കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള ശത്രുതാപരമായ നിലപാടിനെ സിപിഐ സംസ്ഥാന കൗണ്‍സില്‍ അപലപിച്ചു. ചൂരല്‍മല ദുരന്തത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട പ്രകാരമുള്ള ധനസഹായം അടിയന്തരമായി അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ ഭയാനകമായ ഉരുള്‍പൊട്ടലിനെ തുര്‍ന്ന് ദുരന്തബാധിതരെ രക്ഷപ്പെടുത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി അന്തസാേടെ സംസ്കാരം ഉറപ്പുവരുത്തുന്നതിമെല്ലാം സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കേരള സര്‍ക്കാര്‍ നടത്തിയത്. കക്ഷിരാഷ്ട്രീയ ജാതിമത ഭേദമന്യേ എല്ലാവരെയും കൂട്ടിയോജിപ്പിച്ചും സര്‍ക്കാര്‍ വകുപ്പുകളെയും സന്നദ്ധപ്രവര്‍ത്തകരെയും ഏകോപിപ്പിച്ചും നിര്‍വഹിച്ച ഈ യത്നം അതിശയത്തോടെയും ആദരവോടെയുമാണ് രാജ്യവും ലോകവും ദര്‍ശിച്ചത്. ആര്‍ക്കും ഒരു കുറവും വരാത്ത വിധത്തില്‍ നടത്തിയ ഈ പ്രവര്‍ത്തനങ്ങളില്‍ എല്ലാ മനുഷ്യസ്നേഹികളും ഒരുമിച്ചു.
രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിക്കുകയും അനുഭാവപൂര്‍ണമായ സമീപനം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ മറ്റെല്ലാ കാര്യങ്ങളിലും എന്നതുപോലെ സംസ്ഥാനത്തോട് ശത്രുതാപരമായ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ അനുഭാവപ്രകടനം ആത്മാര്‍ത്ഥതയോടെയായിരുന്നില്ലെന്നും ഇപ്പോള്‍ വ്യക്തമാവുകയാണ്. ഇതിന് അടിവരയിടുന്നതാണ് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങള്‍. ധന സഹായം സംബന്ധിച്ച് ഒക്ടോബര്‍ 18നകം തീരുമാനമറിയിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തുക. അടുത്തു ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം പ്രക്ഷോഭ തീയതി തീരുമാനിക്കും. 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം 2025 സെപ്റ്റംബറില്‍ ആലപ്പുഴയില്‍ നടത്തും. ജനുവരി, ഫെബ്രുവരി മാസത്തില്‍ ബ്രാഞ്ച് സമ്മേളനങ്ങളും തുടര്‍ന്ന് ലോക്കല്‍, മണ്ഡലം, ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയാക്കും.
സംസ്ഥാനത്ത് നടക്കാനിരിക്കുന്ന വയനാട് ലോക്‌സഭ, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് സജ്ജമാകാന്‍ യോഗം ആഹ്വാനം ചെയ്തു. ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സന്തോഷ് കുമാര്‍ എംപി (വയനാട്), കെ പി രാജേന്ദ്രന്‍ (പാലക്കാട്), റവന്യു മന്ത്രി കെ രാജന്‍ (ചേലക്കര) എന്നിവര്‍ക്ക് മണ്ഡലം ചുമതല നല്‍കുവാനും തീരുമാനിച്ചു. കഴിഞ്ഞ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അഗീകരിച്ച സമീപന രേഖയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള പെരുമാറ്റച്ചട്ടം നടപ്പിലാക്കണമെന്ന് സംസ്ഥാന കൗണ്‍സില്‍ നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് നിലവിലുള്ള രേഖ പരിഷ്കരിക്കുന്നതിനായി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സത്യന്‍ മൊകേരി, ആര്‍ രാജേന്ദ്രന്‍ എന്നിവരടങ്ങിയ സബ്കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. രണ്ടു ദിവസങ്ങളിലായി ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ആര്‍ രാജേന്ദ്രന്‍ അധ്യക്ഷനായി. സെക്രട്ടറി ബിനോയ് വിശ്വം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഡി രാജ ദേശീയ എക്സിക്യൂട്ടീവ് തീരുമാനങ്ങള്‍ വിശദീകരിച്ചു.
ഗവര്‍ണര്‍ അതിരുവിടുന്നു
ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കുന്നതിനു വേണ്ടി നിര്‍ലജ്ജമായി രംഗത്തിറങ്ങിയിരിക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനാ ധാര്‍മ്മികതയുടെയും ജനാധിപത്യ മര്യാദകളുടെയും എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്ന് കൗണ്‍സില്‍ അംഗീകരിച്ച മറ്റൊരു പ്രമേയത്തില്‍ വ്യക്തമാക്കി. ഗവര്‍ണര്‍ പദവി തന്നെ അനാവശ്യമാണെന്ന പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട് അടിവരയിടുന്നതാണ് ആരിഫ് മുഹമ്മദ് ഖാന്റെ നടപടികളെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.