22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 9, 2024
October 18, 2024
July 12, 2024
June 30, 2024
March 27, 2024
March 21, 2024
March 21, 2024
March 21, 2024

വന്ദേഭാരതിനെ തെരഞ്ഞെടുപ്പ് ആയുധമാക്കാന്‍ കേന്ദ്രം

ബേബി ആലുവ
കൊച്ചി
July 14, 2023 8:07 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയമുറപ്പിക്കാൻ വന്ദേ ഭാരത് ട്രെയിൻ മുഖ്യ വിഷയമാക്കി പ്രചാരണം കൊഴുപ്പിക്കാൻ ദൂരദർശനും റെയിൽവേക്കും കേന്ദ്ര നിർദ്ദേശം. തെരഞ്ഞെടുപ്പ് വരെ നരേന്ദ്ര മോദി സർക്കാരിന്റെ വൻ നേട്ടമായി ഉയർത്തിക്കാട്ടി വിഷയം സജീവമായി നിലനിർത്താനാണ് നിർദ്ദേശമെന്നാണ് റിപ്പോർട്ടുകൾ. സർക്കാരിന്റെ അപചയങ്ങളിലേക്ക് ജനശ്രദ്ധ തിരിയാത്ത വിധം വന്ദേ ഭാരത് ട്രെയിനെക്കുറിച്ചുള്ള പ്രത്യേക പരിപാടികൾ തുടർച്ചയായി സംപ്രേഷണം ചെയ്യാനാണ് ദൂരദർശനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള സ്ത്രീകൾക്ക് പാചക വാതക സിലിണ്ടറുകൾ വിതരണം ചെയ്യുന്നത് വ്യാപകമായി പ്രചാരണത്തിന് പ്രയോഗിച്ച അതേ ശൈലിയിലാവണം വന്ദേ ഭാരതും കൈകാര്യം ചെയ്യേണ്ടതെന്നാണ് നിർദ്ദേശം.
റയിൽവേയാണെങ്കിൽ ഭരണക്കാരുടെ മനം കണ്ടറിഞ്ഞ് കാലേക്കൂട്ടിത്തന്നെ, നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയുടെ സാക്ഷാത്കാരമായി വന്ദേ ഭാരതിനെ അവതരിപ്പിക്കാൻ തുടങ്ങിയിരുന്നു. പക്ഷേ, ഇതിനിടെ സംഭവിച്ച ബാലസോർ തീവണ്ടി ദുരന്തം പ്രതീക്ഷിക്കാത്ത തിരിച്ചടിയേല്പിച്ചു. ദുരന്തത്തിന് പിന്നാലെ രാജ്യം റയിൽവേക്കെതിരെ തിരിഞ്ഞതോടെ പ്രചാരണം താത്കാലികമായി നിർത്തി റയിൽവേ തല വലിച്ചു. എന്നാൽ, നിർത്തിയ പ്രചാരണം അടിയന്തരമായി പുനരാരംഭിക്കാനാണ് ഇപ്പോഴത്ത കേന്ദ്ര നിർദ്ദേശം. രാജ്യത്ത് 23 വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ഫ്ലാഗ് ഓഫ് ചടങ്ങുകളൊക്കെ വലിയ തുക ചെലവഴിച്ച് മാമാങ്കമായാണ് റയിൽവേ സംഘടിപ്പിച്ചത്. കേരളത്തിൽ ഏപ്രിലിൽ നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജുമെന്റ് കമ്പനിക്കു മാത്രം റയിൽവേ ഒന്നരക്കോടിയോളം രൂപ നൽകിയതിനെതിരെ ഉയർന്ന ആക്ഷേപം ഇപ്പോഴും അവസാനിച്ചിട്ടില്ല.
ലോക്സഭയിലേക്കും ഈ വർഷം നടക്കുന്ന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട്, ജീവനക്കാരുടെ പെൻഷൻ പദ്ധതി പരിഷ്കരിക്കാനും കേന്ദ്രം തന്ത്രം മെനയുന്നതായാണ് വിവരം. അതുവഴി ജീവനക്കാരെ ഒപ്പം നിർത്താനാവുമെന്നാണ് കണക്കുകൂട്ടൽ. നിലവിലെ ദേശീയ പെൻഷൻ പദ്ധതി(എൻപിഎസ് )ക്കെതിരെ വ്യാപകമായി ഉയർന്നിട്ടുള്ള പ്രതിഷേധം തണുപ്പിക്കാനും, അധികാരത്തിലെത്തിയാൽ പഴയ പെൻഷൻ പദ്ധതി പുന: സ്ഥാപിക്കുമെന്ന കോൺഗ്രസിന്റെ വാഗ്ദാനത്തെ മറികടക്കാനുമാണ് കേന്ദ്ര നീക്കം. ഈ വാഗ്ദാനം ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ടുവയ്ക്കുകയും അധികാരത്തിലെത്തിയപ്പോൾ നിറവേറ്റുകയും ചെയ്ത അനുഭവമാണ് കേന്ദ്രത്തെ എൻ പി എസ് പരിഷ്കരണ തന്ത്രത്തിന് പ്രേരിപ്പിച്ചിട്ടുള്ളത്. എന്നാൽ, പദ്ധതി പരിഷ്കരിച്ചാലും ജീവനക്കാരുടെ വിഹിതം ഒഴിവാകുകയില്ല എന്ന വസ്തുത പരിഷ്കരണത്തിനു പിന്നിലെ അജണ്ട വെളിപ്പെടുത്തുന്നുണ്ട്.

eng­lish summary;Center to make Van­deb­harat an elec­tion weapon

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.