18 January 2026, Sunday

Related news

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യുന്നതിനെ എതിര്‍ത്ത് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
April 25, 2025 10:48 pm

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്രം. നിയമം മുഴുവനായോ ഭാഗികമായോ സ്റ്റേ ചെയ്യുന്നതിനെ സത്യവാങ്മൂലത്തില്‍ എതിര്‍ക്കുന്നു.

സ്വത്തുക്കളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട മതേതര വശം നിയന്ത്രിക്കുന്നതിനു വേണ്ടി മാത്രമാണ് ഭേദഗതികള്‍ എന്നും ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ പ്രകാരം ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമല്ലെന്നും ന്യൂനപക്ഷകാര്യ മന്ത്രാലയം സത്യവാങ്മൂലത്തില്‍ പറയുന്നു. നടപടിക്രമ പരിഷ്കാരങ്ങള്‍, ഭരണപരമായ ഘടന, മാനേജ്‌മെന്റ് തുടങ്ങിയ കാര്യങ്ങളിലാണ് നിയമം ബാധകമാകുക. ആചാരങ്ങള്‍, പ്രാര്‍ത്ഥനകള്‍, മതപരമായ ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലെന്നും കേന്ദ്രം പറയുന്നു. 

ഉപയോഗത്തിലൂടെ വഖഫ് ആയ എന്നത് ഭേദഗതിയില്‍ നിന്ന് ഒഴിവാക്കുന്നത് രജിസ്റ്റര്‍ ചെയ്ത നിലവിലുള്ള വഖഫ് ഭൂമികളെ ബാധിക്കില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും പ്രത്യേക ആധാരങ്ങളില്ലാത്തതുമായ വഖഫ് ഭൂമികളെ ഈ ഒഴിവാക്കല്‍ ബാധിക്കുമെന്ന് ‘തെറ്റായ പ്രചരണം’ ആണ്. സെക്ഷന്‍ 3(1)® ലെ വ്യവസ്ഥ പ്രകാരം, നിലവിലുള്ള ‘ഉപയോഗത്തിലൂടെ വഖഫ്’ ഭൂമികള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന് ഒരു രേഖയും ഹാജരാക്കേണ്ടതില്ല. 

വഖഫ് ഭൂമികളുടെ രജിസ്ട്രേഷന്‍ എന്നത് പുതിയ വ്യവസ്ഥയല്ല. 1923ല്‍ മുസല്‍മാന്‍ വഖഫ് നിയമം നടപ്പിലാക്കിയതു മുതല്‍ നൂറുവര്‍ഷമായി ഈ വ്യവസ്ഥ നിലവിലുണ്ട്. 1954ലെയും 1995ലെയും വഖഫ് നിയമത്തിലും സമാനമായ ഒരു ഉത്തരവ് ഉണ്ടായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നിയമം നിര്‍മ്മിച്ചിരിക്കുന്നത്. തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിപുലമായ ചര്‍ച്ച നടന്നു. പാര്‍ലമെന്റ് നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്ക് ഭരണഘടനാപരമായി ഒരു അനുമാനം ബാധകമാണെങ്കിലും ഒരു ഇടക്കാല സ്റ്റേ എന്നത് തത്വത്തില്‍ അംഗീകരിക്കാനാവില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ സുപ്രീം കോടതിക്ക് അധികാരമുണ്ടെങ്കിലും നിയമത്തിന്റെ സ്റ്റേ പാര്‍ലമെന്റിലേക്കുള്ള ജുഡീഷ്യറിയുടെ കടന്നു കയറ്റമായിരിക്കുമെന്നും കേന്ദ്രം വാദിക്കുന്നു. മേയ് മൂന്നിന് കേസ് വീണ്ടും പരിഗണിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.