6 January 2025, Monday
KSFE Galaxy Chits Banner 2

കേന്ദ്രം ശ്വാസംമുട്ടിക്കുന്ന തൊഴിലുറപ്പ് പദ്ധതി

Janayugom Webdesk
December 5, 2024 5:00 am

രാജ്യത്ത് ഗ്രാമീണ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നതിലും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നതാണ് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി. ഒന്നാം യുപിഎ സർക്കാരിന് പിന്തുണ നൽകിയിരുന്ന ഇടതുപാർട്ടികളുടെ ശക്തമായ സമ്മർദത്തെ തുടർന്നായിരുന്നു 2005ൽ പ്രസ്തുത പദ്ധതി നിലവിൽ വന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം 2005ൽ വിജ്ഞാപനം ചെയ്തു. ഗ്രാമീണ മേഖലയിലെ ഓരോ കുടുംബത്തിനും സാമ്പത്തിക വർഷം കുറഞ്ഞത് 100 ദിവസത്തെ അവിദഗ്ധ തൊഴിൽദിനങ്ങൾ പ്രദാനം ചെയ്യുക അല്ലെങ്കിൽ ഉപജീവനത്തിനുള്ള വേതനം നൽകുക എന്നതായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. അതോടൊപ്പം ഉല്പാദനക്ഷമമായ ആസ്തികൾ സൃഷ്ടിക്കുകയും ലക്ഷ്യമായിരുന്നു. എല്ലാത്തിനുമപ്പുറം ഗ്രാമീണ മേഖലയിലെ വലിയ വിഭാഗത്തിന് തൊഴിൽ ഒരു അവകാശമായി അംഗീകരിച്ചു എന്ന പ്രത്യേകതയും തൊഴിലുറപ്പ് നിയമത്തിലൂടെ സാധ്യമായിരുന്നു. 2006 ഫെബ്രുവരി രണ്ട് മുതൽ ഒന്നാം ഘട്ടമായി 200 ജില്ലകളിലും തുടർന്ന് 2007 ഏപ്രിൽ, 2008 ഏപ്രിൽ എന്നിങ്ങനെ രണ്ടും മൂന്നും ഘട്ടങ്ങളിലായി അവശേഷിക്കുന്ന ജില്ലകളിലേ‌ക്കും വ്യാപിപ്പിച്ച പദ്ധതി 25 കോടിയോളം ഗ്രാമീണർക്ക് വേതന ലഭ്യതയുണ്ടാക്കിയിരുന്നു. പ്രതിവർഷം 100 തൊഴിൽ ദിനങ്ങൾ അല്ലെങ്കിൽ അത്രയും ദിവസത്തെ വേതനം ഉറപ്പാക്കുമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ലെങ്കിലും വലിയൊരു വിഭാഗം ഗ്രാമീണരുടെ ജീവിതത്തെ വളരെയേറെ സഹായിച്ചതായിരുന്നു തൊഴിലുറപ്പ് പദ്ധതി. എന്നാൽ 2014ൽ ബിജെപി അധികാരത്തിലെത്തിയതോടെ ഇതിനെ തകർക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുകയായിരുന്നു ആദ്യം ചെയ്തത്. പിന്നീട് വിവിധ രൂപത്തിലുള്ള സാങ്കേതികത്വങ്ങൾ ഉൾച്ചേർത്ത് തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടു. ഏറ്റവും ഒടുവിൽ പ്രാദേശിക തലങ്ങളിൽ പ്രവൃത്തി നിശ്ചയിക്കുന്നതിന് ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) ആശ്രയിക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. 

