7 January 2025, Tuesday
KSFE Galaxy Chits Banner 2

ബിഎസ്എന്‍എന്‍, എംടിഎന്‍എല്‍ ആസ്തികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
November 21, 2021 10:44 pm

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലികോം കമ്പനികളായ ബിഎസ്എന്‍എല്‍ ന്റെയും, എംടിഎന്‍എല്‍ ന്റെയും ആസ്തികൾ വിറ്റഴിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ബിഎസ്എന്‍എല്ലിന്റേയും എംടിഎന്‍എല്ലിന്റേയും ആറ് ആസ്തികളാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. നിക്ഷേപ, പൊതു ആസ്തി മാനേജ്‌മെന്റ് വകുപ്പ് ഇവ ഏറ്റെടുക്കാന്‍ താല്പര്യപത്രം ക്ഷണിച്ച് വെബ്‌സൈറ്റില്‍ അറിയിപ്പു നല്‍കി. പ്രധാനമല്ലാത്ത ആസ്തികള്‍ വിറ്റ് പണമാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വില്പന. 2019 ഒക്ടോബറിൽ സർക്കാർ അംഗീകരിച്ച എംടിഎന്‍എല്‍, ബിഎസ്എന്‍എല്‍ എന്നിവയുടെ 69,000 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ധനം സമാഹരിക്കാനാണ് ആസ്തികൾ വിൽക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

970 കോടിയോളം രൂപയുടെ ആസ്തിയാണ് വിറ്റഴിക്കുക. ബിഎസ്എന്‍എലിന്റെ 660 കോടി രൂപയോളം മൂല്യമുള്ള ഹൈദരാബാദ്, ചണ്ഡീഗഡ്, ഭാവ്‌നഗർ, കൊൽക്കത്ത എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ആസ്തികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.310 കോടിരൂപയ്ക്കാണ് എംടിഎന്‍എലിന്റെ മുംബൈയിലെ ആസ്തികൾ വില്പനക്കായി ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഓഷിവാരയിൽ സ്ഥിതിചെയ്യുന്ന എംടിഎൻഎല്ലിന്റെ 20 ഫ്ലാറ്റുകളും വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട്. 52.26 ലക്ഷം മുതല്‍ 1.59 കോടി വരെയാണ് ഇവയുടെ കരുതല്‍ വില.എംടിഎൻഎൽ ആസ്തികൾക്കായുള്ള ഇ‑ലേലം ഡിസംബർ 14നാണ് നടക്കുക. 

ആസ്തി കൈമാറ്റത്തിലൂടെ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ആറു ലക്ഷം കോടി രൂപയുടെ ധനസമ്പാദന പദ്ധതിയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സിതാരാമന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. റോഡുകള്‍, പവര്‍ ട്രാന്‍സ്മിഷന്‍, ഉല്പാദനം, ഗ്യാസ് പൈപ്പ് ലൈനുകള്‍, വെയര്‍ഹൗസിംഗ്, റെയില്‍വേ, ടെലികോം, 25 വിമാനത്താവളങ്ങള്‍, ഒമ്പത് പ്രധാന തുറമുഖങ്ങളിലെ 31 പദ്ധതികള്‍, കല്‍ക്കരി, ധാതു ഖനനം, സ്‌പോര്‍ട്‌സ് സ്റ്റേഡിയം തുടങ്ങിയവയെല്ലാം സ്വകാര്യ മേഖലയ്ക്ക് തുറന്ന് നല്‍കുന്നതാണ് പദ്ധതി. നേരത്തെ എയര്‍ ഇന്ത്യയെ ടാറ്റായ്ക്ക് കൈമാറിയിരുന്നു.
eng­lish summary;Center ready to sell BSNN and MTNL assets
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.