരാശരി 65 ശതമാനം വരെ കേന്ദ്ര നികുതി വിഹിതമായി ലഭിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിന് ശരാശരി 45 ശതമാനം വരെ ലഭിച്ചിരുന്ന കേന്ദ്ര നികുതി വിഹിതമാണ് ഇപ്പോൾ 21 ശതമാനത്തിലേക്ക് കൂപ്പുകൂത്തിയത്. സംസ്ഥാനങ്ങളുടെ കടമെടുപ്പ് അവകാശങ്ങളിലും ഇത്തരം വിവേചന നിലപാടുകൾ നിലനിൽക്കുന്നു.
ധനകാര്യ കമ്മിഷൻ മാനദണ്ഡ രൂപീകരണം മൂലം ചില സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വലിയ വരുമാന നഷ്ടം പരിഹരിക്കാൻ എന്ന പേരിൽ നിർദേശിച്ച റവന്യു കമ്മി ഗ്രാന്റും മതിയായ നഷ്ട പരിഹാരമായില്ല. അർഹതപ്പെട്ട നിലയിൽ നികുതി വിഹിതം തുടർന്നും ലഭിച്ചേ മതിയാകൂ. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റിലും കാലികമായ വർധന ആവശ്യമാണ്. ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്ന കേരളത്തിന് പ്രത്യേക അധിക സഹായത്തിനും അർഹതയുണ്ട്.
വിവിധ സംസ്ഥാനങ്ങൾക്കും ഇത്തരത്തിൽ സാമ്പത്തിക വിവേചനം നേരിടേണ്ടിവരുന്നു. ഇക്കാര്യങ്ങളെല്ലാം ചർച്ചയുടെ ഭാഗമാകുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പൊതുനിലപാടുകളുടെ ആവശ്യകത സംബന്ധിച്ച ധാരണകൾക്കും സമ്മേളനം വേദിയാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.