2019–20ൽ 60,000 കോടിയും പുതുക്കിയ കണക്ക് പ്രകാരം 71,000 കോടിയുമായിരുന്നു തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതമെങ്കിലും അടുത്തവർഷം (2020–21) വിഹിതമായി നിശ്ചയിച്ചത് 61,500 കോടി രൂപ മാത്രമായിരുന്നു. ആ വർഷത്തെ പുതുക്കിയ കണക്കനുസരിച്ച് 1,11,500 കോടി നിശ്ചയിച്ചു. കോവിഡ് ലോക്ഡൗൺ ഉൾപ്പെടെ ഗ്രാമീണ സമ്പദ്ഘടന തകർന്നു നിൽക്കുന്ന വേളയിൽ തൊഴിലവസരങ്ങൾ അനിവാര്യമായിരുന്ന ഘട്ടമായിരുന്നു അത്. എന്നിട്ടും കോവിഡ് രണ്ടാം തരംഗവും നിയന്ത്രണങ്ങളും വന്ന 2021–22ൽ ബജറ്റ് വിഹിതമായി നീക്കിവച്ചത് 73,000 കോടി രൂപയും മുൻ ബാക്കിയുൾപ്പെടെ അനുവദിച്ചത് 98,000 കോടി രൂപയും. 2022–23ൽ വിഹിതം 73,000 കോടിയിൽത്തന്നെ നിർത്തുകയും അനുവദിച്ച തുക മുൻവർഷത്തെ അപേക്ഷിച്ച് 8,000 കോടി കുറച്ച് 89,400 രൂപയാക്കുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിഹിതമാകട്ടെ നാല് വർഷം മുമ്പുള്ള 60,000 കോടി രൂപയായാണ് നിശ്ചയിച്ചത്. ഇങ്ങനെ ആവശ്യം വർധിക്കുമ്പോഴും വിഹിതം കുറയ്ക്കുന്ന സമീപനമാണ് ബിജെപി സർക്കാർ സ്വീകരിച്ചുപോരുന്നത്. ഇതിന്റെ കൂടെയാണ് ആധാർ അധിഷ്ഠിത ഹാജറും വേതന വിതരണവും നിർബന്ധമാക്കി തൊഴിലാളികളെ പദ്ധതിക്ക് പുറത്താക്കിയത്. കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന ചർച്ചയിൽ നാല് വർഷത്തിനിടെ 10.43 കോടി അംഗങ്ങൾ പദ്ധതിയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട കാര്യം പ്രതിപക്ഷം ഉന്നയിക്കുകയുണ്ടായി. വിഷയത്തിൽ വിശദീകരണം നൽകിയ മന്ത്രി അക്കാര്യം നിഷേധിച്ചില്ലെന്നത് ശ്രദ്ധേയമാണ്. തൊഴിലാളികളെ നീക്കം ചെയ്യുന്നതിൽ സർക്കാരിന് പങ്കില്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു മന്ത്രി ചന്ദ്രശേഖര്‍ പെമ്മസാനി ചെയ്തത്. 

പ്രാദേശിക തലങ്ങളിൽ പ്രവൃത്തി നിശ്ചയിക്കുന്നതിന് ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) നടപ്പിലാക്കുന്നതോടെ കൂടുതൽ പേർക്ക് തൊഴിൽ നഷ്ടം സംഭവിക്കുമെന്ന ആശങ്കയാണ് പുതിയതായി ഉണ്ടായിരിക്കുന്നത്. നിലവിൽ അതാത് സംസ്ഥാനങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ച് നിശ്ചയിച്ചിരിക്കുന്ന പ്രവൃത്തികൾ പുതിയ പരിഷ്കാരത്തോടെ ഇല്ലാതാകുമെന്നാണ് ആശങ്ക. ജിഐഎസിലൂടെ നിശ്ചയിക്കുന്ന പ്രവൃത്തി അതാത് പഞ്ചായത്ത് സംവിധാനങ്ങളുടെ കൂടി അനുമതിയോടെയേ നടപ്പിലാക്കൂ എന്ന് ഉദ്യോഗസ്ഥതലത്തിൽ വിശദീകരിക്കുന്നുണ്ട്. എങ്കിലും അത് എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യം ആധാർ അധിഷ്ഠിത വേതന വിതരണവുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ സംശയാസ്പദമാണ്. സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിന് എന്ന പേരിൽ നടപ്പിലാക്കിയ ആധാർ അധിഷ്ഠിത നടപടിയിലൂടെയാണ് 10 കോടിയിലധികം പേർ പുറത്താക്കപ്പെട്ടത്. ഇനി ജിഐഎസ് കൂടി നടപ്പിലാക്കുന്നത് കൂടുതൽ പേരെ ഒഴിവാക്കാനാണെന്ന ആശങ്ക ബലപ്പെടുന്നത് ഇവിടെയാണ്. ഫലത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ നിശബ്ദ മരണത്തിനാണ് നരേന്ദ്ര മോഡി സർക്കാർ വഴിയൊരുക്കുന്നത്. 

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.