
ഓരോ ദിവസവും ഓരോ പുതിയ വിലക്കുകൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാരിനെ ശ്വാസംമുട്ടിക്കാൻ ബിജെപിയും കേന്ദ്രവും കിണഞ്ഞു പരിശ്രമിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കാരണം അവർ സംസ്ഥാന ഭരണത്തെയും ഇടതുപക്ഷത്തെയും ഭയക്കുന്നു. കാനം രാജേന്ദ്രൻ നഗറിൽ (വൈക്കം ബോട്ടു ജെട്ടി മൈതാനം) കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്ഭവനെ ബിജെപി അവരുടെ ഓഫിസാക്കുകയാണ്. ചില മതങ്ങളെ വിശ്വസിക്കാൻ പാടില്ലെന്നാണ് അവര്‍ പറയുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ഒന്നാം നമ്പർ ശത്രുവാണ് ബിജെപി. ഇന്ത്യ ദശാബ്ദങ്ങൾ സ്വാതന്ത്ര്യത്തിനായി പടവെട്ടിയപ്പോൾ അന്നൊന്നും ഇക്കൂട്ടരെ കണ്ടിട്ടില്ല. ഒരു കാണിയായി പോലും എത്തിനോക്കിയില്ല ആർഎസ്എസ്. മോഡിക്കും അമിത് ഷായ്ക്കും വഴികാട്ടി വിചാരധാരയാണ്. രാജ്യത്തിനകത്തെ ശത്രുക്കളാണ് അവർക്ക് ക്രിസ്ത്യൻ, മുസ്ലിം, കമ്മ്യൂണിസ്റ്റ് വിഭാഗങ്ങൾ.
വെള്ളം കുടിക്കാതെ കൊല്ലപ്പെട്ട സ്റ്റാൻസ്വാമിമാർ ഇനിയും ആവർത്തിച്ചേക്കാം. ഛത്തീസ്ഗഢിലെ പെൺകുട്ടികൾക്ക് തുണയായത് ചെങ്കൊടിയാണ്. രക്ഷ തേടുന്നവർ ചെങ്കൊടിയുടെ തണൽ എവിടെയുണ്ടെന്നാണ് അന്വേഷിക്കുന്നത്. ആ വെളിച്ചത്തിന് തെളിച്ചം കൂട്ടാനാണ് സിപിഐ പ്രയത്നിക്കുന്നത്. അത് തല്ലിക്കെടുത്താൻ ആരെയും അനുവദിക്കില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ജില്ലാ സെക്രട്ടറി വി ബി ബിനു അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി കെ ശശിധരൻ, ആർ രാജേന്ദ്രൻ, ടി വി ബാലൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ സുശീലൻ, പി കെ കൃഷ്ണൻ, വി കെ സന്തോഷ് കുമാർ, ഒ പി എ സലാം. ലീനമ്മ ഉദയകുമാർ, ശുഭേഷ് സുധാകരൻ, സി കെ ആശ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗർ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ജോൺ വി ജോസഫ്, മോഹൻ ചെന്നംകുളം, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ അജിത്, തോമസ് വി ടി, കെ മാധവൻ പിള്ള, ബിനു ബോസ്, ബാബു കെ ജോർജ്, ഇ എൻ ദാസപ്പൻ, സാബു പി മണലോടി തുടങ്ങിയവർ പ്രസംഗിച്ചു. എം ഡി ബാബുരാജ് സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ ദേശീയ എക്സിക്യുട്ടീവംഗം പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നടക്കുന്ന പാര്‍ട്ടി ശതാബ്ദി സമ്മേളനം കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. 10ന് ജില്ലാ സമ്മേളനം സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.