സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം നല്‍കുന്നതിനായി ആവശ്യപ്പെടുമ്പോള്‍ കേന്ദ്രം മര്‍ക്കടമുഷ്ടി കാണിക്കുകയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിന് നിലവില്‍ കിട്ടാനുള്ള 13,000 കോടിയോളം രൂപ നല്‍കണമെങ്കില്‍ സുപ്രീം കോടതിയിലെ കേസ് പിന്‍വലിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ബ്ലാക്ക് മെയില്‍ ചെയ്യുന്ന തരത്തിലാണ് ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങളെന്നും ധനമന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ അഭിമാനം പ്രധാനമാണ്. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും വലിയ പ്രതിസന്ധിയിലേക്ക് പോകാത്ത രീതിയില്‍ കാര്യങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
25,000 കോടി രൂപയോളം സംസ്ഥാനത്തിന് അര്‍ഹമായ വിഹിതങ്ങളിലായി ലഭിക്കാനുണ്ട്. അത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, ഇതിലുള്‍പ്പെടാത്ത തുകയായ 13,000 കോടി രൂപ നല്‍കുന്നതിനാണ് കേന്ദ്രം ഇപ്പോള്‍ നിബന്ധന വച്ചിരിക്കുന്നത്. കേസുമായി ബന്ധമില്ലാത്ത പണം നല്‍കണമെങ്കില്‍ കേസ് പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഹര്‍ജി കൊടുത്തില്ലെങ്കിലും കേന്ദ്രം തരേണ്ടതാണ് ഈ തുക. സംസ്ഥാനത്തിന് മേല്‍ സമ്മര്‍ദം ചെലുത്തി കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രം.
കേരളത്തിന്റെ ചോദ്യങ്ങള്‍ക്ക് കോടതിയില്‍ മറുപടി പറയാന്‍ കേന്ദ്രത്തിന് ബുദ്ധിമുട്ടുണ്ടാകും. അതാണ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ 22,000 കോടി രൂപയോളമാണ് സംസ്ഥാനം ചെലവഴിച്ചത്. ഇത്തവണയും അത്തരത്തില്‍ ആവശ്യങ്ങളുണ്ട്. ട്രഷറി അടച്ചിടുകയും ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ നല്‍കാന്‍ പറ്റാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് കേരളത്തെ എത്തിക്കാനാണ് ശ്രമം.
പല സംസ്ഥാനങ്ങളുടെയും വിഷയമാണിത്. ഒരു സംസ്ഥാനത്തിനും പ്രത്യേകിച്ച് ഒരു അവകാശങ്ങളുമില്ലെന്ന് വരുത്തിത്തീര്‍ക്കുന്നു. രാജ്യത്ത് സഹകരണ ഫെഡറലിസം തകര്‍ക്കുന്നു. തങ്ങളുടെ കയ്യിലാണ് ഇതിനുള്ള അധികാരം എന്നതുകൊണ്ടാണ് കേന്ദ്രം ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്നതെന്നും അധികാരം വല്ലാതെ ദുരുപയോഗപ്പെടുത്തുകയാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
English Summary:Center is blackmailing the state: Minister KN Balagopal
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.