
രാജ്യത്തെ സ്മാർട്ട്ഫോൺ സുരക്ഷാ മാനദണ്ഡങ്ങളിൽ വൻ അഴിച്ചുപണിക്കൊരുങ്ങി കേന്ദ്ര സർക്കാർ. സുരക്ഷാ പരിശോധനകളുടെ ഭാഗമായി സ്മാർട്ട്ഫോണുകളുടെ ‘സോഴ്സ് കോഡ്’ സർക്കാരുമായി പങ്കുവയ്ക്കണമെന്ന നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാൽ, ആഗോളതലത്തിൽ തന്നെ ഇത്തരം കീഴ്‌വഴക്കങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ആപ്പിൾ, സാംസങ്ങ്, ഗൂഗിൾ തുടങ്ങിയ പ്രമുഖ കമ്പനികൾ ഇതിനെതിരെ രംഗത്തെത്തി.
രാജ്യത്ത് വര്‍ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകളും വിവരച്ചോർച്ചയും തടയാൻ 83 പുതിയ സുരക്ഷാ മാനദണ്ഡങ്ങളാണ് ഐടി മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. ഫോണുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന അടിസ്ഥാന പ്രോഗ്രാമിങ് കോഡുകൾ സർക്കാർ ലാബുകളിൽ പരിശോധനയ്ക്കായി നൽകണം, ഫോണുകളിൽ നിർമ്മാതാക്കൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ ഉപയോക്താക്കൾക്ക് ആവശ്യമില്ലെങ്കിൽ നീക്കം ചെയ്യാൻ സാധിക്കണം, പശ്ചാത്തലത്തിൽ ആപ്പുകൾ കാമറയോ മൈക്രോഫോണോ ഉപയോഗിക്കുന്നത് തടയുന്ന തരത്തിൽ സോഫ്റ്റ്‌വേറിൽ മാറ്റം വരുത്തണം, പ്രധാന സോഫ്റ്റ്‌വേർ അപ്ഡേറ്റുകൾ പുറത്തിറക്കുന്നതിന് മുൻപ് നാഷണൽ സെന്റർ ഫോർ കമ്മ്യൂണിക്കേഷൻ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും അനുമതി വാങ്ങുകയും വേണം, ഫോണിലെ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ രേഖകൾ കുറഞ്ഞത് ഒരു വർഷമെങ്കിലും ഉപകരണത്തിൽ തന്നെ സൂക്ഷിക്കണം തുടങ്ങിയവ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
സോഴ്സ് കോഡ് പുറത്തുവിടുന്നത് കമ്പനികളുടെ വ്യാപാര രഹസ്യങ്ങളെയും ഉപയോക്താക്കളുടെ സ്വകാര്യതയെയും ബാധിക്കുമെന്ന് സ്മാർട്ട്ഫോൺ നിർമ്മാതാക്കളുടെ സംഘടനയായ ‘മേയ്റ്റ്’ വ്യക്തമാക്കി. മുൻപ് ചൈന ഇത്തരം ആവശ്യം ഉന്നയിച്ചപ്പോൾ ആപ്പിൾ അത് നിരസിച്ചിരുന്നു. എല്ലാ അപ്ഡേറ്റുകൾക്കും സർക്കാർ അനുമതി തേടുന്നത് പ്രായോഗികമല്ലെന്നും, ലോഗുകൾ ഒരു വർഷം സൂക്ഷിക്കാൻ ഫോണുകളിൽ മതിയായ സ്ഥലമില്ലെന്നും കമ്പനികൾ വാദിക്കുന്നു. നിരന്തരമായ വൈറസ് സ്കാനിങ് ഫോണിന്റെ ബാറ്ററിയെ ദോഷകരമായി ബാധിക്കുമെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. നിലവിൽ 75 കോടിയോളം സ്മാർട്ട്ഫോൺ ഉപയോക്താക്കളുള്ള ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ വിപണിയാണ്. നേരത്തെ സര്‍ക്കാരിന്റെ സഞ്ചാര്‍ സാഥി ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിര്‍ദേശം ഏറെ വിവാദമായിരുന്നു. പൗരന്മാരെ നിരീക്ഷണത്തിലാക്കുന്നതിന് വേണ്ടിയുള്ള നീക്കമാണെന്ന എതിര്‍പ്പുയര്‍ന്നതോടെ ഇതില്‍ നിന്നും കേന്ദ്രം പിന്തിരിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഫോണുകളുടെ സോഴ്സ് കോഡ് കൈമാറണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.