സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ ഇന്നലെ നടന്ന ചര്‍ച്ച പരാജയം. കേരളം ആവശ്യപ്പെട്ട 19,000 കോടി രൂപ കൂടി കടമെടുക്കാന്‍ അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്രം നിലപാടെടുത്തതോടെ ചര്‍ച്ച ഫലം കാണാതെ പിരിയുകയാണുണ്ടായത്.
സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് കേരളവും കേന്ദ്രവും തമ്മില്‍ ഇന്നലെ ചര്‍ച്ച നടന്നത്.
കേരളം നല്‍കിയ സ്യൂട്ട് ഹര്‍ജി പരിഗണിച്ചാണ് ചര്‍ച്ചകള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ കേരളം തിങ്കളാഴ്ച കോടതിയെ അറിയിക്കും. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിക്കുള്ളില്‍ നിന്ന് താല്‍ക്കാലികമായി അധിക വായ്പയ്ക്കുള്ള അനുമതിയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടതെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം സംസ്ഥാന ചീഫ് സെക്രട്ടറി വി വേണു പറഞ്ഞു.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍, ഫിനാന്‍സ് റിസോഴ്‌സസ് എഎസ് ആന്റ് ഒഎസ് ഡി മിര്‍ മുഹമ്മദ് അലി, കേന്ദ്ര ധനകാര്യവകുപ്പ് സെക്രട്ടറി ആന്റ് സെക്രട്ടറി എക്സ്പെന്‍ഡിച്ചര്‍ ടി വി സോമനാഥന്‍ എന്നിവരാണ് ചര്‍ച്ചകളില്‍ പ്രതിനിധീകരിച്ചത്.
നേരത്തെ, കേരളത്തിന് 13,600 കോടി കടമെടുക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഇതോടെ ഇടക്കാല ഉത്തരവില്ലാതെ തന്നെ കേരളത്തിന് 13,600 കോടി കടമെടുക്കാന്‍ അനുവദിക്കാമെന്ന് കേന്ദ്രം സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഈ തുക കൊണ്ട് പ്രതിസന്ധി തീരില്ലെന്ന് അറിയിച്ച കേരളം 15,000 കോടി കൂടി വായ്പയെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ചര്‍ച്ച നടത്താനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഇതനുസരിച്ചുള്ള ചര്‍ച്ചയാണ് ഇന്നലെ നടന്നത്. അധികതുക അനുവദിക്കണമെന്ന ആവശ്യത്തോട് കേന്ദ്രം മുഖം തിരിച്ചതോടെ കേരളം വീണ്ടും നിയമപരമായ നടപടികളിലേക്ക് നീങ്ങും. അതേസമയം കടമെടുപ്പ് പരിധിയിൽ സുപ്രീം കോടതി ഇടപെടരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
English Summary: Center-kerala government talks on borrowing limit failed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.