29 January 2026, Thursday

Related news

January 29, 2026
January 29, 2026
January 21, 2026
December 30, 2025
November 4, 2025
November 2, 2025
November 1, 2025
November 1, 2025
October 8, 2025
June 17, 2025

കേരളത്തിന്റെ ദാരിദ്ര്യ നിർമ്മാർജന മാതൃകയ്ക്കും കൊച്ചി വാട്ടർ മെട്രോയ്ക്കും കേന്ദ്രത്തിന്റെ പ്രശംസ

Janayugom Webdesk
ന്യൂഡല്‍ഹി
January 29, 2026 9:24 pm

കേരളം നടപ്പിലാക്കിയ മാതൃകാപരമായ ദാരിദ്ര്യ നിർമ്മാർജന പദ്ധതികളെയും കൊച്ചി വാട്ടർ മെട്രോയെയും പ്രശംസിച്ച് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് കേരളത്തിന്റെ നേട്ടങ്ങൾ എടുത്തുപറയുന്നത്. സേവനങ്ങളും അവകാശങ്ങളും സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുന്നതിൽ കുടുംബശ്രീ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ എന്നിവർ നടത്തുന്ന ഇടപെടലുകൾ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു. അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് എത്തിക്കാൻ കേരളം നടപ്പിലാക്കിയ സമഗ്രമായ രീതികളെ സർവേ പ്രകീർത്തിച്ചു. പ്രാദേശിക സർക്കാരുകളുടെ നേതൃത്വത്തിൽ മുൻനിര പ്രവർത്തകരുടെ സഹായത്തോടെ വിപുലമായ ജനകീയ പങ്കാളിത്തം ഉറപ്പാക്കിയതാണ് ഈ വിജയത്തിന് പിന്നിലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഓരോ കുടുംബത്തിനും പ്രത്യേകമായി ‘മൈക്രോ പ്ലാനുകൾ’ തയ്യാറാക്കി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന രീതി സവിശേഷമാണ്. സേവന വിതരണം കാര്യക്ഷമമാക്കാൻ നടപ്പിലാക്കിയ ഡിജിറ്റൽ ട്രാക്കിങ്, നിരീക്ഷണ സംവിധാനങ്ങൾ എന്നിവയെയും റിപ്പോർട്ട് പ്രശംസിക്കുന്നു. ആധാർ, റേഷൻ കാർഡ്, യുഡിഐഡി തുടങ്ങിയവ വഴി ഇൻഷുറൻസ്, പെൻഷൻ, ആരോഗ്യ സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ ഉറപ്പാക്കാൻ കേരളത്തിന് സാധിച്ചുവെന്നും സര്‍വേയിലുണ്ട്.

രാജ്യത്തെ സുസ്ഥിര നഗര ഗതാഗതത്തിന് കൊച്ചി വാട്ടർ മെട്രോ ഒരു മികച്ച മാതൃകയാണെന്നും സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉൾനാടൻ ജലഗതാഗത രംഗത്ത് പുതിയ വിപ്ലവമാണ് പദ്ധതി സൃഷ്ടിച്ചത്. കൊച്ചിയിലെ വിവിധ ദ്വീപുകളിൽ താമസിക്കുന്നവർക്ക് നഗരത്തിലേക്ക് കുറഞ്ഞ ചിലവിൽ വേഗത്തിൽ എത്താൻ വാട്ടർ മെട്രോ വഴി സാധിച്ചു. 15 റൂട്ടുകളിലായി 78 കിലോമീറ്റർ ദൂരപരിധിയിലാണ് വാട്ടർ മെട്രോ സർവീസ് വിഭാവനം ചെയ്തിരിക്കുന്നത്. കേരള സർക്കാരിന് 74 % ഓഹരി പങ്കാളിത്തമുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ വഴിയാണ് പദ്ധതി നടപ്പിലാക്കിയത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡാണ് ബാക്കി മൂലധനം നിക്ഷേപിച്ചത്. അടിസ്ഥാന ഭക്ഷണവും വൈദ്യസഹായവും ഉറപ്പാക്കുന്നതിനൊപ്പം ദീർഘകാലാടിസ്ഥാനത്തിൽ ജനങ്ങളെ സ്വാശ്രയരാക്കാൻ കേരളം സ്വീകരിച്ച വികേന്ദ്രീകൃത ഭരണരീതി മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും സാമ്പത്തിക സർവേ റിപ്പോർട്ട് എടുത്തുപറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.